കീം മെഡിക്കൽ അലോട്ട്മെന്റിൽ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ എം.ബി.ബി.എസിന് ആകെ എത്ര സീറ്റുണ്ട്. ആദ്യ അലോട്ട്മെന്റ്ലാസ്റ്റ് റാങ്കുപട്ടികയിൽ ചില സ്വാശ്രയ കോളേജുകളിൽ ചില സംവരണ വിഭാഗങ്ങളിൽ അലോട്ട്മെന്റ്ഒന്നും കാണുന്നില്ല. ചിലതിൽ എല്ലാ സംവരണവിഭാഗത്തിലും അലോട്ട്മെന്റ്കാണുന്നു. അതെന്തുകൊണ്ടാണ്?- അജിത്, തിരുവനന്തപുരം കീം 2020 അലോട്ട്മെന്റിൽ സ്വാശ്രയ എം.ബി.ബി.എസ്. വിഭാഗത്തിൽ 17 മെഡിക്കൽ കോളേജുകളിലായി മൊത്തം 2100 സീറ്റാണുള്ളത്. എട്ടു കോളേജുകളിൽ 150 സീറ്റു വീതവും ഒമ്പത് എണ്ണത്തിൽ 100 വീതവും. ഇവയിൽ 11 കോളേജുകളിൽ ആയി 610 സീറ്റുകൾ കമ്യൂണിറ്റി സീറ്റുകളാണ്. എൻ.ആർ.ഐ. വിഭാഗത്തിലെ മൊത്തം സീറ്റുകളുടെ എണ്ണം 316 ആണ്. അഖിലേന്ത്യാതലത്തിൽ നികത്തുന്നത് 242 സീറ്റാണ്. ഈ മൂന്നുവിഭാഗങ്ങളിലായി നീക്കിവെച്ചിരിക്കുന്ന മൊത്തം സീറ്റ് 1168 ആണ്. അവശേഷിക്കുന്നത് 932 സീറ്റ്. വിവിധ കോളേജുകളിലെ ഈ വിഭാഗം സീറ്റുകളുടെ ലഭ്യത ഇങ്ങനെ: 105 വീതം സീറ്റ് നാലു കോളേജുകൾ, 104 1, 70 1, 44 1, 35 5, 30 1, 29 1, 20 3. ഈ സീറ്റുകളാണ് നിർദേശാനുസൃത സംവരണതത്ത്വം (മാൻഡേറ്ററി റിസർവേഷൻ) പാലിച്ച് വിവിധ സംവരണ വിഭാഗങ്ങൾക്കായി വിഭജിക്കുന്നത്. സീറ്റുകൾ വിഭജിക്കുമ്പോൾ വളരെ കുറവ് സീറ്റുകൾമാത്രം മാൻഡേറ്ററി സംവരണ വിഭാഗത്തിൽ ലഭ്യമാവുകയും അർഹതപ്പെട്ട സംവരണ ശതമാനം കുറവാകുകയും ചെയ്യുമ്പോൾ ആ വിഭാഗങ്ങൾക്ക് ഒരു സീറ്റിനുള്ള അർഹതപോലും ഒരു കോളേജിൽ ഇല്ലാത്ത അവസ്ഥവരാം. അങ്ങനെയുള്ളിടത്ത് ആ വിഭാഗത്തിന് അലോട്ട്മെന്റ്ഉണ്ടാകില്ല. അതാണ് ചില കോളേജുകളിൽ ബന്ധപ്പെട്ട കളങ്ങൾ ഒഴിഞ്ഞുകിടക്കുന്നത്. കൂടുതൽ മാൻഡേറ്ററി സീറ്റുകൾ ഉള്ള സ്ഥാപനങ്ങളിൽ സംവരണ ശതമാനം കുറവുള്ള വിഭാഗങ്ങൾക്കും സീറ്റുകളുണ്ടാകും. ആ കോളേജുകളിൽ എല്ലാ വിഭാഗത്തിലും അലോട്ട്മെന്റ്കാണാവുന്നതാണ്. (ആസ്ക് എക്സ്പേർട്ടിലേക്ക് ചോദ്യങ്ങളയയ്ക്കാൻ സന്ദർശിക്കുക- https://english..com/education/help-desk/ask-expert) KEAM, Number of seats in Private colleges, ask expert