1909 ജൂൺ 30 ന് ഇടപ്പള്ളി ഇളമക്കരയിലെ പാണ്ടവത്തുവീട്ടിൽ നീലകണ്ഠപ്പിള്ളയുടെയും വടക്കൻ പറവൂർ കോട്ടുവള്ളിയിലെ കിഴക്കേപ്രം മുറിയിൽ താഴത്തുവീട്ടിൽ മീനാക്ഷിയമ്മയുടെയും മകനായി ഇടപ്പള്ളി രാഘവൻ പിള്ള ജനിച്ചു. ഗർഭാശയാർബ്ബുദം ബാധിച്ച അമ്മ അദ്ദേഹത്തിന്‍റെ ബാല്യത്തിൽത്തന്നെ ജീവനൊടുക്കി. തിരുവിതാംകൂർ എക്സൈസ് വകുപ്പിൽ ശിപായിയായിരുന്ന അച്ഛൻ പുനർവിവാഹം ചെയ്തു. പിതാവിന്‍റെ നിർബന്ധപ്രകാരം രാഘവൻ പിള്ളയും അനുജനും രണ്ടാനമ്മയുടെ വീട്ടിലേക്ക് താമസം മാറ്റിയെങ്കിലും രണ്ടാനമ്മയുമായി പൊരുത്തപ്പെടാനാകാതെ അനുജൻ ഗോപാലപിള്ള ചെറുപ്പത്തിലേ നാടുവിട്ടുപോയി.1915-ൽ ഇടപ്പള്ളി ചുറ്റുപാടുകര എം.എം.സ്കൂൾ ഫോർ ബോയ്സിൽ വിദ്യാർത്ഥിയായി ചേർന്നെങ്കിലും 11 ദിവസത്തെ അദ്ധ്യയനത്തിനുശേഷം പഠനം നിർത്തേണ്ടിവന്നു. പിന്നീട് 1919-ൽ ഇടപ്പള്ളി വടക്കുംഭാഗം ഹയർഗ്രേഡ് വെർണാക്കുലർ സ്കൂളിൽ ചേർന്ന് 3-ആം സ്റ്റാൻഡേർഡ് പാസ്സായി ചുറ്റുപാടുകര ഇംഗ്ലീഷ് മിഡിൽ സ്കൂളിൽ ചേർന്നു. രണ്ടാനമ്മയൊത്തുള്ള കുടുംബജീവിതത്തിലെ അസ്വാസ്ഥ്യങ്ങൾ, ദാരിദ്ര്യം, അച്ഛന്‍റെ കുത്തഴിഞ്ഞ ജീവിതം ഇവകൊണ്ട് വിഷാദിയും ഏകാകിയുമായിത്തീർന്നിരുന്നു അദ്ദേഹം. ഇടപ്പള്ളി സാഹിത്യസമാജത്തിലെ അംഗത്വവും മേലങ്ങത്ത് അച്യുതമേനോൻ, ഇടപ്പള്ളി കരുണാകരമേനോൻ തുടങ്ങിയവരുമായുള്ള ബന്ധവും ജന്മസഹജമായ കവിതാവാസനയെ പോഷിപ്പിച്ചു. ഇക്കാലത്താണ് ഇടപ്പള്ളി രാഘവൻ പിള്ള ചങ്ങമ്പുഴയെ പരിചയപ്പെടുന്നതും. ഇരുവരും ആദ്യം ബദ്ധശത്രുക്കളായിരുന്നെങ്കിലും പിന്നീട് ഒറ്റ ഹൃദയവും രണ്ടു ശരീരവും പോലെയായിത്തീർന്നു. 1927-ൽ തേഡ് ഫോറം ജയിച്ച് ഇളമക്കരയിലെ പ്രശസ്തമായ ധനികകുടുംബത്തിൽ ട്യൂഷൻ മാസ്റ്ററായി. എറണാകുളം മഹാരാജാസ് സ്കൂളിൽ വിദ്യാർത്ഥിയായിച്ചേർന്ന് സ്കൂൾഫൈനൽ പരീക്ഷ ജയിച്ച അദ്ദേഹം ആ കുടുംബത്തിലെ കാര്യസ്ഥപ്പണിക്ക് നിയോഗിക്കപ്പെട്ടു.