ന്യൂഡൽഹി: വിദ്യാർഥികൾക്ക് അവരുടെ 10, 12 ക്ളാസുകളിലെ മാർക്ക് ഷീറ്റിലും സർട്ടിഫിക്കറ്റിലും പേര്, കുടുംബപ്പേര്, മറ്റു വിശദാംശങ്ങൾ എന്നിവ മാറ്റുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തണമെന്ന് സി.ബി.എസ്.ഇ.യോട് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടു. വിഷയവുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിച്ച പരാതികൾ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ഡി.എൻ. പട്ടേൽ, ജസ്റ്റിസ് പ്രതീക് ജലാൻ എന്നിവരുൾപ്പെട്ട ബെഞ്ച്. ഇത്തരം പരാതികൾ വരുന്നത് നല്ലതല്ലെന്ന് ബെഞ്ച് പറഞ്ഞു. വിദ്യാർഥികൾക്ക് പേര്, കുടുംബപ്പേര്, മറ്റു വിവരങ്ങൾ എന്നിവ മാറ്റുന്നതിനോ ചേർക്കുന്നതിനോ ഫോറങ്ങളിൽ പ്രത്യേക സ്ഥലം നൽകണമെന്ന് കോടതി നിർദേശിച്ചു. ''കുട്ടികൾ അവരുടെ പേരാണ് മാറ്റാൻ ഉദ്ദേശിക്കുന്നത് അല്ലാതെ നിങ്ങളുടേതല്ല. എത്ര തവണ മാറ്റണമോ അതിന് അനുവദിക്കുക'' -കോടതി പറഞ്ഞു. സർട്ടിഫിക്കറ്റുകളിൽ അമ്മയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാർച്ചിൽ വിദ്യാർഥി കോടതിയെ സമീപിച്ചു. കുട്ടിക്ക് അനുകൂലമായി വന്ന ഉത്തരവിനെതിരേ സി.ബി.എസ്.ഇ.യാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. Allow Class 10, 12 Students to Change Name, Surname in Marksheets: Delhi High Court to CBSE