വിദൂര വിദ്യാഭ്യാസം ഇക്കൊല്ലവും തുടരാന്‍ അനുമതിതേടി കാലിക്കറ്റ് സര്‍വകലാശാല
വിദൂര വിദ്യാഭ്യാസം ഇക്കൊല്ലവും തുടരാന്‍ അനുമതിതേടി കാലിക്കറ്റ് സര്‍വകലാശാല
തിരുവനന്തപുരം: വിദ്യാർഥികളുടെ ആശങ്ക കണക്കിലെടുത്ത് ഇക്കൊല്ലംകൂടി വിദൂരവിദ്യാഭ്യാസ സമ്പ്രദായം തുടരാൻ കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റ് സർക്കാരിനോട് അനുമതിതേടി. അടിസ്ഥാനസൗകര്യങ്ങളൊരുക്കാതെ ഇക്കൊല്ലംതന്നെ ഓപ്പൺ സർവകലാശാല ആരംഭിക്കുന്നതിലെ ആശങ്കയെത്തുടർന്നാണിത്. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ ഓർഡിനൻസ് കഴിഞ്ഞദിവസം അസാധാരണ ഗസറ്റായി സർക്കാർ പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെ, മറ്റു സർവകലാശാലകൾക്ക് വിദൂരവിദ്യാഭ്യാസവും പ്രൈവറ്റ് രജിസ്ട്രേഷനും ഇനി തുടരാനാകില്ല. ഓപ്പൺ സർവകലാശാലയുടെ പ്രാരംഭപ്രവർത്തനങ്ങൾക്കും പ്രവേശനത്തിനും കുറഞ്ഞത് ഒരുവർഷം ആവശ്യമുണ്ടെന്ന് സർവകലാശാല ആരംഭിക്കുന്നതിനു മുന്നോടിയായി തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. മുൻകൂർ അനുമതിയോടെ മാത്രമേ ഓപ്പൺ സർവകലാശാല ആരംഭിക്കാവൂ എന്ന് യു.ജി.സി.യുടെ 2017 റെഗുലേഷനിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാൽ, കേരള സർക്കാർ അനുമതിതേടാതെയും മുന്നൊരുക്കമില്ലാതെയുമാണ് യൂണിവേഴ്സിറ്റി ആരംഭിക്കുന്നതെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ആരോപിച്ചു. അതിനാൽ നിലവിലെ സർവകലാശാലകളിൽ വിദൂര വിദ്യാഭ്യാസ കോഴ്സുകൾ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാറും സെക്രട്ടറി എം. ഷാജിർഖാനും ഗവർണർക്കും സർക്കാരിനും നിവേദനം നൽകി. Calicut University Seeks Approval to Continue Distance Education