കോവിഡ്-19അനേകം പേരുടെ ജീവനൊപ്പം അതിലേറെയാളുകളുടെ തൊഴിൽ കവർന്നാണ് വ്യാപിച്ചുകൊണ്ടിരിക്കുന്നത്. തൊഴിലുള്ളവർപോലും അത് നിലനിർത്താൻ കഷ്ടപ്പെടുന്ന ഇക്കാലത്ത് പുതിയ ജോലി കണ്ടെത്തുക പ്രയാസംതന്നെ. അവിടെയാണ് കേരള സ്റ്റേറ്റ് ജോബ് പോർട്ടലിന്റെ പ്രസക്തി. തൊഴിലന്വേഷകർക്ക് വിരൽത്തുമ്പിൽ ജോലി തിരയാൻ അവസരം നൽകുന്ന സർക്കാർ സംവിധാനമാണ് കേരള സ്റ്റേറ്റ് ജോബ് പോർട്ടൽ. പൊതു-സ്വകാര്യ മേഖലകളിലെ തൊഴിലവസരങ്ങൾ ജോബ് പോർട്ടലിലൂടെ അറിയാനാകും. സംസ്ഥാന തൊഴിൽ നൈപുണ്യ വകുപ്പാണ് ഈ ഏകജാലക സംവിധാനം ഒരുക്കിയിട്ടുള്ളത്. വിവിധ മേഖലകളിൽ നൈപുണ്യവികസന പദ്ധതികൾ നടപ്പിലാക്കുന്നതിനും തൊഴിൽരംഗങ്ങളിൽ വിദഗ്ധരുടെ സേവനം ലഭ്യമാക്കുന്നതിനുമായി തുടങ്ങിയതാണ് സ്റ്റേറ്റ് ജോബ് പോർട്ടൽ. കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (KASE) ആണ് പോർട്ടലിന്റെ പ്രവർത്തനം നടത്തുന്നത്. 2018 ജൂണിലാണ് ജോബ് പോർട്ടലിന്റെ പ്രവർത്തനം ആരംഭിച്ചത്. തൊഴിലന്വേഷകരെയും തൊഴിൽദാതാക്കളെയും മറ്റ് സേവനദാതാക്കളെയും ഒരുകുടക്കീഴിലെത്തിക്കാൻ അവസരമൊരുക്കുകയാണ് ഈ പോർട്ടൽ. രജിസ്ട്രേഷൻ സംസ്ഥാനത്തെ വിവിധ സർവകലാശാലകൾ, വ്യവസായപരിശീലന വകുപ്പ്, ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ്, എംപ്ലോയ്മെന്റ് സർവീസ്, സാങ്കേതിക വിദ്യാഭ്യാസവകുപ്പ്, മെഡിക്കൽ വിദ്യാഭ്യാസവകുപ്പ് എന്നിവിടങ്ങളിൽനിന്ന് പഠനം പൂർത്തിയായി പുറത്തിറങ്ങുന്നവർക്ക് തൊഴിലന്വേഷകരുടെ വിഭാഗത്തിൽ രജിസ്റ്റർ ചെയ്യാം. സ്വയംസംരംഭകരാകാൻ താത്പര്യമു ള്ള വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും തൊഴിൽദാതാവായും രജിസ്റ്റർചെയ്യാം. തൊഴിലന്വേഷകർക്ക് സ്വന്തം വിവരങ്ങൾ പോർട്ടലിൽ നൽകി അനുയോജ്യമായ തൊഴിലവസരങ്ങൾ കണ്ടെത്താം. statejobportal.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്റ്റർചെയ്യേണ്ടത്. കേരള സ്റ്റേറ്റ് ജോബ് പോർട്ടലിന്റെ മൊബൈൽ ആപ്ലിക്കേഷനും ലഭ്യമാണ്. അതുവഴിയും രജിസ്റ്റർ ചെയ്യാം. മൊബൈൽ ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ ലഭ്യമാണ്. തൊഴിലന്വേഷകർ Register as Job Seeker എന്ന ലിങ്ക് വഴി രജിസ്റ്റർചെയ്യണം. രജിസ്ട്രേഷൻ സൗജന്യമാണ്. അടിസ്ഥാനതലം മുതൽ മാനേജ്മെന്റ് തലം