15 ഫെബ്രുവരി 1869 ചവറ തെക്കുംഭാഗത്ത് അഴകത്ത് തറവാട്ടിൽ ജനിച്ചു.പിതാവ് നാരായണൻ എമ്പ്രാന്തിരി, മാതാവ് കൊച്ചുകുഞ്ഞ് കുഞ്ഞമ്മ.ചവറ തെക്കുംഭാഗത്ത് അഴകത്ത് തറവാട്ടിൽ ജനിച്ചു. ചന്ദ്രവാരത്തിലെ ഉത്രട്ടാതിനക്ഷത്രത്തിൽ പ്രഭാതയാമത്തിലായിരുന്നു ജനനം.നാരായണൻ എമ്പ്രാന്തിരി - കുഞ്ഞമ്മ ദമ്പതികൾക്ക് ഒരുപെൺകുട്ടിയുൾപ്പെടെ നാലു സന്താനങ്ങളാണുണ്ടായിരുന്നത്. ഇവരിൽ മൂന്നാമനായിരുന്നു പദ്‌മനാഭൻ. അഴകത്തു കുടുംബത്തിന്‍റെ മാറാപ്പേരാണ് ഈശ്വരൻ. അഴകത്തു പള്ളിയാടി ഈശ്വരൻ പത്മനാഭൻ എന്നാണ്കവിയുടെ മുഴുവൻ പേര്.പതിനൊന്ന് വയസ്സുവരെ പുതുവീട്ടിൽ പപ്പുപ്പിള്ള ആശാിന്‍റെ കുടിപ്പള്ളിക്കൂടത്തിൽ പഠിച്ചു. ഇവിടെ നിന്നാണ് തമിഴ് സംസ്കൃതം ജ്യോതിഷം തുടങ്ങിയവയുടെ ബാലപാഠങ്ങൾ ഇദ്ദേഹം അഭ്യസിച്ചത്. തുടർന്ന് തിരുവനന്തപുരത്തുള്ള ഫോർട്ട് ഇംഗ്ലീഷ് സ്കൂളിൽ ആറാം തരത്തിൽ ചേർന്നു.
ആറുവർഷം ഫോർട്ട് സ്കൂളിൽ പഠിച്ച ഇദ്ദേഹം ചില കുടുംബപ്രശ്നങ്ങളാൽ പഠനം തുടരാനാകാതെ ചവറയിലേക്കുതന്നെ തിരിച്ചുപോയി. ചവറയിൽ ഇംഗ്ലീഷ് പഠനം തുടരാൻ മാർഗ്ഗമൊന്നുമില്ലാത്തതിനാൽ, അവിടെ ആയിടയ്ക്ക് പുതുക്കാട്ടുമഠത്തിൽ കൃഷ്ണനാശാൻ സ്ഥാപിച്ച സംസ്കൃത വിദ്യാലയത്തിൽ ചേർന്നു സംസ്കൃതപഠനം പുനരാരംഭിച്ചു. ഇവിടെയും പഠനം മുഴുമിക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞില്ല. ഇളയ അമ്മാവന്‍റെ അകാലമരണമായിരുന്നു കാരണം. അമ്മാവന്‍റെ മരണത്തോടെ പതിനേഴുകാരനായ പദ്‌മനാഭന് കുടുംബഭാരം മുഴുവൻ ഏറ്റെടുക്കേണ്ടിവന്നു. സംസ്കൃതപഠനം നിന്നുപോയെങ്കിലും സ്വപിതാവിന്‍റെ സഹായത്തോടെ കന്നടയും ഹിന്ദിയും പഠിച്ചെടുക്കാൻ കൃത്യാന്തരബാഹുല്യത്തിനിടയിലും ഇദ്ദേഹം സമയം കണ്ടെത്തി. 1892ൽ അമ്മയുടെ മരണശേഷം പദ്‍മനാഭകുറുപ്പ് ഇളയ ജ്യേഷ്ഠന്‍റെ കൂടെ വീണ്ടും കുറച്ചുകാലം തിരുവനന്തപുരത്ത് താമസമാക്കി. ഈയവസരത്തിലാണ് കരമന കേശവശാസ്ത്രികളെ പരിചയപ്പെടാനും അദ്ദേഹത്തിന്‍റെ കീഴിൽ സംസ്കൃതപഠനം തുടരാനും ഇദ്ദേഹത്തിന് സാധിച്ചത്. ഏ. ആർ രാജരാജവർമ്മ, കേരളവർമ്മ വലിയകോയിത്തമ്പുരാൻ തുടങ്ങിയവരുമായി പരിചയപ്പെടാനും ആ സംസർഗ്ഗഫലമായി തന്‍റെ സാഹിത്യവാസന പരിപോഷിപ്പിക്കാനും അഴകത്ത് പദ്‌മനാഭകുറുപ്പിന് സാധിച്ചത് ഈ തിരുവനന്തപുരം വാസത്തിലൂടെയാണ്.
1894-ലാണ് അദ്ദേഹം രാമചന്ദ്രവിലാസം എഴുതാൻ ആരംഭിച്ചത്. 1918 മുതൽ ചവറ ഇംഗ്ലീഷ് ഹൈസ്കൂളിൽ മലയാളം മുൻഷിയായി ജോലി ചെയ്തു.1894 മുതൽ മലയാളി പത്രത്തിൽ ഖണ്ഡശ്ശ പ്രകാശനം ചെയ്ത രാമചന്ദ്രവിലാസം പുസ്തകമായതു 1907ലാണ്. ഇരുപതോളം പുസ്തകങ്ങൾ രചിച്ചു. കുന്നത്തൂർ പള്ളിക്കൽ പകുതിയിൽ ചാങ്ങയിൽ പുതിയവീട്ടിൽ ഭാഗീരഥിക്കുഞ്ഞമ്മയെ വിവാഹം ചെയ്തു. 1918 ൽ ചവറ ഇംഗ്ലീഷ് ഹൈസ്ക്കൂളിൽ മലയാളം അധ്യാപകനായി. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ഇദ്ദേഹത്തിന്‍റെ കുടുംബത്തിന് പരമ്പരാഗതമായി ഉണ്ടായിരുന്ന അവകാശാധികാരങ്ങളുടെ ഫലമായി ഇദ്ദേഹത്തിന്‍റെ നാമം പ്രമാണങ്ങളിലും എഴുത്തുകുത്തുകളിലും ഉപയോഗിച്ചിരുന്നത് അഴകത്ത് കണക്ക്പിള്ളയാടി ഈശ്വരൻ പത്മനാഭൻ എന്നാണ്. 1929 ൽ കാസരോഗം പിടിപെട്ടു. 1931 നവംബർ 6ന് അന്തരിച്ചു.