പ്രൈമറി അധ്യാപകപരീക്ഷ മലയാളത്തില്‍, സിലബസ് മാറ്റിയിട്ടില്ല - പി.എസ്.സി.
പ്രൈമറി അധ്യാപകപരീക്ഷ മലയാളത്തില്‍, സിലബസ് മാറ്റിയിട്ടില്ല - പി.എസ്.സി.
തിരുവനന്തപുരം: പ്രൈമറി സ്കൂൾ അധ്യാപക നിയമനത്തിന് നവംബറിൽ നടത്തുന്ന പരീക്ഷയ്ക്ക് ചോദ്യങ്ങൾ മലയാളം മാധ്യമത്തിലാണെന്ന് പി.എസ്.സി. പൊതുവിജ്ഞാനം, സമകാലികം, സാമൂഹികശാസ്ത്രം, നവോത്ഥാനം, അടിസ്ഥാനശാസ്ത്രം, ഗണിതം, കുട്ടികളുടെ മനഃശാസ്ത്രം തുടങ്ങി എല്ലാ ചോദ്യങ്ങളും മലയാളത്തിലാണ്. ഈ പരീക്ഷകളുടെ പാഠ്യപദ്ധതിയിൽ പി.എസ്.സി. പുതുതായി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 2009, 2016, 2017 വർഷങ്ങളിൽ നടന്ന പരീക്ഷകളുടെ പാഠ്യപദ്ധതിയാണ് ഇപ്പോഴും സ്വീകരിച്ചിട്ടുള്ളത്. ടി.ടി.സി. യോഗ്യതയുടെ അടിസ്ഥാനത്തിൽ നിയമനംനേടുന്ന അധ്യാപകർ ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകളിലെ ഇംഗ്ലീഷ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യുന്നവരാണ്. അഞ്ചുമുതൽ ഏഴുവരെ ക്ലാസുകളിൽ ഇംഗ്ലീഷ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്നവരാണ് യു.പി. അധ്യാപകർ. ഇതിന്റെ പാഠ്യക്രമത്തിൽ ഇംഗ്ലീഷ് കൂടുതലായി ഉൾക്കൊള്ളിച്ചിട്ടുണ്ട്. മാത്രമല്ല, ടി.ടി.സി.ക്കൊപ്പം ബി.എഡ്.കൂടി യോഗ്യതയുള്ളവരാണ് ഇതിലെ അപേക്ഷകർ. അതുകൊണ്ടാണ് 90 മാർക്കിന്റെ മലയാളം ചോദ്യങ്ങൾക്കൊപ്പം 10 മാർക്കിന് ഇംഗ്ലീഷ് കൂടി ഉൾപ്പെടുത്തിയത്. ബിരുദം യോഗ്യതയുള്ളവർക്കുകൂടി അപേക്ഷിക്കാൻ കഴിയുന്ന തസ്തികയാണിതെന്നും പി.എസ്.സി. വിശദീകരിക്കുന്നു. 2014-ൽ ഡയറ്റ് അധ്യാപകർ അടങ്ങിയ വിദഗ്ധർ തയ്യാറാക്കിയ പാഠ്യപദ്ധതിയാണ് ഈ തസ്തികകൾക്ക് ഇപ്പോഴുള്ളത്. ഇതനുസരിച്ചാണ് പരീക്ഷകൾ നടത്തുന്നത്. 2013 മുതൽ 2019 വരെ ടി.ടി.സി., ഡി.എഡ്., ബി.എഡ് തുടങ്ങിയ യോഗ്യതകൾ നേടിയ പതിനായിരക്കണക്കിന് ഉദ്യോഗാർഥികൾ പരീക്ഷയ്ക്കു തയ്യാറെടുക്കുമ്പോൾ അവരുടെ പരിശ്രമത്തെ നിയമപരമായി അംഗീകരിച്ച് മുന്നോട്ടുപോകാനേ കഴിയൂ. പ്രൈമറി അധ്യാപകവൃത്തിയിലൂടെ എല്ലാ വിഷയങ്ങളിലും ഭാഷാനൈപുണ്യം പരിശോധിക്കുന്നതിന് ഇപ്പോഴത്തെ പാഠ്യപദ്ധതി പര്യാപ്തമാണെന്ന് വിദഗ്ധർ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതായും പി.എസ്.സി. അവകാശപ്പെടുന്നു. ഭാവിയിൽ ബി.എഡ്., ഡി.എഡ്. പാഠ്യപദ്ധതിയനുസരിച്ച് ആവശ്യമായ മാറ്റംവരുത്താൻ വേണ്ടതു ചെയ്യുമെന്നും പി.എസ്.സി. അറിയിച്ചു. പ്രൈമറി അധ്യാപകപരീക്ഷയ്ക്ക് ഭാഷയെന്ന നിലയിൽ മലയാളത്തെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താത്തത് വ്യാപകമായ പ്രതിഷേധമുയർത്തുകയാണ്. മാതൃഭാഷയെ പി.എസ്.സി. പേടിക്കുന്നതെന്തിന്? എന്ന തലക്കെട്ടിൽ ചൊവ്വാഴ്ച എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചിരുന്നു. PSC Clarifies that it does not change LPSA syllabus, Exam will be conducted in Malayalam