എന്‍ജിനിയറിങ് പ്രവേശനം ഓണ്‍ലൈനായോ നേരിട്ടോ? വലഞ്ഞ് വിദ്യാര്‍ഥികള്‍
എന്‍ജിനിയറിങ് പ്രവേശനം ഓണ്‍ലൈനായോ നേരിട്ടോ? വലഞ്ഞ് വിദ്യാര്‍ഥികള്‍
കോഴിക്കോട്: എൻജിനിയറിങ് കോളേജുകളിൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് വെർച്വൽ പ്രവേശനം നേടാൻ സൗകര്യമുണ്ടായിട്ടും നേരിട്ടു ഹാജരാകണമെന്ന് നിർബന്ധംപിടിച്ച് ചില കോളേജുകൾ. പ്രവേശനപരീക്ഷാ കമ്മിഷണറുടെ നിർദേശം മറികടന്നാണ് ഈ കോളേജുകളുടെ നടപടി. കീം വഴി പ്രവേശനയോഗ്യത നേടിയ വിദ്യാർഥികൾക്കാണ് ദുരവസ്ഥ. കോവിഡ് സാഹചര്യം പരിഗണിച്ചാണ് ഇത്തവണ രണ്ടുതരം പ്രവേശനത്തിന് അനുമതി നൽകിയത്. അലോട്ട്മെന്റ്ലഭിച്ച കോളേജിൽ വിദ്യാർഥിക്ക് നേരിട്ടെത്തി പ്രവേശനം നേടുകയോ സൗകര്യപ്രദമായ തൊട്ടടുത്തുള്ള കോളേജിൽ വെർച്വലായി പ്രവേശനം നേടുകയോ ചെയ്യാം. ഇതിനു വിരുദ്ധമായാണ് നേരിട്ടുതന്നെ പ്രവേശനം നേടണമെന്ന് ചില കോളേജുകൾ ശഠിക്കുന്നത്. രേഖകൾ നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നാണ് ഈ കോളേജുകളുടെ വാദം. അലോട്ട്മെന്റ് ലഭിച്ച കോളേജിൽ പ്രവേശനം നേടിയില്ലെങ്കിൽ അടുത്ത അലോട്ട്മെന്റിൽ പരിഗണിക്കപ്പെടില്ലെന്ന ഭീതിയിൽ കുട്ടികൾക്ക് ഈ വ്യവസ്ഥ അംഗീകരിച്ച്, കോളേജുകളിൽ എത്തേണ്ടിവരുന്നു. കാസർകോട്ടുള്ള കുട്ടികൾക്ക് കോട്ടയത്തും പത്തനംതിട്ടയിലും മറ്റുമാണ് പോകേണ്ടിവന്നത്. കോഴിക്കോട്ടുള്ള കുട്ടികൾക്ക് കൊല്ലംവരെ യാത്രചെയ്യേണ്ടിവന്നു. കൺടെയ്ൻമെന്റ്് സോണുകളിൽ ഉൾപ്പെട്ടിട്ടുള്ള കോളേജിലേക്കുവരെ പോകേണ്ടിവന്നെന്ന് വിദ്യാർഥികൾ പരാതിപ്പെട്ടു. നേരിട്ടെത്താൻ കഴിയാത്ത കുട്ടികൾക്ക് 17 കേന്ദ്രങ്ങളിൽ ഹാജരായി പ്രവേശനം നേടാമെന്നാണ് പ്രവേശനപരീക്ഷാ കമ്മിഷണറുടെ നിർദേശം. എല്ലാ ജില്ലകളിലും ഇത്തരം കേന്ദ്രങ്ങളുണ്ട്. അവിടെ നൽകുന്ന രേഖകളുടെ സ്കാൻചെയ്ത പകർപ്പ് പ്രവേശനം നേടിയ കോളേജിലേക്ക് അയച്ചുകൊടുക്കും. അവിടെ രേഖകൾ പരിശോധിച്ച് പ്രവേശനം നൽകിയുള്ള അറിയിപ്പ് വിദ്യാർഥിക്ക് ഇ-മെയിലിൽ നൽകും. വെർച്വൽ പ്രവേശനം നേടുന്ന വിദ്യാർഥികൾ രേഖകളുടെ അസൽ ഒക്ടോബർ 30-ന് നാലുമണിക്കുമുമ്പ് റിപ്പോർട്ടിങ് കേന്ദ്രങ്ങളിൽ കൊടുക്കണം. എന്നാൽ, ഇത് കോളേജിൽ നേരിട്ടെത്തിക്കണമെന്നാണ് ചില കോളേജുകൾ ശഠിക്കുന്നത്. രേഖകൾ റിപ്പോർട്ടിങ് കേന്ദ്രത്തിൽ നൽകിയാൽ മതി കോളേജുകളിൽ നേരിട്ടെത്തി പ്രവേശനം നേടണമെന്നു നിർബന്ധിക്കാൻ പാടില്ലെന്ന് എല്ലാ കോളേജുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. വിദ്യാർഥികൾക്ക് സൗകര്യപ്രദമായ റിപ്പോർട്ടിങ് കേന്ദ്രങ്ങളിലെത്തി പ്രവേശനം നേടാം. 30-നകം അസൽ രേഖകളും അവിടെ നൽകിയാൽമതി. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റും ഇതേ നിർദേശമാണ് നൽകിയിട്ടുള്ളത്. -പ്രവേശനപരീക്ഷാ കമ്മിഷണറുടെ ഓഫീസ് Engineering admission, where to join students under confusion, KEAM