ഹൈസ്കൂൾ കാലത്തിനിടയിൽ വളർന്ന പ്രേമബന്ധം ഇടപ്പള്ളിയെ തിരുവനന്തപുരത്തേക്ക് താമസം മാറ്റാൻ ഇടയാക്കി. കുറച്ചുകാലം തിരുവനന്തപുരം ഭാഷാഭിവർദ്ധിനി ബുക്ക് ഡിപ്പോയിൽ ഗുമസ്തനായിനിന്നു. സുഹൃത്തുക്കളുടെ സഹായത്താൽ പ്രതിവാരപത്രമായ ‘ശ്രീമതി’യിൽ കണക്കപ്പിള്ളയായി. ‘ശ്രീമതി’ പ്രസിദ്ധീകരണം നിന്നപ്പോൾ ‘കേരളകേസരി’യിൽ ഗുമസ്തനായി. മാതൃഭൂമി ആഴ്ചപ്പതിപ്പ്, മലയാളരാജ്യം ചിത്രവാരി തുടങ്ങിയവയിൽ കവിതകൾ ഇക്കാലത്ത് ധാരാളം പ്രസിദ്ധീകരിക്കപ്പെട്ടു. മഹാകവി ഉള്ളൂരിനെ പരിചയപ്പെടുന്നതും അദ്ദേഹത്തിന്‍റെ അവതാരികയോടെ പ്രഥമകവിതാസമാഹാരമായ തുഷാരഹാരം പ്രസിദ്ധീകരിക്കുന്നതും തിരുവനന്തപുരത്തുവെച്ചാണ്. കൊല്ലവർഷം 1110-ലാണ് ഭാഷാഭിവർദ്ധിനി ബുക്ക് ഡിപ്പോ 'തുഷാരഹാരം' പ്രസിദ്ധീകരിച്ചത്. ‘കേരളകേസരി’യുടെ പ്രസിദ്ധീകരണം നിലച്ചപ്പോൾ പ്രശസ്തവക്കീലായിരുന്ന വൈക്കം വി.എം. നാരായണപിള്ളയോടൊപ്പം കൊല്ലത്തെ അദ്ദേഹത്തിന്‍റെ വസതിയിൽ താമസമാക്കി.
കൊല്ലത്ത് വൈക്കം നാരായണപിള്ളയുടെ വീട്ടിൽ താമസിക്കുന്ന് കാലത്താണ് താൻ സ്നേഹിച്ച പെൺകുട്ടിയുടെ വിവാഹക്ഷണപത്രം ഇടപ്പള്ളിക്കു കിട്ടുന്നത്. 1936 ജൂലൈ 5-ന് ശനിയാഴ്ച രാത്രി ഇടപ്പള്ളി രാഘവൻ പിള്ള നാരായണപിള്ളയുടെ വീട്ടിൽ തൂങ്ങിമരിച്ചു. ആത്മഹത്യ ചെയ്യുമ്പോൾ അദ്ദേഹത്തിന്‍റെ പ്രായം വെറും 27 വയസായിരുന്നു. ആത്മഹത്യയ്ക്കു മുമ്പായി, മൃതിവിഷയകമായി രാഘവൻ പിള്ള രചിച്ച കവിതകളാണ് 'മണിനാദം', 'നാളത്തെ പ്രഭാതം' എന്നിവ. 'മണിനാദം' മാതൃഭൂമി ആഴ്ചപ്പതിപ്പിനും 'നാളത്തെ പ്രഭാതം' മലയാളരാജ്യം ചിത്രവാരികയ്ക്കും കൊടുക്കുകയും ഉടൻ പ്രസിദ്ധീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു രാഘവൻ പിള്ള. അദ്ദേഹത്തിന്‍റെ മരണപ്പിറ്റേന്ന് (1936 ജൂലൈ 6-ന്) പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ 'മണിനാദം' അച്ചടിച്ചുവന്നു. ദിനപ്പത്രങ്ങളിൽ മരണവാർത്ത വന്നതും അതേദിവസമായിരുന്നു. 'നാളത്തെ പ്രഭാത'വുമായി മലയാളരാജ്യം ജൂലൈ 7-ന് പുറത്തിറങ്ങി.