വരെ വിവിധ മേഖലകളിലെ തൊഴിലവസരങ്ങൾ ഇവിടെ കണ്ടെത്താം. തൊഴിലവസരങ്ങളെക്കുറിച്ച് ഉദ്യോഗാർഥിക്ക് കൃത്യസമയത്ത് പോർട്ടലിൽനിന്ന് അറിയിപ്പ് ലഭിക്കും. ഇതുവരെ 72,712 പേരാണ് സ്റ്റേറ്റ് ജോബ് പോർട്ടൽ വഴി തൊഴിൽ തേടിയിട്ടുള്ളത്. തൊഴിൽദാതാക്കൾക്ക് Register as Employer എന്ന ഓപ്ഷൻ വഴി രജിസ്റ്റർചെയ്യാം. രജിസ്റ്റർചെയ്ത തൊഴിൽദാതാക്കൾ തൊഴിലവസരങ്ങളുടെ വിവ രങ്ങൾ പോർട്ടലിൽ നൽകണം. യോഗ്യത, പ്രായപരിധി, ജോലിസ്ഥലം, ജോലിയുടെ സ്വഭാവം, ഉദ്യോഗസ്ഥർ വഹിക്കേണ്ട ഉത്തരവാദിത്വം, ഒഴിവുകളുടെ എണ്ണം, ശമ്പളം തുടങ്ങിയ വിവരങ്ങളാണ് നൽകുക. തൊഴിലന്വേഷകർക്ക് ഇവയിൽനിന്ന് തങ്ങൾക്കനുയോജ്യമായ ജോലി തിരഞ്ഞെടുക്കാനാകും. Apply for this job എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ മതി. 218 തൊഴിൽദാതാക്കളാണ് നിലവിൽ പോർട്ടലിലുള്ളത്. തൊഴിലന്വേഷകരുടെയും തൊഴിൽദാതാക്കളുടെയും വിശ്വാസ്യത ഉറപ്പാക്കി മാത്രമേ പോർട്ടലിൽ പ്രവേശനമനുവദിക്കൂ. നൽകിയ വിവരങ്ങൾ ശരിയാണോ എന്ന് ഉറപ്പുവരുത്തിയതിനുശേഷമാണ് രജിസ്റ്റർചെയ്ത അക്കൗണ്ടിന് പോർട്ടലിൽ പ്രവേശനമനുവദിക്കുന്നത്. ഉദ്യോഗാർഥി നൽകുന്ന വിവരങ്ങൾ പൂർണമല്ലെങ്കിൽ അവസരം നഷ്ടമാകും. രജിസ്റ്റർചെയ്ത ആളുകളുടെ എണ്ണം താരതമ്യപ്പെടുത്തുമ്പോൾ പോർട്ടൽ വഴി ജോലി ലഭിച്ച ആളുകളുടെ എണ്ണത്തിൽ കാര്യമായ കുറവ് വരാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് ഇതാണ്. മറ്റു സേവനങ്ങൾ പോർട്ടലിൽ തൊഴിലന്വേഷകരുടെയും തൊഴിൽദാതാക്കളുടെയും രജിസ്ട്രേഷനുപുറമെ ഡേറ്റ അനാലിസിസ്, ഡിജിലോക്കർ, ലേണിങ് മാനേജ്മെന്റ് സംവിധാനം, ജോബ് ബ്ലോഗ് തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജോബ് പോർട്ടലിൽ രജിസ്റ്റർചെയ്യുന്നവർക്ക് രാജ്യാന്തര പ്രൊഫഷണൽ നെറ്റ്വർക്ക് ആയ ലിങ്ക്ഡ് ഇൻ സേവനം ലഭ്യമാണ്. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ലിങ്ക്ഡ് ഇൻ പ്രൊഫൈൽ സ്വന്തമാക്കാം. ലിങ്ക്ഡ് ഇൻ പ്രൊഫൈൽ ഉള്ളവർക്ക് അതുവഴി ജോബ് പോർട്ടലിലെ സേവനം ഉപയോഗപ്പെടുത്തുകയും ചെയ്യാം. കോളേജുകൾക്കും പരിശീലന ഇൻസ്റ്റിറ്റ്യൂട്ടുകൾക്കും തങ്ങളുടെ വിദ്യാർഥികളുടെ വിവരം രജിസ്റ്റർചെയ്യാനും പോർട്ടലിൽ സൗകര്യമുണ്ട്. കമ്പ നികൾക്ക് ഈ സ്ഥാപനവുമായി നേരിട്ടു