കോവിഡ് കാലം പാഴാക്കിയില്ല; മൂന്നു മാസത്തിനിടെ ആരതി പഠിച്ചത് 350 ഓണ്‍ലൈന്‍ കോഴ്സുകള്‍
കോവിഡ് കാലം പാഴാക്കിയില്ല; മൂന്നു മാസത്തിനിടെ ആരതി പഠിച്ചത് 350 ഓണ്‍ലൈന്‍ കോഴ്സുകള്‍
കൊച്ചി: കോവിഡ് കാലത്തെ അടച്ചിടൽ ഫലപ്രദമായി വിനിയോഗിച്ച നിരവധി പേരുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചതോടെ പുസ്തകങ്ങൾ മടക്കിവെച്ചവരോട് എളമക്കര സ്വദേശിനിയായ ആരതിക്ക് പറയാനുള്ളത് കോവിഡ് കാലത്തെ പഠന മികവിന്റെ കഥയാണ്. തൊണ്ണൂറ് ദിവസം കൊണ്ട് ആരതി പഠിച്ച് പാസായത് വിദേശ യൂണിവേഴ്സിറ്റികൾ നടത്തുന്ന 350 ഓൺലൈൻ കോഴ്സുകൾ. ഈ അതിജീവന ശ്രമത്തിന് ആരതിയെ തേടിയെത്തിയത് യൂണിവേഴ്സൽ റെക്കോഡ് ഫോറത്തി (യു.ആർ.എഫ്.) ന്റെ ഏഷ്യൻ - വേൾഡ് റെക്കോഡുകൾ. ലോക റെക്കോഡ് സ്ഥിരീകരിച്ച് ആരതിക്ക് അറിയിപ്പ് ലഭിച്ചു. മാറമ്പിള്ളി എം.ഇ.എസ്. കോളേജിലെ എം.എസ്സി. ബയോ കെമിസ്ട്രി വിദ്യാർഥിനിയാണ് 22-കാരിയായ ആരതി. പ്രശസ്ത യൂണിവേഴ്സിറ്റികളിലെ കോഴ്സുകൾ സൗജന്യമായി വീട്ടിലിരുന്ന് പഠിച്ച് സർട്ടിഫിക്കറ്റ് നേടാൻ സഹായിക്കുന്ന ഓൺലൈൻ പ്ളാറ്റ്ഫോമായ കോഴ്സിറ വഴിയാണ് 350 കോഴ്സുകൾ പഠിച്ചത്. ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി, ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഡെന്മാർക്ക്, കെയ്സ്റ്റ്, സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്ക്, യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോ, എസ്.യു.എൻ.വൈ., യൂണിവേഴ്സിറ്റി ഓഫ് കോപ്പൻഹാഗൻ, യൂണിവേഴ്സിറ്റി ഓഫ് റോച്ചസ്റ്റർ, എമോറി യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് വെർജീനിയ, കോഴ്സിറ പ്രൊജക്ട് നെറ്റ്വർക്ക് എന്നിവയിൽ നിന്നാണ് ആരതിയുടെ ഈ നേട്ടം. മൂന്നാഴ്ച മുതൽ ആറു മാസം വരെയാണ് കോഴ്സുകളുടെ കാലാവധി. കംപ്യൂട്ടർ സയൻസ്, മെഡിസിൻ, എൻജിനീയറിങ്, ലൈഫ് സ്കിൽസ് തുടങ്ങി എല്ലാ പഠന ശാഖകളിലെയും കോഴ്സുകളുണ്ട്. സെപ്റ്റംബർ ആദ്യവാരം വരെ കോഴ്സുകൾ സൗജന്യമായിരുന്നു. റെക്കോഡിലെത്തിയ കൗതുകം കോളേജിലെ ഓൺലൈൻ പഠനത്തിന് പുറമെയാണ് ജൂണിൽ കോഴ്സിറയിൽ പഠനം തുടങ്ങുന്നത്. ബയോളജിയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കൂടുതൽ തിരഞ്ഞെടുത്തത്. നൂറ് വിഷയങ്ങൾ വരെ ഇക്കാലയളവിൽ പഠിച്ചവരുണ്ടെങ്കിലും 350 കോഴ്സുകളുമായി ആരതിയുടെത് അപൂർവ നേട്ടം. കോളേജ് പ്രിൻസിപ്പൽ ഡോ. അജിംസ് പി. മുഹമ്മദ്, കോഴ്സിറ കോ-ഓർഡിനേറ്റർ ഹനീഫ കെ.ജി., അധ്യാപിക നീലിമ ടി.കെ. എന്നിവർ പഠനം മുന്നോട്ടു കൊണ്ടുപോകുന്നതിൽ സഹായിച്ചു. എളമക്കര മാളിക്കേൽ മഠത്തിൽ എം.ആർ. രഘുനാഥിന്റെയും കലാദേവിയുടെയും മകളാണ്. ഇലക്ട്രീഷ്യനാണ് രഘുനാഥ്. സെയ്ന്റ് തെരേസാസ്, കൊച്ചിൻ കോളേജ് എന്നിവിടങ്ങളിലായിരുന്നു സ്കൂൾ, ബിരുദ പഠനം. കോളേജ് അധ്യാപികയാവുകയാണ് ആരതിയുടെ ലക്ഷ്യം. Arathi from Kochi completed 350 online courses in three months