പരീക്ഷാ പരിഷ്‌കാര നടപടികള്‍ക്ക് ഈ വര്‍ഷം തന്നെ തുടക്കമിടാന്‍ തീരുമാനിച്ച് കേരള പി.എസ്.സി.. അപേക്ഷകര്‍ കൂടുതലുള്ള പ്രധാന തസ്തികകള്‍ക്ക് ഇനി രണ്ടുഘട്ട പരീക്ഷകളുണ്ടാകും. പ്രാഥമികപരീക്ഷ എലിമിനേഷന്‍ മാതൃകയിലായിരിക്കും. അത് ഒ.എം.ആര്‍. രീതിയിലാണ് നടത്തുക. നിശ്ചിത മാര്‍ക്ക് വാങ്ങി വിജയിക്കുന്നവര്‍ക്ക് മാത്രമാണ് രണ്ടാമത്തെ പരീക്ഷ. മുഖ്യപരീക്ഷയ്ക്ക് സംവരണവിഭാഗങ്ങളില്‍നിന്നുള്ളവരുടെ പങ്കാളിത്തം ഉറപ്പാക്കും. പ്രാഥമികപരീക്ഷയ്ക്ക് സംവരണവിഭാഗക്കാര്‍ക്ക് കട്ട് ഓഫ് മാര്‍ക്കില്‍ ഇളവ് അനുവദിച്ച് പ്രത്യേകം പട്ടിക തയ്യാറാക്കും. മുഖ്യപരീക്ഷയുടെ മാര്‍ക്കായിരിക്കും റാങ്ക് നിര്‍ണയത്തിന് പ്രധാനമായും പരിഗണിക്കുന്നത്. അഭിമുഖം ഉള്ള തസ്തികകള്‍ക്ക് അതിന്റ മാര്‍ക്ക് കൂടി റാങ്ക് നിര്‍ണയിക്കാന്‍ പരിഗണിക്കും. പ്രാഥമികപരീക്ഷയുടെ മാര്‍ക്ക് റാങ്കിങ്ങിന് ഉപയോഗിക്കില്ല. യോഗ്യതയനുസരിച്ച് തസ്തികകള്‍ ഏകീകരിക്കുന്നതിനുള്ള നടപടികള്‍ കമ്മിഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇങ്ങനെ ഏകീകരിച്ച തസ്തികകള്‍ക്കാണ് പൊതുവായി പ്രാഥമിക പരീക്ഷ നടത്തുന്നത്. പൊതുവിജ്ഞാനത്തെ അടിസ്ഥാനമാക്കിയായിരിക്കും ആദ്യ പരീക്ഷ. മുഖ്യപരീക്ഷയുടെ പാഠ്യപദ്ധതിയില്‍ തസ്തികയ്ക്കനുസരിച്ച് വ്യത്യാസമുണ്ടാകും. ചിലതിന് വിവരണാത്മകപരീക്ഷ വേണ്ടിവരും. ഇക്കാര്യങ്ങളില്‍ അതത് സമയത്ത് യോജിച്ച തീരുമാനം പി.എസ്.സി. കൈക്കൊള്ളും. പൊതുവിജ്ഞാനത്തിലെ മാത്രം മികവനുസരിച്ച് സര്‍ക്കാര്‍ ജോലി ലഭിക്കുന്ന സമ്പ്രദായത്തിന് മാറ്റം വരുത്തുന്നതിനും ഇതിലൂടെ പി.എസ്.സി. ലക്ഷ്യമിടുന്നുണ്ട്. ഈ വര്‍ഷം ഇതിന് തുടക്കമിടുമെങ്കിലും ഏത് തസ്തിക മുതല്‍ നടപ്പാക്കണമെന്ന് തീരുമാനിച്ചിട്ടില്ല. അപേക്ഷകള്‍ പെരുകുന്നതും പരീക്ഷകള്‍ നടത്താനാകാതെ വരുന്നതും പി.എസ്.സിക്ക് വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. നിലവില്‍ എസ്.എസ്.എല്‍.സി. യോഗ്യതയുള്ള വിവിധ തസ്തികകള്‍ക്കായി 48 ലക്ഷം അപേക്ഷകളാണ് പി.എസ്.സിയിലുള്ളത്. ഇതില്‍ ഭൂരിഭാഗം പേരും പൊതു അപേക്ഷകരാണ്. തസ്തിക പരിഗണിക്കാതെ അപേക്ഷകരെ ഏകീകരിച്ചപ്പോള്‍ എണ്ണം 21 ലക്ഷമായി കുറഞ്ഞു. ഈ 21 ലക്ഷം പേര്‍ക്കായിരിക്കും ഏകീകൃത പ്രാഥമികപരീക്ഷ നടത്തുന്നത്. അതിലൂടെ പരീക്ഷ നടത്തുന്ന ചെലവ് കുറയ്ക്കാനാകും. ബിരുദതല പരീക്ഷകള്‍ക്ക് മലയാളത്തിലും ചോദ്യം ബിരുദം യോഗ്യതയുള്ള തസ്തികയുടെ പരീക്ഷകള്‍ക്കും ഇനിമുതല്‍ മലയാളത്തില്‍ ചോദ്യം ലഭിക്കും. ഇപ്പോഴുള്ളതുപോലെ ഇംഗ്ലീഷ് ചോദ്യങ്ങളും ഒപ്പം മലയാളം/തമിഴ്/കന്നഡ ഭാഷകളിലും ചോദ്യങ്ങള്‍ നല്‍കാനാണ് പി.എസ്.സി. തീരുമാനിച്ചത്. ഏത് ഭാഷയിലെ ചോദ്യം വേണമെന്ന് പരീക്ഷയ്ക്ക് മുന്‍പ് ഉദ്യോഗാര്‍ഥി അറിയിക്കണം. ഇനി നിശ്ചയിക്കുന്ന പരീക്ഷ മുതലായിരിക്കും ഈ പരിഷ്‌കാരം നടപ്പാക്കുന്നത്. പോലീസ് എസ്.ഐ., എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്റ് ജയിലര്‍ പരീക്ഷയ്ക്ക് ഈ വിധത്തിലായിരിക്കും ചോദ്യങ്ങളെന്നാണ് കരുതുന്നത്. ഇതിന്റെ പരീക്ഷ നിശ്ചയിച്ചിട്ടില്ല. ബിരുദം യോഗ്യതയായ ഈ തസ്തികകള്‍ക്ക് പൊതുപരീക്ഷയാണ് നടത്താറുള്ളത്. പൊതുപരീക്ഷ ഒ.എം.ആറായി നടത്തി ഓരോ തസ്തികയ്ക്കും പ്രത്യേകം രണ്ടാമത് പരീക്ഷയ്ക്കുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്. ഹയര്‍ സെക്കന്‍ഡറിതലംവരെയുള്ള പരീക്ഷകള്‍ നിലവില്‍ മലയാളത്തിലാണ് നടത്തുന്നത്.