കേരള എൻജിനിയറിങ് പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ ശേഷം റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് യോഗ്യതാ പരീക്ഷയുടെ മാർക്ക് വിവരങ്ങൾ സമർപ്പിക്കാത്തതിനാൽ പ്രവേശന പരീക്ഷാ കമ്മിഷണർ പ്രസിദ്ധീകരിച്ച എൻജിനിയറിങ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാതിരിക്കുന്നവർക്ക് വേണ്ടി സപ്ലിമെന്ററി റാങ്ക് ലിസ്റ്റ് തയ്യാറാക്കാൻ സർക്കാർ ഉത്തരവായി. റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി യോഗ്യതാ പരീക്ഷയുടെ മാർക്ക് വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കണം. സർക്കാർ നിയന്ത്രിത സ്വാശ്രയ, സ്വകാര്യ സ്വാശ്രയ എൻജിനിയറിങ് കോളേജുകളിലെ സീറ്റുകളിൽ പ്രവേശനം നടത്തുന്നതിനായി മാത്രം തയ്യാറാക്കുന്നതാണ് സപ്ലിമെന്ററി റാങ്ക് ലിസ്റ്റ്. ഇതിൽ ഉൾപ്പെടുന്നതിനായി എൻജിനിയറിങ് പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർഥികൾ യോഗ്യതാ പരീക്ഷയുടെ (പ്ലസ് ടു/തത്തുല്യം) രണ്ടാം വർഷത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾക്ക് ലഭിച്ച മാർക്ക് www.cee.kerala.gov.in വഴി 27ന് ഉച്ചയ്ക്ക് ഒന്നുവരെ നൽകണം. കെമിസ്ട്രി പഠിച്ചിട്ടില്ലാത്തവർക്ക് കംപ്യൂട്ടർ സയൻസിന്റെയും കെമിസ്ട്രിയും കംപ്യൂട്ടർ സയൻസും പഠിക്കാത്തവർക്ക് ബയോടെക്നോളജിയും കെമിസ്ട്രി, കംപ്യൂട്ടർ സയൻസ്, ബയോടെക്നോളജി എന്നിവ പഠിച്ചിട്ടില്ലാത്തവർക്ക് ബയോളജിയുടെയും മാർക്ക് നൽകാം. വിദ്യാർഥികൾ നൽകുന്ന മാർക്ക് വിവരങ്ങൾ പ്രവേശനസമയത്ത് കോളേജ് അധികൃതർ പരിശോധിക്കുന്നതും വ്യത്യാസം ഉണ്ടെങ്കിൽ പ്രവേശനം നിരസിക്കുന്നതുമാണ്. Kerala Government ordered to prepare supplementary rank list for engineering admission