തിരുവനന്തപുരം: കേരള ഭരണസർവീസ് (കെ.എ.എസ്.) മുഖ്യപരീക്ഷ നവംബർ 20, 21 തീയതികളിൽ നടത്തും. ഒന്നാം കാറ്റഗറിയിലും രണ്ടാം കാറ്റഗറിയിലുമായി മുഖ്യപരീക്ഷ എഴുതാൻ അർഹത നേടിയവരുടെ പട്ടിക പി.എസ്.സി. പ്രസിദ്ധീകരിച്ചു. ഒന്നാം കാറ്റഗറിയിൽ 2160 പേരും രണ്ടിൽ 1048 പേരുമാണുള്ളത്. നേരിട്ട് അപേക്ഷിച്ചവരുടെ ഒന്നാം കാറ്റഗറിക്ക് 77 ആണ് കട്ട്-ഓഫ് മാർക്ക്. ഗസറ്റഡ് റാങ്കിലല്ലാത്ത ജീവനക്കാർക്കുള്ള രണ്ടാം കാറ്റഗറിക്ക് 60 മാർക്ക് കട്ട്-ഓഫായി നിശ്ചയിച്ചു. ഒന്നാം ഗസറ്റഡ് തസ്തികയിലുള്ളവർ എഴുതിയ മൂന്നാം കാറ്റഗറിയുടെ ഫലം പിന്നീട് പ്രസിദ്ധീകരിക്കും. കോടതിയിൽ കേസുള്ളതുകൊണ്ടാണ് ഫലപ്രഖ്യാപനം മാറ്റിയത്. കട്ട്-ഓഫ് മാർക്കിൽ ഇളവനുവദിച്ച് സംവരണ വിഭാഗക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നവിധം ഏകീകൃത പട്ടികയാണ് മുഖ്യപരീക്ഷയ്ക്കായി തയ്യാറാക്കിയത്. 200 മാർക്കിനുള്ള പ്രാഥമിക പരീക്ഷയ്ക്ക് നേടിയ മാർക്ക് മുഖ്യപരീക്ഷയെഴുതാനുള്ള അർഹതയ്ക്കു മാത്രമാണ് പരിഗണിച്ചത്. ഫെബ്രുവരി 22-നാണ് പ്രാഥമിക പരീക്ഷ നടത്തിയത്. പുനർമൂല്യനിർണയത്തിനും ഒ.എം.ആർ. ഉത്തരക്കടലാസിന്റെ പകർപ്പിനും ആവശ്യമുള്ളവർ 15 ദിവസത്തിനുള്ളിൽ അപേക്ഷിക്കണം. മുഖ്യപരീക്ഷയുടെ മാർക്കും അഭിമുഖത്തിന്റെ മാർക്കും ചേർത്താണ് റാങ്ക്പട്ടിക തയ്യാറാക്കുന്നത്.തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലായിരിക്കും മുഖ്യപരീക്ഷ. 100 വീതം മാർക്കുള്ള മൂന്ന് പേപ്പറുകളാണുള്ളത്. നവംബർ 20-ന് ആദ്യ രണ്ട് പേപ്പറുകളും 21-ന് മൂന്നാം പേപ്പറുമായിരിക്കും. അടുത്ത മാർച്ചിനുള്ളിൽ റാങ്ക്പട്ടിക പ്രസിദ്ധീകരിച്ച് നിയമന ശുപാർശ ആരംഭിക്കാനാണ് പി.എസ്.സി. പദ്ധതിയിട്ടിരിക്കുന്നത്. 90 ഒഴിവുകളിലേക്കായിരിക്കും ആദ്യബാച്ചിൽ നിയമനം. കെ.എ.എസ് മുഖ്യപരീക്ഷ നവംബർ 20 (രാവിലെ) - പേപ്പർ I ജനറൽ സ്റ്റഡീസ് (2 മണിക്കൂർ, 100 മാർക്ക്) നവംബർ 20 (ഉച്ചകഴിഞ്ഞ്) - പേപ്പർ II ജനറൽ സ്റ്റഡീസ് (2 മണിക്കൂർ, 100 മാർക്ക്) നവംബർ 21 (രാവിലെ) - പേപ്പർ III ജനറൽ സ്റ്റഡീസ് (2 മണിക്കൂർ, 100 മാർക്ക്) പാഠ്യപദ്ധതി പേപ്പർ I - ചരിത്രം (ഇന്ത്യ, കേരളം), ചരിത്രം (ലോകം), കേരളത്തിന്റെ സാംസ്കാരിക പൈതൃകം. പേപ്പർ II - ഇന്ത്യൻ ഭരണഘടന, പൊതുഭരണം, രാഷ്ട്രീയ സംവിധാനം, ഭരണം, സാമൂഹിക നീതി, അന്താരാഷ്ട്ര ബന്ധങ്ങൾ, ശാസ്ത്രവും സാങ്കേതിക വിദ്യയും, ഈ വിഷയങ്ങളിലെ ആനുകാലിക സംഭവങ്ങൾ പേപ്പർ III - സാമ്പത്തിക ശാസ്ത്രവും ആസൂത്രണവും, ഭൂമിശാസ്ത്രം, ഈ വിഷയങ്ങളിലെ ആനുകാലിക സംഭവങ്ങൾ KAS Mains to be conducted on 20 and 21 November