പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം തിങ്കളാഴ്ച മുതല്‍
പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം തിങ്കളാഴ്ച മുതല്‍
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് ഒക്ടോബർ 19 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. അന്നു രാവിലെ 10 മുതൽ പ്രവേശനം തുടങ്ങും. ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനായി ആകെയുണ്ടായിരുന്ന 44,281 ഒഴിവുകളിൽ ലഭിച്ച 1,09,320 അപേക്ഷകളിൽ 1,07,915 എണ്ണം അലോട്ട്മെന്റിനായി പരിഗണിച്ചു. സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷിച്ചതിനു ശേഷം മറ്റ് ക്വാട്ടകളിൽ പ്രവേശനം നേടിയ 469 അപേക്ഷകളും ഓപ്ഷനില്ലാത്തതും മറ്റു കാരണങ്ങളാൽ അർഹതയില്ലാത്തതുമായ 936 അപേക്ഷകളും പരിഗണിച്ചിട്ടില്ല. സംവരണ തത്ത്വം അനുസരിച്ച് നിലവിൽ ഉണ്ടായിരുന്ന വേക്കൻസി ജില്ല ഒരു യൂണിറ്റായി പരിഗണിച്ച് വിവിധ കാറ്റഗറി സീറ്റുകളാക്കി 23 വരെയാണ് പ്രവേശനം. അലോട്ട്മെന്റ് വിവരങ്ങൾ www.hscap.kerala.gov.in എന്ന വെബ്സൈറ്റിലെ Candidate Login-SWS ലെ Supplementary Allot Results എന്ന ലിങ്കിലൂടെ ലഭിക്കും. അലോട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Supplementary Allot Result എന്ന ലിങ്കിൽ ലഭിക്കുന്ന അലോട്ട്മെന്റ് ലൈറ്ററ്റിലെ നിർദ്ദിഷ്ട തീയതിയിലും സമയത്തും സ്കൂളിൽ രക്ഷാകർത്താവിനോടൊപ്പം സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. അലോട്ട്മെന്റ് ലെറ്റർ സ്കൂളിൽനിന്ന് പ്രിന്റെടുത്ത് അഡ്മിഷൻ സമയത്തു നൽകും. ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. സപ്ലിമെന്ററി അലോട്ട്മെന്റിനു ശേഷമുള്ള വേക്കൻസി ജില്ല/ ജില്ലാന്തര സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്‌ഫർ അലോട്ട്മെന്റ് ഒക്ടോബർ 27-ന് പ്രസിദ്ധീകരിക്കും. ഇതുവരെ ഏകജാലക സംവിധാനത്തിൽ മെരിറ്റ് ക്വാട്ടയിലോ സ്പോർട്സ് ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഒന്നാം ഓപ്ഷനിലാണ് പ്രവേശനം നേടിയതെങ്കിൽപ്പോലും ട്രാൻസ്‌ഫറിന് അപേക്ഷിക്കാം. ജില്ലയ്ക്കകത്തോ/ മറ്റ് ജില്ലയിലേക്കോ സ്കൂൾ മാറ്റത്തിനോ കോമ്പിനേഷൻ മാറ്റത്തോടെയുള്ള സ്കൂൾ മാറ്റത്തിനോ കാർഡിഡേറ്റ് ലോഗിനിലെ Apply for School/Combination Transfer എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കണം. വിശദ വിവരങ്ങൾ 27-ന് പ്രസിദ്ധീകരിക്കും. സീറ്റുകൾ ഒഴിവുള്ള പക്ഷം അലോട്ട്മെന്റ് ലഭിക്കാത്തവർക്കായി ഒരു സപ്ലിമെന്ററി കൂടി നടത്തും. Plus One Supplementary Allotment to be Published on Monday