കാമ്പസ് വിദ്യാര്‍ഥികള്‍ക്ക് ഏകജാലക പോര്‍ട്ടലുമായി കാലിക്കറ്റ് സര്‍വകലാശാല
കാമ്പസ് വിദ്യാര്‍ഥികള്‍ക്ക് ഏകജാലക പോര്‍ട്ടലുമായി കാലിക്കറ്റ് സര്‍വകലാശാല
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാകാമ്പസ് വിദ്യാർഥികൾക്കായുള്ള ഏകജാലക സേവന പോർട്ടൽ (student.uoc.ac.in) തയ്യാറായി. കാമ്പസ്സിൽ പഠിക്കുന്നവർക്കും ഗവേഷകർക്കും പഠനവും ഗവേഷണവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഏകജാലകപോർട്ടലിലൂടെ ലഭ്യമാകും. വിവിധ അപേക്ഷകൾ നൽകുന്നതിനും ഫീസടയ്ക്കുന്നതിനും പരാതിപരിഹാരത്തിനും ഇതുപയോഗിക്കാം. വിവിധ സെമസ്റ്ററുകളിലെ ഓപ്ഷനുകൾ രേഖപ്പെടുത്തുന്നതിനും പരീക്ഷാഫലം അറിയുന്നതിനും പരീക്ഷാ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിനും മാർക്ക് ലിസ്റ്റുകൾ കാണുന്നതിനും ഇന്റേണൽ മാർക്ക് അറിയാനും വ്യക്തിപരമായി ലഭിക്കുന്ന പോർട്ടൽ വിൻഡോ വഴി സാധിക്കും. കോഴ്സ് കഴിയുന്ന മുറയ്ക്ക് സർട്ടിഫിക്കറ്റുകളും ലഭ്യമാകും. വിദ്യാർഥികളുടെ പ്രവേശനസമയത്ത് തന്നെ വ്യക്തിവിവരങ്ങൾ ഇതിൽ ഉൾപ്പെടുത്തും. വകുപ്പ് മേധാവി മുഖേന യൂസർ ഐഡിയും പാസ്വേഡുംനൽകാനാണ് പരിപാടി. എം.ഫിൽ., പിഎച്ച്.ഡി. പഠിതാക്കൾക്കും ഉപകാരപ്രദമാകും. പഠനവകുപ്പ് മേധാവികൾക്കുള്ള പരിശീലനവും പോർട്ടൽ ഉദ്ഘാടനവും ഡിസംബർ ആദ്യവാരമുണ്ടാകുമെന്ന് സർവകലാശാലാ ആഭ്യന്തരഗുണനിലവാര സമിതി (എ.ക്യു.എ.സി.) ഡയറക്ടർ ഡോ. പി. ശിവദാസൻ പറഞ്ഞു. കാലിക്കറ്റ് സർവകലാശാലാ കംപ്യൂട്ടർ സെന്റർ വിഭാഗമാണ് പോർട്ടൽ തയ്യാറാക്കിയത്. പാഠ്യപദ്ധതിയെക്കുറിച്ചും കോഴ്സിനെക്കുറിച്ചുള്ള വിദ്യാർഥികളുടെ പ്രതികരണങ്ങൾ രേഖപ്പെടുത്താനും അവസരമുണ്ട്. കോഴ്സ് കഴിഞ്ഞാലും പോർട്ടലിലൂടെ സർവകലാശാലാ അറിയിപ്പുകളും ഓരോരുത്തരുടെ വ്യക്തിഗത വിവരങ്ങളും ഇതിലൂടെ അറിയാനാകും. Calicut University introduced new singlewindow portal for university campus students, will soon introduce to colleges