സാങ്കേതിക സര്‍വകലാശാല ബി.ടെക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയശതമാനം 46.53
സാങ്കേതിക സര്‍വകലാശാല ബി.ടെക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയശതമാനം 46.53
തിരുവനന്തപുരം: എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ ബി.ടെക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2016 ഓഗസ്റ്റ് ഒന്നാംതീയതി ക്ലാസുകൾ ആരംഭിച്ച ബി.ടെക് രണ്ടാം ബാച്ചിന്റെ അവസാനസെമെസ്റ്റർ പരീക്ഷകൾ 2020 ഓഗസ്റ്റ് 20-നാണ് പൂർത്തീകരിച്ചത്. കോവിഡ് വ്യാപനം മൂലം അവസാന വർഷ പരീക്ഷകൾ 40 ദിവസത്തിലേറെ മാറ്റിവെയ്ക്കേണ്ടിവന്നുവെങ്കിലും സമയബന്ധിതമായി ഫലം പ്രസിദ്ധീകരിക്കുവാൻ കഴിഞ്ഞുവെന്ന് വൈസ് ചാൻസലർ ഡോ.എം.എസ്.രാജശ്രീ അഭിപ്രായപ്പെട്ടു. 23 വിവിധ എൻജിനീയറിംഗ് ബ്രാഞ്ചുകളിലായി 38002 വിദ്യാർത്ഥികളാണ് 2016-ൽ ഒന്നാം സെമെസ്റ്ററിൽ ഈ ബാച്ചിൽ പ്രവേശനം നേടിയിരുന്നത്. ഇതിൽ 145 എൻജിനീയറിംഗ് കോളേജുകളിലായി 32645 വിദ്യാർഥികളാണ് അവസാനവർഷ പരീക്ഷയെഴുതുവാൻ അർഹരായത്. എട്ട് സെമെസ്റ്ററുകൾക്കിടെ 5357 വിദ്യാർത്ഥികൾ താഴ്ന്ന സെമെസ്റ്ററുകളിലേക്ക് മാറ്റപ്പെടുകയോ മറ്റ് കോഴ്സുകളിലേക്ക് മാറുകയോ ചെയ്തിട്ടുണ്ട്. പരീക്ഷയെഴുതിയ 34416 വിദ്യാർഥികളിൽ 16017 പേർ വിജയിച്ചു; വിജയശതമാനം 46.53. ഗവണ്മെന്റ്, ഗവണ്മെന്റ് എയ്ഡഡ്, ഗവണ്മെന്റ് നിയന്ത്രിത സ്വാശ്രയ, സ്വകാര്യ സ്വാശ്രയ കോളേജുകളുടെ വിജയശതമാനം യഥാക്രമം 62.93, 65, 50.06, 41.60 ആണ്. പ്രധാന ബ്രാഞ്ചുകളിൽ കമ്പ്യൂട്ടർ സയൻസിലാണ് ഏറ്റവും ഉയർന്ന വിജയശതമാനം 52.64. പ്രധാന ശാഖകളായ ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, സിവിൽ, മെക്കാനിക്കൽ വിഭാഗങ്ങളിൽ യഥാക്രമം 50, 49, 47, 38 ആണ് വിജയശതമാനം. എറണാകുളം മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം, എറണാകുളം രാജഗിരി കോളേജ് എന്നിവരാണ് വിജയശതമാനത്തിൽ മുന്നിൽ. വിജയശതമാനം യഥാക്രമം 80.85, 76.86, 75.26. ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്ക്കിരുത്തിയ കോളേജുകളായ കൊല്ലം ടി.കെ.എം (781), എറണാകുളം രാജഗിരി (764), കോട്ടയം അമൽജ്യോതി(693) എന്നിവയ്ക്ക് 64.51, 75.26, 59.31 വിജയശതമാനമുണ്ട്. പെൺകുട്ടികളാണ് വിജയശതമാനത്തിൽ മുന്നിൽ. 13694 പേരിൽ 8515 പേരും വിജയിച്ചു; ശതമാനം 62.18. എന്നാൽ പരീക്ഷയെഴുതിയ 20722 ആൺകുട്ടികളുടെ വിജയശതമാനം 36.2 മാത്രം. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിലെ 1225 വിദ്യാർത്ഥികളിൽ 275 പേരും ലാറ്ററൽ എൻട്രി വിഭാഗത്തിലെ 2246 വിദ്യാർത്ഥികളിൽ 901 പേരും വിജയികളായി. സർവ്വകലാശാലയുടെ കീഴിലുള്ള 145 കോളേജുകളിൽ 35 കോളേജുകൾക്ക് എൻ.ബി.