തന്‍റെ മരണപത്രത്തിൽ അദ്ദേഹം ഇങ്ങനെ എഴുതി: ഞാൻ ഒന്നുറങ്ങിയിട്ട് ദിവസങ്ങൾ അല്ല, മാസങ്ങൾ വളരെയായി. കഠിനമായഹൃദയവേദന; ഇങ്ങനെ അല്‍പാല്‍പം മരിച്ചുകൊണ്ട് എന്‍റെ അവസാനദിനത്തെ പ്രതീക്ഷിക്കുവാൻ ഞാനശക്തനാണ്. ഒരു കർമ്മവീരനാകുവാൻ നോക്കി; ഒരു ഭ്രാന്തനായി മാറുവാനാണ് ഭാവം. സ്വാതന്ത്ര്യത്തിനു കൊതി; അടിമത്തത്തിനു വിധി. മോചനത്തിനുവേണ്ടിയുള്ള ഓരോ മറിച്ചിലും ഈ ചരടിനെ കൊടുമ്പിരിക്കൊള്ളിക്കുക മാത്രമാണ് ചെയ്യുന്നത്. എന്‍റെ രക്ഷിതാക്കൾ എനിക്കു ജീവിക്കാൻ വേണ്ടുന്നത് സന്തോഷത്തോടും സ്നേഹത്തോടും തരുന്നുണ്ടാകും. പക്ഷേ, ഈ ഔദാര്യമെല്ലാം എന്‍റെ ആത്മാഭിമാനത്തെ പാതാളംവരെയും മർദ്ദിച്ചുകൊണ്ടിരിക്കുന്നു. ഇത് മഹാഭാരമായിട്ടാണ് തീരുന്നത്. ഞാൻ ശ്വസിക്കുന്ന വായു ആകമാനം അസ്വാതന്ത്ര്യത്തിന്‍റെ വിഷബീജങ്ങളാൽ മലീമസമാണ്. ഞാൻ കഴിക്കുന്ന ആഹാരമെല്ലാം ദാസ്യത്തിന്‍റെ കല്ലുകടിക്കുന്നവയാണ്. ഞാൻ ഉടുക്കുന്ന വസ്ത്രംപോലും പാരതന്ത്ര്യത്തിന്‍റെ കാരിരുമ്പാണി നിറഞ്ഞതാണ്. പ്രവർത്തിക്കുവാൻ എന്തെങ്കിലുമുണ്ടായിരിക്കുക, സ്നേഹിക്കുവാൻ എന്തെങ്കിലുമുണ്ടായിരിക്കുക, ആശിക്കുവാൻ എന്തെങ്കിലുമുണ്ടായിരിക്കുക - ഈ മൂന്നിലുമാണ് ലോകത്തിലെ സുഖം അന്തർഭവിച്ചിരിക്കുന്നത്. ഇവയിലെല്ലാം എനിക്ക് നിരാശതയാണ് അനുഭവം. എനിക്ക് ഏകരക്ഷാമാർഗ്ഗം മരണമാണ്. അതിനെ ഞാൻ സസന്തോഷം വരിക്കുന്നു. ആനന്ദപ്രദമായ ഈ വേർപ്പാടിൽ ആരും നഷ്ടപ്പെടുന്നില്ല; ഞാൻ നേടുന്നുമുണ്ട്. മനസാ വാചാ കർമ്മണാ ഇതിൽ ആർക്കും ഉത്തരവാദിത്തമില്ല. സമുദായത്തിന്‍റെ സംശയദൃഷ്ടിയും നിയമത്തിന്‍റെ നിശിതഖഡ്ഗവും നിരപരാധിത്വത്തിന്‍റെമേൽ പതിക്കരുതേ! എനിക്ക് പാട്ടുപാടുവാൻ ആഗ്രഹമുണ്ട്; എന്‍റെ മുരളി തകർന്നുപോയി - കൂപ്പുകൈ!