പാലക്കാട്: എൻജിനീയറിങ്, മെഡിക്കൽ ബിരുദധാരികൾ ഉൾപ്പെടെ പ്രൊഫഷണൽ-സാങ്കേതിക യോഗ്യത നേടിയവരിൽ തൊഴിലില്ലായ്മ രൂക്ഷമെന്ന് തൊഴിൽവകുപ്പ്. ഇതേത്തുടർന്ന് ഇവർക്ക് താത്കാലിക ജോലികൾക്ക് അവസരംനൽകാൻ നടപടിയെടുക്കുന്നു. പ്രൊഫഷണൽ-സാങ്കേതിക തൊഴിൽയോഗ്യത നേടിയ 1.45 ലക്ഷം പേരിൽ തൊഴിൽരഹിതരായി എൻജിനീയർമാർ മാത്രം 45,913 പേരുണ്ട്. ഡോക്ടർമാർ 8,753 പേരും. ഇവരിൽ നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പ് മുഖേന യോഗ്യതയുള്ളവർക്ക് ജോലി നൽകുന്നതിനാണ് തൊഴിൽവകുപ്പ് ശ്രമിക്കുന്നത്. വിവിധ സർക്കാർ പദ്ധതികളുടെ തുടർപ്രവർത്തനഭാഗമായി പ്രവർത്തിക്കാൻ അവസരം നൽകും. ഇതിനൊപ്പം മറ്റ് വകുപ്പുകളിലെ ഒഴിവുകൾക്കനുസരിച്ച് യോഗ്യതയുള്ളവർക്ക് ജോലിനൽകാനും ആലോചിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകളിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സാങ്കേതികവിഭാഗത്തിൽ കൂടുൽ തൊഴിൽരഹിതർ ഐ.ടി.ഐ. സർട്ടിഫിക്കറ്റ് നേടിയവരാണ്. 96,000 പേരിലേറെ വരും. എൻജിനീയറിങ്ങിൽ ഡിപ്ലോമ നേടിയവർ 79,731 പേരുണ്ട്. വെറ്ററിനറി സർജൻസ് ബിരുദം നേടിയവർ 498 പേരും അഗ്രിക്കൾച്ചർ ബിരുദമുള്ളവർ 1,344 പേരുമുണ്ട്. ബി.എസ്സി. നഴ്സിങ് യോഗ്യതയുള്ളവർ 11,268, ബി.എസ്സി. എം.എൽ.ടി. യോഗ്യതയുള്ളവർ 1,231 എന്നിങ്ങനെയും കണക്കാക്കിയിട്ടുണ്ട്. എം.ബി.എ. നേടിയവർ 6,903 പേരും എം.സി.എ. നേടിയവർ 3,836 പേരുമാണുള്ളത്. നിയമബിരുദം നേടിയവർ 758 പേരും. തൊഴിൽവകുപ്പിന്റെ കണക്കുപ്രകാരം സംസ്ഥാനത്ത് ആകെയുള്ള തൊഴിൽരഹിതർ 34.18 ലക്ഷമാണ്. ഇതിൽ തൊഴിലിന് അർഹതയുള്ളവർ 29.75 ലക്ഷവും. Also Read:അഭിരുചിയില്ലാത്തവർ എൻജിനീയറിങ് കോഴ്സിനു ചേരുമ്പോൾ Unemployment Rate Increased Among Engineering and Medical Graduates