നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന്റെ (നീറ്റ്) അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ). പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് ntaneet.nic.in എന്ന വെബ്സൈറ്റ് വഴി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. സെപ്റ്റംബർ 13-ന് നടക്കാനിരിക്കുന്ന പരീക്ഷയ്ക്കായി 15 ലക്ഷത്തിലധികം വിദ്യാർഥികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പരീക്ഷാ നടത്തിപ്പിനായുള്ള നടപടിക്രമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും എൻ.ടി.എ പ്രസിദ്ധീകരിച്ചിരുന്നു. കോവിഡ് രോഗവ്യാപന സാധ്യത കണക്കിലെടുത്ത് 99 ശതമാനം വിദ്യാർഥികൾക്കും അവർ ആദ്യം തിരഞ്ഞെടുത്ത നഗരത്തിൽത്തന്നെ പരീക്ഷാഹാൾ അനുവദിക്കുമെന്ന് എൻ.ടി.എ നേരത്തെ വ്യക്തമാക്കിയിരുന്നു. സാമൂഹ്യ അകലം പാലിക്കാനായി പരീക്ഷാ ഹാളിലെ വിദ്യാർഥികളുടെ എണ്ണം 24 നിന്ന് 12ലേക്ക് നിജപ്പെടുത്തുകയും 3843 പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രണ്ട് പരീക്ഷകൾക്കുമുള്ള അഡ്മിറ്റ് കാർഡ് എൻ.ടി.എ പ്രസിദ്ധീകരിച്ചത്. NTA releases NEET 2020 Admit card