കാലിക്കറ്റ് ബിരുദ രജിസ്‌ട്രേഷൻ: തെറ്റുകൾ വിദ്യാർഥികൾക്ക് സ്വയം തിരുത്താം
കാലിക്കറ്റ് ബിരുദ രജിസ്‌ട്രേഷൻ: തെറ്റുകൾ വിദ്യാർഥികൾക്ക് സ്വയം തിരുത്താം
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ ബിരുദ ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് അപേക്ഷയിൽ തെറ്റുകൾ സ്വയം തിരുത്താൻ അവസരം. പ്ലസ്ടു രജിസ്റ്റർനമ്പർ, മൊബൈൽനമ്പർ എന്നിവ ഒഴികെയുള്ള വിവരങ്ങൾ തിരുത്താനും പുതിയ കോളേജ് ഓപ്ഷനുകൾ കൂട്ടിച്ചേർക്കാനുമുള്ള സൗകര്യം രജിസ്ട്രേഷൻ പോർട്ടലിൽ ലഭ്യമാണ്. ഇതിനായി ‘Student Login’-ൽ ‘CAP ID’, ‘Security Key’ എന്നിവ ഉപയോഗിച്ച് ലോഗിൻചെയ്ത് എഡിറ്റ് ബട്ടണിൽ ക്ലിക്ക്ചെയ്യണം. വ്യക്തിഗതവിവരങ്ങൾ, യോഗ്യത, കോളേജ് എന്നിവ ആവശ്യമായരീതിയിൽ എഡിറ്റ്ചെയ്യാം.ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്ത് വിദ്യാർഥികൾക്ക് 20 ഓപ്ഷനുകൾ നൽകാം. എയ്ഡഡ് കോളേജുകളിലെ കമ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് സർവകലാശാല ഓൺലൈൻ രജിസ്ട്രേഷൻപ്രകാരം അപേക്ഷിച്ചവരിൽനിന്ന് റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചാണ് പ്രവേശനം നടത്തുക. കമ്യൂണിറ്റി ക്വാട്ട ആഗ്രഹിക്കുന്ന അതത് കമ്യൂണിറ്റിയിൽപ്പെട്ടവർക്ക് ഇതിനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കാം. നേരത്തേനൽകിയ 20 ഓപ്ഷനുകൾക്കുപുറമെ യോഗ്യതയ്ക്കനുസരിച്ച് അഞ്ച് ഓപ്ഷനുകൾകൂടി നൽകാം.വിശദവിവരങ്ങൾ http://cuonline.ac.in/ug/ എന്ന വെബ്‌പേജിൽ.