എ. അക്രെഡിറ്റേഷൻ ലഭിച്ചിട്ടുണ്ട്. ഈ കോളേജുകളിൽ നിന്നും പരീക്ഷയെഴുതിയ 15342 വിദ്യാർത്ഥികളിൽ 8994 പേർ വിജയിച്ചു. വിജയശതമാനം 56.15. ഇത് സംസ്ഥാന ശരാശരിയേക്കാൾ 11 ശതമാനം കൂടുതലാണ്. നാലാം സെമെസ്റ്റർവരെ എട്ടിനുമുകളിൽ ഗ്രേഡ് ലഭിക്കുകയും അധികമായി രണ്ട് ഓൺലൈൻ കോഴ്സുകൾ ഉൾപ്പടെ നാല് വിഷയങ്ങളിൽ 12 ക്രെഡിറ്റ് നേടുകയും ചെയ്ത വിദ്യാർഥികൾക്കാണ് ബിടെക് ഹോണേഴ്സ് ബിരുദം ലഭിക്കുന്നത്. ഇത്തവണ വിജയിച്ച 16017 പേരിൽ 1286 വിദ്യാർത്ഥികൾ ബി.ടെക് ഹോണോഴ്സ് ബിരുദത്തിന് അർഹരായി.കൊല്ലം ടി.കെ.എം ൽ നിന്നും 181 പേരും, കോട്ടയം അമൽജ്യോതിയിൽ നിന്നും 114 പേരും, കോതമംഗലം എം.എ കോളേജിൽ നിന്നും 112 പേരും ഹോണേഴ്സ് ബിരുദം നേടി. തിരുവനന്തപുരം ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ വിദ്യാർഥി അഖിൽ പി മോഹൻ, കോതമംഗലം എം.എ. കോളേജ് മെക്കാനിക്കൽ വിദ്യാർത്ഥി അലക്സാണ്ടർ ജോസഫ് വി പോൾ, കൊല്ലം ടി.കെ.എം. എഞ്ചിനീയറിംഗ് കോളേജിലെ സിവിൽ വിദ്യാർത്ഥിനി ആയിഷ എസ് അഹമ്മദ് എന്നിവർക്കാണ് ഏറ്റവും ഉയർന്ന ഗ്രേഡുകൾ ലഭിച്ചത്. ഇവരുടെ ഗ്രേഡുകൾ യഥാക്രമം 9.94, 9.85, 9.84 ആണ്. വിജയശതമാനത്തിനപ്പുറം, വിദ്യാർത്ഥികളുടെ പഠനമികവിനെ ആധാരമാക്കിയുള്ള അക്കാഡമിക് പെർഫോമൻസ് ഇൻഡക്സും നാഷണൽ ബോർഡ് ഓഫ് അക്രെഡിറ്റേഷന്റെ മാതൃകയിൽ കണക്കാക്കിയിട്ടുണ്ട്. ഓരോ കോളേജുകളിലെയും വിജയിച്ച വിദ്യാർഥികളുടെ ശരാശരി ഗ്രേഡിന്റെയും വിജയശതമാനത്തിന്റെയും ഗുണന ഫലമാണിത്. കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം (6.46), മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് (6.40), രാജഗിരി സ്കൂൾ (5.92) എന്നിവരാണ് ഏറ്റവും ഉയർന്ന അക്കാഡമിക് പെർഫോമൻസ് ഇൻഡക്സ് ലഭിച്ച കോളേജുകൾ. അപൂർവ്വ സ്പർശം എന്നു പേരിട്ടിരിക്കുന്ന സമ്പൂർണമായ ഒരു ഡിജിറ്റൽ സിസ്റ്റത്തിലാണു സർവ്വകലാശാല പ്രവർത്തിക്കുന്നത്. വിദ്യാർത്ഥി പ്രവേശനം മുതൽ ഡിഗ്രീ സർട്ടിഫിക്കറ്റുകളുടെ വിതരണം വരെയുള്ള മുഴുവൻ ജോലികളും ഇ-ഗെവേർണൻസ് പ്ലാറ്റ് ഫോമിലൂടെയാണ് നിർവഹിക്കുന്നത്. വിജയിച്ച വിദ്യാർഥികളുടെ പ്രൊവിഷണൽ സർട്ടിഫിക്കറ്റുകൾ സെപ്റ്റംബർ 25 ന് മുൻപ് കോളേജുകളിലെത്തിക്കും. വിവിധ സെമെസ്റ്ററുകളിലെ ഗ്രേഡ് കാർഡുകൾ വിദ്യാർഥികളുടെ പോർട്ടലിൽ ലഭ്യമാണ്. ട്രാൻസ്ക്രിപ്റ്റിന്റെ മാതൃകയിലുള്ള ഗ്രേഡ് കാർഡുകൾ ഒരു മാസത്തിനകം നൽകും. പ്രൊവിഷണൽ സെർട്ടിഫിക്കറ്റകളും ഗ്രേഡ് കാർഡുകളും വിദ്യാർഥികൾക്ക് സൗജന്യമായി നൽകും. ഡിഗ്രിസർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ ഒരുമാസത്തിന് ശേഷം സ്വീകരിച്ചുതുടങ്ങും. ഡിഗ്രി സർട്ടിഫിക്കറ്റുകൾ ഈ വർഷം മുതൽ ഡിജിറ്റൽ രൂപത്തിൽ നാഷണൽ അക്കാഡമിക് ഡെപ്പോസിറ്ററിയിൽ ലഭ്യമാക്കും. Also Read:അഭിരുചിയില്ലാത്തവർ എൻജിനീയറിങ് കോഴ്സിനു ചേരുമ്പോൾ - പ്രൊഫ. ആർ.വി.ജി മേനോൻ സംസാരിക്കുന്നു Kerala Technological University BTech Results Published; 46.53 percent students passed