ഉദ്യോഗാർഥികളെ വിലക്കുന്ന പി.എസ്.സി. നടപടി വിവാദത്തിൽ
ഉദ്യോഗാർഥികളെ വിലക്കുന്ന പി.എസ്.സി. നടപടി വിവാദത്തിൽ
തിരുവനന്തപുരം: വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതായി ആരോപിച്ച് ഉദ്യോഗാർഥികൾക്കെതിരേ പി.എസ്.സി. പ്രഖ്യാപിച്ച ശിക്ഷാനടപടി വിവാദത്തിലേക്ക്. കാസർകോട് ജില്ലയിലെ സ്റ്റാഫ് നഴ്സിന്റെ ഒഴിവുകളിലേക്ക് പി.എസ്.സി. നിയമനശുപാർശ അയക്കുന്നില്ലെന്ന് ചില ഉദ്യോഗാർഥികൾ പ്രചാരണം നടത്തിയിരുന്നു. എന്നാൽ, 38 ഒഴിവുകൾ സുപ്രീംകോടതി ഉത്തരവനുസരിച്ച് മാറ്റിവെച്ചതാണെന്ന് പി.എസ്.സി. പറയുന്നു. ഇതറിഞ്ഞിട്ടും ഉദ്യോഗാർഥികൾ വ്യാജപ്രചാരണം നടത്തിയെന്നാണ് പി.എസ്.സി. വിലയിരുത്തിയത്. ഉത്തരവാദികളെ കണ്ടെത്തി നിയമനനടപടികളിൽനിന്ന് വിലക്കാനും കടുത്ത ശിക്ഷാനടപടി സ്വീകരിക്കാനും കമ്മിഷൻ തീരുമാനിച്ചു. അന്വേഷണത്തിന് പി.എസ്.സി.യുടെ വിജിലൻസ് വിഭാഗത്തെയും ചുമതലപ്പെടുത്തി. ആരോഗ്യവകുപ്പിലെയും ആയുർവേദ കോളേജിലെയും ഫിസിയോ തെറാപ്പിസ്റ്റ് തസ്തികകളുടെ പരീക്ഷാകേന്ദ്രം മാറ്റാനെന്നപേരിൽ ചില ഉദ്യോഗാർഥികൾ സമാന്തര സംവിധാനമൊരുക്കി പരാതികൾ സ്വീകരിച്ചതായും കമ്മിഷൻ കണ്ടെത്തി. ഇവർക്കെതിരേയും കടുത്തശിക്ഷാനടപടിക്ക് ചുമതലപ്പെടുത്തി. വിശദ പത്രക്കുറിപ്പും പി.എസ്.സി. പ്രസിദ്ധീകരിച്ചു. എഴുത്തുകാരൻ എൻ.എസ്. മാധവൻ പി.എസ്.സി. നീക്കത്തെ ട്വിറ്ററിലൂടെ പരിഹസിച്ചതോടെ വിവാദം രൂക്ഷമായി. 'താറുമാറായ രാജ്യത്തെ, ആശയക്കുഴപ്പത്തിലായ രാജാവിന്റെ' ഉത്തരവെന്നാണ് മാധവൻ ഉപമിച്ചത്. വിമർശകരെ ജോലിനൽകാത്തവിധം വിലക്കുന്ന പി.എസ്.സി.യുടെ നടപടി ഭരണഘടനാ ലംഘനമാണ്. പി.എസ്.സി.ക്കു പരാതിയുണ്ടെങ്കിൽ എഫ്.ഐ.ആർ. ഫയൽ ചെയ്യുകയോ അപകീർത്തിക്കേസ് നൽകുകയോ ആണ് വേണ്ടതെന്നും മാധവൻ അഭിപ്രായപ്പെട്ടു. ചട്ടപ്രകാരമുള്ള ശിക്ഷ പി.എസ്.സി.യെന്ന ഭരണഘടനാ സ്ഥാപനത്തിന്റെ തിരഞ്ഞെടുപ്പ് സംവിധാനംതന്നെ തകർക്കുന്ന നിലയിലേക്ക് വ്യാജപ്രചാരണങ്ങൾ പെരുകുകയാണ്. പി.എസ്.സി. ചട്ടപ്രകാരമുള്ള ശിക്ഷാനടപടികളാണ് സ്വീകരിച്ചത്. മുമ്പും ഇത്തരം ശിക്ഷകൾ കമ്മിഷൻ നൽകിയിട്ടുണ്ട്. -എം.കെ. സക്കീർ, ചെയർമാൻ, പി.എസ്.സി. പരീക്ഷാ ക്രമക്കേടിനാണ് ശിക്ഷിക്കാറുള്ളത് പരീക്ഷകളിലോ തിരഞ്ഞെടുപ്പ് നടപടികളിലോ ക്രമക്കേട് നടത്തുന്നവരെ ശിക്ഷിക്കാനാണ് ചട്ടത്തിൽ വ്യവസ്ഥയുള്ളത്. മാധ്യമങ്ങളിൽ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ വിലക്കേർപ്പെടുത്തുന്നത് ആദ്യമായാണ്. -മരുതംകുഴി സതീഷ്കുമാർ, മുൻ പരീക്ഷാ കൺട്രോളർ, പി.എസ്.സി. Kerala Public Service Commission