കീം ഫാർമസി ഫലത്തിൽ എൻട്രൻസ് മാർക്കും ഇൻഡക്സ് മാർക്കും കാണുന്നു. എന്താണ് വ്യത്യാസം? ഏതാണ് റാങ്കിങ്ങിന് പരിഗണിച്ചത്?- നീലിമ, കോഴിക്കോട് കീം എൻജിനിയറിങ് പ്രവേശനപരീക്ഷയുടെ ആദ്യ പേപ്പർ (ഫിസിക്സ് ആൻഡ് കെമിസ്ട്രി) ആണ് ബി.ഫാം. പ്രവേശനപരീക്ഷ. ഈ പേപ്പറിന് ലഭിച്ച മാർക്ക് വിഷയം തിരിച്ച്, സ്കോർ ഷീറ്റിൽ നൽകിയിട്ടുണ്ട്. മൊത്തം മാർക്കും അതിലുണ്ട്. ഈ മാർക്ക് അടിസ്ഥാനമാക്കി കീം പ്രോസ്പക്ടസ് ക്ലോസ് 9.7.4 (f) പ്രകാരം പുനഃക്രമീകരിച്ച മാർക്കാണ് ഇൻഡക്സ് മാർക്ക്. ഇൻഡക്സ് മാർക്ക് കണക്കാക്കുന്നത് ഇപ്രകാരമാണ്: എൻട്രൻസിന് കെമിസ്ട്രിയിൽ ലഭിച്ച മാർക്കിനെ 2.25 കൊണ്ട് ഗുണിക്കും. ഈ മാർക്ക്, എൻട്രൻസിൽ ഫിസിക്സിൽ ലഭിച്ച മാർക്കിനോടു കൂട്ടും. ഇപ്രകാരം ലഭിക്കുന്ന മാർക്കിനെ 3-ൽ 2 കൊണ്ട് ഗുണിക്കും. അപ്പോൾ കിട്ടുന്ന മാർക്കാണ് ഇൻഡക്സ് മാർക്ക്. ഇത് പരമാവധി 480 ആയിരിക്കും. ഇൻഡക്സ് മാർക്ക് അടിസ്ഥാനമാക്കിയാണ് ബി.ഫാം. പ്രവേശനത്തിനായി റാങ്ക് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഇൻഡക്സ് മാർക്ക് പത്ത് എങ്കിലും ലഭിക്കാത്തവരെ റാങ്കിങ്ങിനായി പരിഗണിച്ചിട്ടില്ല. പട്ടികവിഭാഗക്കാർക്ക് ഈ മിനിമം ഇൻഡക്സ് മാർക്ക് വ്യവസ്ഥയില്ല. പക്ഷേ, അവർ ഒന്നാം പേപ്പറിൽ ഒരു ചോദ്യത്തിനെങ്കിലും ഉത്തരം നൽകണം. (ആസ്ക് എക്സ്പേർട്ടിലേക്ക് ചോദ്യങ്ങളയക്കാൻ സന്ദർശിക്കുക:https://english..com/education/help-desk/ask-expert ) Entrance Mark and Index Mark in KEAM 2020 results