കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ പി.ജി. കോഴ്സുകളിലേക്ക് ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ രജിസ്ട്രേഷൻ സെപ്റ്റംബർ 23-ന് അഞ്ചുമണിവരെ നടത്താം. വിവരങ്ങൾ www.admission.kannuruniversity.ac.in എന്ന വെബ് സൈറ്റിൽ. കമ്യൂണിറ്റി, മാനേജ്മെന്റ്, സ്പോർട്സ് ക്വാട്ടകളിൽ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷയുടെ പ്രിന്റ്ഔട്ടും ആവശ്യമായ രേഖകളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ പ്രത്യേകം അപേക്ഷ നൽകണം. വെയ്റ്റേജ്/സംവരണാനുകൂല്യം ആവശ്യമുള്ള വിദ്യാർഥികൾ വിവരങ്ങൾ ഓൺലൈൻ രജിസ്ട്രേഷനുള്ള അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം. വിദ്യാർഥികൾക്ക് കോളേജുകളെ സംബന്ധിക്കുന്ന വിവരങ്ങൾ (ദൂരം, ഹോസ്റ്റൽ സൗകര്യം, മുതലായവ) അതത് കോളേജുകളുടെ വെബ്സൈറ്റിൽ ലഭ്യമാണ്. ഓപ്ഷൻ കൊടുത്ത കോളേജുകളിലേക്ക് അലോട്ട്മെന്റ് ലഭിക്കുകയാണെങ്കിൽ നിർബന്ധമായും പ്രവേശനം നേടേണ്ടതാണ്. അല്ലെങ്കിൽ അടുത്ത അലോട്ട്മെന്റിൽ പരിഗണിക്കില്ല. ഓൺലൈൻ രജിസ്ട്രേഷനുശേഷം അപേക്ഷയുടെ പ്രിന്റ്ഔട്ട് അയയ്ക്കേണ്ടതില്ല. അപേക്ഷയുടെ പ്രിന്റ്ഔട്ടും ഫീസടച്ചതിന്റെ രസീതും പ്രവേശനസമയത്ത് അതത് കോളേജുകളിൽ ഹാജരാക്കണം. ഓൺലൈൻ രജിസ്ട്രേഷൻ ഫീസ് 420 രൂപയാണ്. എസ്.സി., എസ്.ടി. വിഭാത്തിന് 100 രൂപ. ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും SBI Collect മുഖന്തരം അടയ്ക്കേണ്ടതാണ്. ഡി.ഡി., ചെക്ക്, മറ്റു ചലാനുകൾ തുടങ്ങിയവ സ്വീകരിക്കില്ല. വിദ്യാർഥികൾക്ക് മൂന്നാം അലോട്ട്മെന്റിനുശേഷം അലോട്ട്മെന്റ് മെമ്മോ വെബ്സൈറ്റിൽനിന്ന് ലഭ്യമാകും. മൂന്നാമത്തെ അലോട്ട്മെന്റിനുശേഷം മാത്രമേ കോളേജുകളിൽ പ്രവേശനം നേടേണ്ടതുള്ളു. മൂന്നാമത്തെ അലോട്ട്മെന്റിനുശേഷവും ഹയർ ഓപ്ഷൻ നിലനിർത്താൻ ആഗ്രഹിക്കുന്നവർ സർവകലാശാല ഫീസ് മാത്രം അടച്ച് സർട്ടിഫിക്കറ്റുകൾ അലോട്ട്മെന്റ് ലഭിച്ച കോളേജിൽ സമർപ്പിച്ച് താത്കാലിക അഡ്മിഷൻ നേടേണ്ടതാണ്.അലോട്ട്മെന്റ് ലഭിച്ചാൽ നിശ്ചിത തീയതിക്കുള്ളിൽ ഫീസ് അടയ്ക്കേണ്ടതും ചലാൻ വിവരങ്ങൾ അപ്‌ലോഡ് ചെയ്യേണ്ടതുമാണ്. അല്ലാത്തപക്ഷം വിദ്യാർഥികൾ അലോട്ട്മെന്റിൽനിന്ന് പുറത്താവും. അലോട്ട്മെന്റ് തീയതി, കോളേജുകളിൽ അഡ്മിഷൻ എടുക്കേണ്ട തീയതി തുടങ്ങിയവ അതത് സമയങ്ങളിൽ വെബ്സൈറ്റിലൂടെയും പത്രക്കുറിപ്പിലൂടെയും അറിയിക്കും.