പ്ലസ് വണ്‍ പ്രവേശനം തുടങ്ങി; ആദ്യ അലോട്മെന്റ് 2.22 ലക്ഷം സീറ്റുകളില്‍
പ്ലസ് വണ്‍ പ്രവേശനം തുടങ്ങി; ആദ്യ അലോട്മെന്റ് 2.22 ലക്ഷം സീറ്റുകളില്‍
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ് നടന്നത് 2,22,522 സീറ്റുകളിൽ. 57,878 സീറ്റുകൾ അവശേഷിക്കുന്നുണ്ട്. മൊത്തം 4,76,046 അപേക്ഷകരാണുണ്ടായിരുന്നത്. അവശേഷിക്കുന്ന സീറ്റുകളേറെയും സംവരണവിഭാഗങ്ങളിലേതാണ്. പൊതുവിഭാഗത്തിൽ ഇടുക്കിയിൽ മൂന്നുസീറ്റുകളിൽ മാത്രമാണ് അലോട്മെന്റ് നടക്കാനുള്ളത്. പട്ടികജാതിക്കാർക്കായി നീക്കിവെച്ചിട്ടുള്ള 42,250 സീറ്റുകളിൽ 10,934 സീറ്റുകൾ അവശേഷിക്കുന്നുണ്ട്. പട്ടികവർഗത്തിൽ 27,916 സീറ്റുകളിൽ 23,827 സീറ്റുകളും അവശേഷിക്കുകയാണ്. അലോട്മെന്റ് നടപടിക്രമങ്ങളെല്ലാം പൂർത്തിയായശേഷവും ഈവിഭാഗങ്ങളിൽ സീറ്റുകൾ അവശേഷിച്ചാൽ അത് പൊതുവിഭാഗത്തിലേക്കു മാറ്റും. മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്കായി നീക്കിവെച്ച 16,711 സീറ്റുകളിൽ 8967-ഉം അവശേഷിക്കുന്നു. 18 വരെയാണ് പ്രവേശനസമയം. ആദ്യ ഓപ്ഷൻ നൽകിയ സ്കൂളിൽത്തന്നെ പ്രവേശനം ലഭിച്ചവർ സ്ഥിരപ്രവേശനം നേടണം. ഉയർന്ന ഓപ്ഷൻ ആഗ്രഹിക്കുന്നവർ താത്കാലികപ്രവേശനം നേടാം. ഫീസ് അടയ്ക്കേണ്ടതില്ല. അലോട്മെന്റ് ലഭിച്ചിട്ടും താത്കാലിക പ്രവേശനം നേടാത്തവരെ തുടർന്നുള്ള അലോട്മെന്റുകളിൽ പരിഗണിക്കില്ല. താത്കാലിക പ്രവേശനം നേടുന്നവർക്ക് ആവശ്യമെങ്കിൽ തിരഞ്ഞെടുത്ത ഉയർന്ന ഓപ്ഷനുകൾ മാത്രമായി റദ്ദാക്കാം. ഇതിനുള്ള അപേക്ഷ പ്രവേശനം ലഭിച്ച സ്കൂളിൽ നൽകണം. പ്രവേശനത്തിനായി ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് രണ്ടാമത്തെ അലോട്മെന്റിനുശേഷം സപ്ലിമെന്ററി അലോട്മെന്റിനായി പുതിയ അപേക്ഷ നൽകണം. ആദ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതുമൂലവും ഫൈനൽ കൺഫർമേഷൻ നൽകാത്തതിനാലും അലോട്മെന്റിന് പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷ നൽകാം. കോവിഡ്: ഓൺലൈനായി പ്രവേശനം നേടാം കോവിഡ് സാഹചര്യത്തിൽ ക്രിട്ടിക്കൽ കൺടെയ്ൻമെന്റ് സോണിലുള്ളവർക്കും നിരീക്ഷണത്തിലുള്ളവർക്കും പ്രവേശനത്തിനുള്ള അവസാനതീയതിക്കുമുമ്പ് സ്കൂളുകളിൽ ഹാജരാകാനാവില്ലെങ്കിൽ ഓൺലൈനായി പ്രവേശനം നേടാം. ഇതിനുള്ള സൗകര്യം 17 മുതൽ വെബ്സൈറ്റിൽ ലഭിക്കും. ലോഗിൻ ചെയ്തശേഷം ഓൺലൈൻ ജോയിനിങ് എന്ന ലിങ്ക് വഴി ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകളുടെ സ്കാൻ ചെയ്ത കോപ്പികൾ അപ് ലോഡ് ചെയ്യാം. ആദ്യ ഓപ്ഷൻ ലഭിച്ചവർ സ്ഥിരപ്രവേശനവും അല്ലാത്തവർ താത്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ എന്ന് വ്യക്തമാക്കുകയുംവേണം. സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട സ്കൂൾ പ്രിൻസിപ്പൽ പരിശോധിച്ചശേഷം ഫീസ് അടയ്ക്കാനുള്ള അനുമതി ലഭിക്കും. ഫീസടച്ചാൽമാത്രമാണ് പ്രവേശനനടപടികൾ പൂർത്തിയാവുക. Plus One Admissions: First Allotment Published for 2.22 lakh seats