മെഡിക്കല്‍/ഡെന്റല്‍ യു.ജി.: ഇ.എസ്.ഐ.സി.- ഐ.പി. ക്വാട്ട പ്രവേശന വ്യവസ്ഥകളറിയാം
മെഡിക്കല്‍/ഡെന്റല്‍ യു.ജി.: ഇ.എസ്.ഐ.സി.- ഐ.പി. ക്വാട്ട പ്രവേശന വ്യവസ്ഥകളറിയാം
എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ഇ.എസ്.ഐ.സി.) മെഡിക്കൽ/ഡെന്റൽ കോളേജുകളിൽ, എം.ബി.ബി.എസ്./ബി.ഡി.എസ്. കോഴ്സുകൾക്ക്, ഇൻഷ്വേർഡ് പേഴ്സൺ (ഐ.പി.) വിഭാഗക്കാരുടെ വാർഡുകൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലെ പ്രവേശനവ്യവസ്ഥകൾ കോർപ്പറേഷൻ പ്രസിദ്ധപ്പെടുത്തി. അർഹത ഈ ആനുകൂല്യത്തിന് അർഹത ലഭിക്കുന്നതിനുള്ള നിർണായക കട്ട് ഓഫ് ഡേറ്റ് 2019 സെപ്റ്റംബർ 30 ആയിരിക്കും. ഈ കട്ട് ഓഫ് തീയതിയിൽ ബന്ധപ്പെട്ട ആക്ട് പ്രകാരം ഇൻഷ്വേർഡ് പേഴ്സൺ ആയിട്ടുള്ളവരുടെ മക്കൾക്കേ ഈ ക്വാട്ട വഴിയുള്ള സംവരണസീറ്റിലേക്ക് അർഹത ഉണ്ടാവുകയുള്ളു. അർഹതയുള്ള ജീവനക്കാരന്റെ കുട്ടി 2020 നീറ്റ് യു.ജി. യോഗ്യത നേടണം. വാർഡ് ആൺകുട്ടിയെങ്കിൽ പ്രായം 2020 ഡിസംബർ 31-ന് 21 വയസ്സ് കവിയരുത്. പ്രവേശനം തേടുന്ന കുട്ടി പെൺകുട്ടിയായിരിക്കുകയും, അവിവാഹിതയും ഇൻഷ്വേർഡ് പേഴ്സന്റെ ആശ്രിതയുമെങ്കിൽ പ്രായപരിധി സംബന്ധിച്ച ഈ വ്യവസ്ഥ ബാധകമല്ല. അപേക്ഷാർഥിക്ക്, ഇ.എസ്.ഐ.സി.യുടെ ബന്ധപ്പെട്ട റീജണൽ ഡയറക്ടർ/എസ്.ആർ.ഒ. നൽകിയ സാധുവായ വാർഡ് ഓഫ് ഇൻഷ്വേർഡ് പേഴ്സൺ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. വാർഡ് ഓഫ് ഐ.പി.സർട്ടിഫിക്കറ്റ് ലഭിക്കാൻ ആനുകൂല്യം ലഭിക്കുന്നതിനായി വാർഡ് ഓഫ് ഇൻഷ്വേർഡ് പേഴ്സൺ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട ഇ.എസ്.ഐ.സി. റീജണൽ ഓഫീസിൽ നിന്നോ, സബ് റീജണൽ ഓഫീസിൽനിന്നോ വാങ്ങേണ്ടതുണ്ട്. അതിനുള്ള ഓൺലൈൻ അപേക്ഷ www.esic.nic.in ൽ നവംബർ ആറുമുതൽ ഒൻപതിന് രാത്രി 11.59 വരെ ലഭ്യമാക്കുന്ന ലിങ്ക് വഴി വിദ്യാർഥിക്ക് നൽകാം. സൈറ്റിൽ രജിസ്ട്രേഷൻ നടത്തി ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി അപേക്ഷ ഓൺലൈനായി നൽകണം. അതിനുശേഷം അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് അതിൽ ഐ.പി.യും അപേക്ഷാർഥിയും ഒപ്പിട്ട് ബന്ധപ്പെട്ട വിജ്ഞാപനത്തിൽ ലിസ്റ്റ് ചെയ്തിട്ടുള്ള രേഖകൾസഹിതം, പ്രിന്റൗട്ട് ബന്ധപ്പെട്ട ബ്രാഞ്ച് ഓഫീസിൽ നവംബർ 10-ന് ഓഫീസ് സമയത്തിനകം നൽകണം. അതു സ്വീകരിക്കുമ്പോൾ അവിടെനിന്നും അക്നോളജ്മെന്റ് സ്ലിപ്പ് ലഭിക്കും. അപേക്ഷയുടെ നില സൈറ്റിൽ ലോഗിൻചെയ്ത് മനസ്സിലാക്കാം. അനുവദിക്കുന്ന സർട്ടിഫിക്കറ്റിന്റെ പി.ഡി.എഫ്. സൈറ്റ് വഴി കാണാം. അതിന്റെ പ്രിന്റൗട്ട് എടുക്കാം. ഒറിജിനൽ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട ഓഫീസിൽനിന്ന് അപേക്ഷാർഥി വാങ്ങണം. അപേക്ഷ നിരസിക്കുന്നപക്ഷം അതിനുള്ള കാരണം വെബ്സൈറ്റിൽ വ്യക്തമാക്കിയിരിക്കും. മൊത്തം 411 സീറ്റുകൾ ഈ വിഭാഗത്തിൽ മൊത്തം 411 സീറ്റുകളാണ് എം.സി.സി. കൗൺസലിങ് വഴി നീറ്റ് റാങ്ക്, കേന്ദ്ര സർക്കാർ സംവരണം എന്നിവ പാലിച്ച് ഒറ്റ പൂൾ ആയി പരിഗണിച്ചുനികത്തുന്നത്. ഇതിൽ 383 സീറ്റുകൾ എം.ബി.ബി.എസിനും 28 എണ്ണം ബി.ഡി.എസിനും ആണ്. ഇ.എസ്.ഐ.സി. സംവരണ സീറ്റുകൾ ഉള്ള ഇ.എസ്.ഐ.സി. മെഡിക്കൽ/െഡന്റൽ കോളേജുകളും സീറ്റുകളുടെ എണ്ണവും: എം.ബി.ബി.എസ്.: ഗവ. മെഡിക്കൽകോളേജ്, കൊല്ലം - 39, ഫരീദാബാദ് (ഹരിയാണ) - 43, കൊൽക്കത്ത - 65, ചെന്നൈ - 25, െബംഗളൂരു- 56, ഗുൽബർഗ (കർണാടക) - 56, ഹൈദരാബാദ് - 43, ഗവ. മെഡിക്കൽ കോളേജ്, കോയമ്പത്തൂർ - 20, ശ്രീലാൽ ബഹാദൂർ ശാസ്ത്രി മെഡിക്കൽ കോളേജ്, മാൻഡി (ഹിമാചൽപ്രദേശ്) - 36. ബി.ഡി.എസ്.: ഗുൽബർഗ - 28. പ്രവേശനം ലഭിക്കുന്നവർ പ്രതിവർഷ ട്യൂഷൻഫീസായി നൽകേണ്ടത് 24,000 രൂപയാണ്. കൂടുതൽ വിവരങ്ങൾക്കും വിജ്ഞാപനങ്ങൾക്കും www.esic.nic.in/admissions കാണണം. അലോട്ട്മെന്റുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്: www.mcc.nic.in. NEET Counselling, medical dental ug IP Quota ESI