ബന്ധപ്പെട്ട് നിയമനം നടത്താൻ ഇത് അവസരമൊരുക്കും. വിവിധ കമ്പനികളുടെ തൊഴിൽമേളകളുടെ വിവരങ്ങളും തൊഴിലന്വേഷകർക്ക് ഉപയോഗപ്രദമായ മറ്റു സർക്കാർ സംവിധാനങ്ങളിലേക്കുള്ള ലിങ്കും വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2735949, 7306402567 ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ പോർട്ടലിൽ രജിസ്റ്റർചെയ്യുമ്പോൾ ഉപയോഗത്തിലു ള്ള സ്വന്തം മൊബൈൽ നമ്പറും ഇ-മെയിൽ വിലാസവും നൽകുക. ഉടൻ തന്നെ യൂസർ ഐഡിയും പാസ്വേഡും ലഭിക്കും. പോർട്ടലിൽ സ്വന്തമായി അക്കൗണ്ട് തുറക്കാൻ ഇത്രയും മതി. അടുത്ത ഘട്ടത്തിൽ യോഗ്യതയും പ്രവൃത്തി പരിചയവുമുൾപ്പെടെയുള്ള വിവരങ്ങൾ കൃത്യമായി നൽകണം. സർട്ടിഫിക്കറ്റുകളും ലൈസൻസും ഡിജിലോക്കറിൽ സൂക്ഷിക്കാനുള്ള സൗകര്യം പോർട്ടലിലുണ്ട്. ഡിജിലോക്കറും ആധാറും പോർട്ടലിലെ അക്കൗണ്ടി ലേക്കു ലിങ്ക് ചെയ്യാനുമാകും. ഇതിനുശേഷമാണ് പോർട്ടലിലേക്ക് പ്രവേശനം ലഭിക്കുന്നത്. ഓരോ കമ്പനിയും തൊഴിലവസരങ്ങൾ പോർട്ടലിൽ ഉൾപ്പെടുത്തുമ്പോൾ ഉദ്യോഗാർഥിക്ക് ആ യോഗ്യതയുണ്ടെങ്കിൽ ഇ-മെയിൽ വഴിയും എസ്.എം.എസ്. വഴിയും വിവരം ലഭിക്കും. ഇത്തരത്തിൽ സന്ദേശം കിട്ടിയാലുടൻ പോർട്ടലിലെ അക്കൗണ്ടിലെത്തി ജോലിക്കപേക്ഷിക്കാം. ഇന്റവ്യൂ തീയതിയും സ്ഥലവും സന്ദേശമായി ലഭിക്കും. ലക്ഷ്യം വിദ്യാർഥികളുടെയും കമ്പനികളുടെയും പങ്കാളിത്തം െതാഴിലന്വേഷകർക്കും തൊഴിൽദായകർക്കും ഏറെ പ്രയോജനപ്പെടുന്ന സമഗ്രമായ സംവിധാനമാണ് സ്റ്റേറ്റ് ജോബ് പോർട്ടൽ. കൂടുതൽപേരെ പോർട്ടലി ന്റെ ഭാഗമാക്കുന്നതിനും തൊഴിൽ നൽകുന്നതിനുമായി വിവിധ സ്ഥാപനങ്ങളെ ബന്ധപ്പെടുന്നുണ്ട്. അക്കൂട്ടത്തിൽ പോർട്ടലിനെക്കുറിച്ച് വിദ്യാർഥികൾക്ക് ബോധവത്കരണം നൽകുന്നതിന് സംസ്ഥാന ത്തെ കോളേജുകളുമായി ബന്ധപ്പെട്ടു. ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ വിദ്യാർഥികളും കമ്പനികളും പോർട്ടലിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷ. എന്തെല്ലാം അവസരങ്ങളാണ് തൊഴിൽമേഖലയിലുള്ളതെന്ന് വിദ്യാർഥികൾക്ക് സ്റ്റേറ്റ് ജോബ് പോർട്ടൽ വഴി എളുപ്പത്തിൽ അറിയാൻ സാധിക്കും. -എസ്. ചന്ദ്രേശഖർ എം.ഡി., കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് State Job Portal for Youth to find Jobs and Employees