2021-ലെ ഗേറ്റ് (ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ്) പരീക്ഷയ്ക്ക് അപേക്ഷിക്കാം. ബോംബെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മുഖ്യ സംഘാടക സ്ഥാപനമായ ഗേറ്റ് 2021 എൻജിനിയറിങ്, ടെക്നോളജി, ആർക്കിടെക്ചർ, ആർട്സ്, കൊമേഴ്സ്, സയൻസ് വിഷയങ്ങളിലെ ബിരുദതല വിദ്യാർഥികളുടെ മികവ്, ദേശീയതലത്തിൽ വിലയിരുത്തുന്ന പരീക്ഷയാണ്. കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും മറ്റ് സർക്കാർ സംവിധാനങ്ങളുടെയും സ്കോളർഷിപ്പ്/അസിസ്റ്റന്റ്ഷിപ്പ് വാങ്ങി മാസ്റ്റേഴ്സ്/ഡോക്ടറൽ തല പഠനത്തിനുള്ള (വിഷയത്തിനനുസരിച്ച്) അർഹതാ നിർണയപരീക്ഷയാണ് ഗേറ്റ്. ഒട്ടേറെ പൊതുമേഖലാസ്ഥാപനങ്ങൾ നിശ്ചിത മേഖലയിലെ റിക്രൂട്ട്മെന്റിനും ഗേറ്റ് സ്കോർ ഉപയോഗിച്ചുവരുന്നു. എൻജിനിയറിങ്, ടെക്നോളജി, ആർക്കിടെക്ചർ, ആർട്സ്, കൊമേഴ്സ്, സയൻസ് വിഷയങ്ങളിലെ ബിരുദതല പ്രോഗ്രാമിന്റെ മൂന്നാംവർഷത്തിലോ ഉയർന്ന വർഷത്തിലോ പഠിക്കുന്നവർക്കും ഈ കോഴ്സുകൾ പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. വിശദമായ യോഗ്യതാവ്യവസ്ഥകൾ www.gate.iitb.ac.in/ -ലെ പ്രോസ്പെക്ടസിൽ ലഭിക്കും. മൊത്തം 27 വിഷയങ്ങളിൽ ഗേറ്റ് നടത്തുന്നു. യോഗ്യത, ചേരാൻ ഉദ്ദേശിക്കുന്ന പ്രോഗ്രാം/തൊഴിൽ എന്നിവയൊക്കെ പരിഗണിച്ച് ഒരു വിഷയത്തിലോ, നിശ്ചിത കോമ്പിനേഷനിൽ ഉൾപ്പെടുന്ന രണ്ടുവിഷയങ്ങളിലോ പരീക്ഷ അഭിമുഖീകരിക്കാം. കംപ്യൂട്ടർ അധിഷ്ഠിത രീതിയിൽ നടത്തുന്ന പരീക്ഷ 2021 ഫെബ്രുവരി 5,6,7,12,13,14 തീയതികളിൽ നടത്തും. അപേക്ഷ സെപ്റ്റംബർ 30 വരെ www.gate.iitb.ac.in/ - ലെ ലിങ്ക് വഴി നൽകാം. ലേറ്റ് ഫീസോടെ ഒക്ടോബർ ഏഴുവരെയും അപേക്ഷിക്കാം. മൂന്നുവർഷമാണ് ഗേറ്റ് 2021 സ്കോർ സാധുത. GATE 2021 registartion to be closed on 30 September