ആയുഷ് കോഴ്സുകളുടെ ഓള്‍ ഇന്ത്യ ക്വാട്ടയ്ക്ക് അപേക്ഷിക്കാനുള്ള നടപടിക്രമം
ആയുഷ് കോഴ്സുകളുടെ ഓള്‍ ഇന്ത്യ ക്വാട്ടയ്ക്ക് അപേക്ഷിക്കാനുള്ള നടപടിക്രമം
ആയുഷ് കോഴ്സുകളുടെ ഓൾ ഇന്ത്യ ക്വാട്ടയ്ക്ക് അപേക്ഷിക്കാനുള്ള നടപടിക്രമം എന്താണ്? പ്രത്യേകം അപേക്ഷ നൽകണോ? രജിസ്ട്രേഷൻ എന്നുതുടങ്ങും? -അതുല്യ, തിരുവനന്തപുരം ആയുഷ് കോഴ്സുകളിലെ അഖിലേന്ത്യാക്വാട്ട പ്രവേശനനടപടികൾ ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസലിങ് കമ്മിറ്റിയുടെ (എ.എ.സി.സി.സി.) aaccc.gov.inഎന്ന വെബ്സൈറ്റ് വഴിയാണ് നടത്തുന്നത്. ബി.എ.എം.എസ്. (ആയുർവേദ), ബി.യു.എം.എസ്. (യുനാനി), ബി.എസ്.എം.എസ്. (സിദ്ധ), ബി.എച്ച്.എം.എസ്. (ഹോമിയോപ്പതി) എന്നീ പ്രോഗ്രാമുകളിലെ നിശ്ചിതസീറ്റുകളാണ് ഈ പ്രക്രിയവഴി അലോട്ടുചെയ്യപ്പെടുന്നത്. സർക്കാർ/എയ്‌ഡഡ്/സ്വകാര്യ കോളേജുകൾ, ദേശീയ സ്ഥാപനങ്ങൾ, കേന്ദ്രസർവകലാശാലകൾ, കല്പിതസർവകലാശാലകൾ എന്നിവയിലെ നിശ്ചിതസീറ്റുകൾ ഇതിൽ ഉൾപ്പെടും. നീറ്റ് ഫലം വന്നശേഷം എ.എ.സി.സി.സി. ഇതിന്റെ നടപടിക്രമങ്ങൾ പ്രഖ്യാപിക്കും. യോഗ്യത നേടിയവർക്ക് പങ്കെടുക്കാം. പ്രത്യേകം അപേക്ഷയൊന്നും നൽകേണ്ടതില്ല. പക്ഷേ, വെബ്സൈറ്റിൽ രജിസ്ട്രേഷൻ ഫീസും സെക്യൂരിറ്റി നിക്ഷേപവും അടച്ച് രജിസ്റ്റർ ചെയ്യണം. തുടർന്ന് അപേക്ഷിക്കാനുദ്ദേശിക്കുന്ന കോഴ്സുകളും സ്ഥാപനങ്ങളും പരിഗണിച്ച്, ആപേക്ഷിക മുൻഗണന നിശ്ചയിച്ച് താത്‌പര്യമുള്ള അത്രയും ചോയ്സുകൾ നൽകി അലോട്ട്മെന്റ് പ്രക്രിയയിൽ പങ്കെടുക്കാം. നടപടിക്രമങ്ങൾ (കൗൺസലിങ് സ്കീം, കൗൺസലിങ് റൗണ്ടുകളുടെ സമയക്രമം, പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ വിവരങ്ങൾ, അലോട്ട്മെന്റ് ലഭിച്ചാൽ ചെയ്യേണ്ട കാര്യങ്ങൾ, ഓരോറൗണ്ടിനും ശേഷം ഉള്ള നടപടികൾ, പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടങ്ങിയവ) എല്ലാം വെബ്സൈറ്റിൽ വിശദീകരിച്ചിരിക്കും. 2020-'21-ലെ അലോട്ട്മെന്റ് നടപടികൾ പ്രഖ്യാപിച്ചിട്ടില്ല. നടപടിക്രമം മനസ്സിലാക്കാൻ വെബ്സൈറ്റിലുള്ള 2019-'20 ലെ വിവരങ്ങൾ പരിശോധിക്കുക. (ആസ്ക് എക്സ്പേർട്ടിലേക്ക് ചോദ്യങ്ങളയക്കാൻ സന്ദർശിക്കുക: https://english..com/education/help-desk/ask-expert) AYUSH All India Quota Application Procedures