കീം മെഡിക്കൽ പ്രവേശനത്തിന് അപേക്ഷിച്ചിരുന്നു. നീറ്റ് റാങ്കാണ് കേരളത്തിൽ മെഡിക്കൽ കോഴ്സുകളിലെ പ്രവേശനത്തിന് പരിഗണിക്കുന്നത് എന്നാണ് പ്രോസ്പക്ടസിൽ കണ്ടത്. റാങ്കുപട്ടിക വന്നപ്പോൾ മെഡിക്കൽ റാങ്കിനെക്കാൾ താഴെയാണ് ആയുർവേദ റാങ്ക്. അതെന്താണ്? -അനിത, പാലക്കാട് കേരളത്തിൽ എൻട്രൻസ് കമ്മിഷണർ നടത്തുന്ന മെഡിക്കൽ പ്രവേശനത്തിന് നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) റാങ്ക് തന്നെയാണ് ആധാരം. എൻട്രൻസ് കമ്മിഷണർക്ക് യഥാസമയം അപേക്ഷ നൽകിയവരുടെ നീറ്റ് റാങ്ക് പരിഗണിച്ചാണ് കേരളത്തിൽ മെഡിക്കൽ റാങ്ക് പട്ടിക തയ്യാറാക്കുന്നത്. ബി.എ.എം.എസ്. ഒഴികെയുള്ള കോഴ്സുകളിലെ പ്രവേശനം ഇതിന്റെ അടിസ്ഥാനത്തിലാണ് [കീം 2020 പ്രോസ്പക്ടസ് ക്ലോസ് - 9.7.4 (d) (i)]. ബി.എ.എം.എസ്. കോഴ്സ് പ്രവേശനത്തിനു തയ്യാറാക്കുന്ന റാങ്ക്പട്ടികയിലും നീറ്റ് സ്കോർ/റാങ്ക് തന്നെയാണ് പരിഗണിക്കുക. എന്നാൽ പ്ലസ്ടു തലത്തിൽ സംസ്കൃതം പഠിച്ചവർക്ക് ഈ റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ എട്ടുമാർക്ക് വെയ്റ്റേജ് നൽകാൻ പ്രോസ്പക്ടസിൽ വ്യവസ്ഥയുണ്ട് [ക്ലോസ് 9.7.4 (e)]. സംസ്കൃതം പഠിക്കാത്തവരുടെ കാര്യത്തിൽ അവരുടെ നീറ്റ് സ്കോർ അതേപോലെ പരിഗണിക്കും. ഇങ്ങനെ പുനർനിർണയിക്കപ്പെടുന്ന/നിലനിർത്തുന്ന നീറ്റ് മാർക്ക് പരിഗണിച്ചാണ് ആയുർവേദ റാങ്ക്പട്ടിക തയ്യാറാക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ റാങ്കിനെക്കാൾ താഴ്ന്ന നീറ്റ് റാങ്കുള്ള സംസ്കൃതം പ്ലസ്ടു തലത്തിൽ പഠിച്ച കുട്ടികൾ നിങ്ങളുടെ റാങ്കിന് അടുത്ത സ്ഥാനങ്ങളിൽ ഉണ്ടെങ്കിൽ അവരുടെ പുനർനിർണയിക്കപ്പെട്ട നീറ്റ് സ്കോർ നിങ്ങളുടെ നീറ്റ് സ്കോറിനും മുകളിൽ വരും. അങ്ങനെ വരുന്നവരുടെ നീറ്റ് റാങ്ക് നിങ്ങളുടെ നീറ്റ് റാങ്കിലും താഴെയാണെങ്കിലും ആയുർവേദ റാങ്ക് നിങ്ങളുടെ ആയുർവേദ റാങ്കിലും ഉയർന്നതാകും. അതിനാലാണ് നിങ്ങളുടെ രണ്ടു റാങ്കുകളും വ്യത്യസ്തമായത്. Keam medical admission and neet rank and ayurveda rank, ask expert