ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) മെയിൻ/അഡ്വാൻസ്ഡ് റാങ്ക് പട്ടികകളുടെ അടിസ്ഥാനത്തിലുള്ള അലോട്ട്മെന്റിന്റെ സമയക്രമം ജോയന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (ജോസ) പ്രഖ്യാപിച്ചു. ജെ.ഇ.ഇ. മെയിൻ അടിസ്ഥാനമാക്കിയുള്ള ബി.ഇ./ബി.ടെക്., ബി.ആർക്, ബി.പ്ലാനിങ് റാങ്ക് പട്ടികകൾ, ജെ.ഇ.ഇ. അഡ്വാൻസ്ഡ് അടിസ്ഥാനമാക്കിയുള്ള റാങ്ക് പട്ടിക എന്നിവ പരിഗണിച്ചുള്ള സംയുക്ത സീറ്റ് അലോട്ട്മെന്റ് പ്രക്രിയയാണ് ജോസ നടത്തുന്നത്. ജെ.ഇ.ഇ. മെയിൻ റാങ്ക് പട്ടികകളുടെ അടിസ്ഥാനത്തിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി.) വിഭാഗം അലോട്ട്മെന്റിൽ 31 എൻ.ഐ.ടി., 26ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ.ഐ.ടി.), 30 ഗവൺമെന്റ് ഫണ്ടഡ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ജി.എഫ്.ടി.ഐ.), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ് സയൻസ് ആൻഡ് ടെക്നോളജി (ഷിബ്പുർ) എന്നിവ ഉൾപ്പെടുന്നു. ജെ.ഇ.ഇ. അഡ്വാൻസ്ഡ് അടിസ്ഥാനത്തിലുള്ള അലോട്ട്മെന്റിൽ 23 ഐ.ഐ.ടി.കളാണുൾപ്പെട്ടിരിക്കുന്നത്. അലോട്ട്മെന്റ് രജിസ്ട്രേഷനും ചോയ്സ് ഫില്ലിങ്ങും ഒക്ടോബർ ആറിന് തുടങ്ങും. രണ്ടുവിഭാഗത്തിലും (മെയിൻ, അഡ്വാൻസ്ഡ്) അർഹത ലഭിക്കുന്നവർ രണ്ടിലെയും സ്ഥാപനങ്ങളും കോഴ്സുകളും പരിഗണിച്ച് ആപേക്ഷിക മുൻഗണന നിശ്ചയിച്ചാണ് ചോയ്സ് ഫില്ലിങ് നടത്തേണ്ടത്. ആറു റൗണ്ട് അലോട്ട്മെന്റുകളുടെ സമയക്രമമാണ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ 17, 21, 26, 30, നവംബർ 3, 7 തീയതികളിലാണ് അലോട്ട്മെന്റുകൾ പ്രഖ്യാപിക്കുക. ഓരോന്നിനുശേഷവും അലോട്ട്മെന്റ് ലഭിക്കുന്നവർ ഓൺലൈൻ റിപ്പോർട്ടിങ്, ഫീസ് അടയ്ക്കൽ, ഡോക്യുമെന്റ് അപ് ലോഡിങ് (ആവശ്യമെങ്കിൽ സംശയങ്ങൾക്ക് വിദ്യാർഥിയുടെ പ്രതികരണം സ്വീകരിക്കും) എന്നിവ നടത്തണം. സ്വീകരിച്ച സീറ്റ് വേണ്ടെന്നുവെക്കാൻ, അഞ്ചാംറൗണ്ടുവരെ അവസരമുണ്ടാകും. വിശദാംശങ്ങൾ https://josaa.nic.in -ൽ ലഭിക്കും. പ്രവേശനസാധ്യതകൾ വിലയിരുത്താൻ 2016-2019 വർഷങ്ങളിലെ ഈ പ്രക്രിയയിലെ സ്ഥാപനം/കോഴ്സ്/കാറ്റഗറി പ്രകാരമുള്ള ഓപ്പണിങ്/ക്ലോസിങ് റാങ്കുകളും ജോസ വെബ്സൈറ്റിൽ ലഭിക്കും. JOSAA allotment schedule published