പ്രഗതി സ്കോളർഷിപ്പിന് എന്നുവരെ അപേക്ഷിക്കാം? അപേക്ഷ നൽകേണ്ട വെബ്സൈറ്റ്, നൽകേണ്ട രേഖകൾ എന്നിവയുടെ വിശദാംശങ്ങൾ നൽകാമോ?- ശ്രീലക്ഷ്മി, കൊല്ലം ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ (എ.ഐ.സി.ടി.ഇ.) അംഗീകൃത സ്ഥാപനങ്ങളിലെ സാങ്കേതികബിരുദ/ ഡിപ്ലോമ പ്രോഗ്രാമുകളിലെ പഠനത്തിന് പെൺകുട്ടികൾക്ക് നൽകുന്ന സ്കോളർഷിപ്പാണ് പ്രഗതി സ്കോളർഷിപ്പ്. ബിരുദപഠനത്തിനും ഡിപ്ലോമ പഠനത്തിനും പ്രത്യേകം പദ്ധതികളാണ്. ഡിഗ്രി/ഡിപ്ലോമ പ്രോഗ്രാമിന്റെ ആദ്യവർഷത്തിൽ പഠിക്കുന്നവർ, ഈ പ്രോഗ്രാമിൽ ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടി രണ്ടാംവർഷത്തിൽ പഠിക്കുന്നവർ എന്നിവർക്കാണ് അപേക്ഷിക്കാൻ അർഹത. ഒരു കുടുംബത്തിലെ രണ്ടുപെൺകുട്ടികൾക്കേ ഈ സ്കോളർഷിപ്പ് ലഭിക്കുകയുള്ളു. അപേക്ഷിക്കുന്ന സാമ്പത്തികവർഷത്തെ കുടുംബവരുമാനം എട്ടുലക്ഷം രൂപ കവിഞ്ഞിരിക്കരുത് എന്നിവയാണ് മറ്റു വ്യവസ്ഥകൾ. പ്രതിവർഷം 50,000 രൂപയാണ് സ്കോളർഷിപ്പായി പെൺകുട്ടിക്കു ലഭിക്കുക. ബിരുദപ്രോഗ്രാമിൽ പഠിക്കുന്നവർക്ക് നാലുവർഷത്തേക്കും ഡിപ്ലോമ പഠിക്കുന്നവർക്ക് മൂന്നുവർഷത്തേക്കും സ്കോളർഷിപ്പ് കിട്ടും. ലാറ്ററൽ എൻട്രി പ്രവേശനം എങ്കിൽ 3/2 വർഷത്തേക്ക് സ്കോളർഷിപ്പ് ലഭിക്കും. ഈ വർഷത്തേക്കുള്ള അപേക്ഷ നവംബർ 30 വരെ നൽകാം. https://scholarships.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്. സൈറ്റിൽ, യു.ജി.സി./എ.ഐ.സി.ടി.ഇ. സ്കീംസ് ലിങ്കിൽ, എ.ഐ.സി.ടി.ഇ. ഭാഗത്ത്, പ്രഗതി സ്കോളർഷിപ്പ് - ടെക്നിക്കൽ ഡിഗ്രി, ടെക്നിക്കൽ ഡിപ്ലോമ എന്നീ തലക്കെട്ടുകൾ കാണാം. ഓരോന്നിന്റെയും ഗൈഡ് ലൈൻസ് ബന്ധപ്പെട്ട എഫ്.എ.ക്യു. എന്നിവ അവിടെ ലഭിക്കും. ബാധകമായത് പരിശോധിച്ച്, വ്യവസ്ഥകൾ മനസ്സിലാക്കി വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് അപേക്ഷിക്കുക. ആധാർകാർഡ്, ആധാർ കാർഡുമായി ബന്ധപ്പെടുത്തിയിട്ടുള്ള അപേക്ഷാർഥിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് രേഖകൾ, സർക്കാർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ് എന്നിവ കൂടാതെ സ്കോളർഷിപ്പ് പോർട്ടലിൽ അപേക്ഷിക്കുമ്പോൾ ആവശ്യപ്പെടുന്ന രേഖകൾ എന്നിവ നൽകേണ്ടിവരും. (ആസ്ക് എക്സ്പേർട്ടിലേക്ക് ചോദ്യങ്ങളയയ്ക്കാൻ സന്ദർശിക്കുക- https://english..com/education/help-desk/ask-expert) How to apply for Pragathi scholarship, ask expert