കോഴിക്കോട് ജില്ലയിലെ അവിടനല്ലൂർ എന്ന ഗ്രാമത്തിൽ 1927 ജൂലൈ 14നാണ് എൻ.എൻ. കക്കാട് (നാരായണൻ നമ്പൂതിരി കക്കാട്) ജനിച്ചത്. കക്കാട് വലിയ നാരായണൻ നമ്പൂതിരിയും ദേവകി അന്തർജനവുമാണ് മാതാപിതാക്കൾ. 1955 ഏപ്രിൽ 26ന് ചെർപ്പുളശ്ശേരിക്കാരിയായ ശ്രീദേവിയെ വിവാഹം ചെയ്തു അദ്ധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ച അദ്ദേഹം ജീവിതത്തിന്‍റെ ഏറിയ പങ്കും കോഴിക്കോട് ആകാശവാണിയിലാണ് ജോലിചെയ്തത്. സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം ഇടതുപക്ഷത്തേക്ക് ചേർന്നു. 1960-കളിൽ ഇന്ത്യ ചൈന യുദ്ധത്തിൽ ചൈനയെ അനുകൂലിച്ചു എന്ന് അദ്ദേഹം ആരോപിക്കപ്പെട്ടു. ജീവിതത്തിലെ ഇത്തരം ഗതിവിഗതികൽ അദ്ദേഹത്തിന്‍റെ കവിതകളിലും പ്രതിഫലിച്ചു കാണാം. നടുവണ്ണൂർ സ്കൂളിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചുവെങ്കിലും മാനേജുമെൻറുമായുണ്ടായ തർക്കത്തെത്തുടർന്ന് അദ്ദേഹം ആ ജോലി ഉപേക്ഷിച്ചു. കോഴിക്കോട് ട്യൂട്ടോറിയൽ കോളേജിൽ അദ്ധ്യാപകനായി കുറച്ചുകാലം ജോലി ചെയ്തു. മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പിന്തുണയോടെ ബാലുശ്ശേരിയിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിച്ചുവെങ്കിലും പരാജയപ്പെട്ടു. ആകാശവാണിയിൽ ഉദ്യോഗസ്ഥനായ അദ്ദേഹം അവിടെ കലാകാരന്മാരുടെ അസോസിയേഷൻ ഉണ്ടാക്കി സേവന വ്യവസ്ഥകൾ മെച്ചപ്പെടുത്താൻ ശ്രമിച്ചവരിൽ ഒരാളാണദ്ദേഹം. കേരള സാഹിത്യ സമിതി, വള്ളത്തോൾ വിദ്യാപീഠം എന്നിവയിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. 1985ൽ അദ്ദേഹം ആകാശവാണിയിലെ പ്രൊഡ്യൂസർ സ്ഥാനത്തു നിന്ന് വിരമിച്ചു. കേരള സാഹിത്യ അക്കാഡമിയിലും സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിലും അദ്ദേഹം അംഗമായിരുന്നിട്ടുണ്ട്. 1987 ജനുവരി 6ന് അർബുദരോഗ ബാധയാൽ അദ്ദേഹം മരിച്ചു. പുരസ്കാരങ്ങൾ:- വയലാർ പുരസ്കാരം - 1986