1916 മെയ് 13 ന് തൃശൂരിലെ ചേർപ്പിൽ ഞെരുക്കാവിൽ വാരിയത്താണ് എൻ.വി.കൃഷ്ണവാരിയരുടെ ജനനം.അച്ഛൻ: അച്യുത വാരിയർ. അമ്മ:മാധവി വാരസ്യാർ.വല്ലച്ചിറ പ്രൈമറി സ്കൂൾ,പെരുവനം സംസ്കൃത സ്കൂൾ,തൃപ്പൂണിത്തുറ സംസ്കൃത കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.മദ്രാസ് സർവകലാശാലയിൽ ഗവേഷണം.വ്യാകരണ ഭൂഷണം, സാഹിത്യ ശിരോമണി, ബി.ഒ.എൽ,എം.ലിറ്റ്,ജർമ്മൻ ഭഷയിൽ ഡിപ്ലോമ, രാഷ്ട്രഭാഷാ വിശാരദ് തുടങ്ങിയ ബിരുദങ്ങൾ കരസ്ഥമാക്കി. വിവിധ ഹൈസ്കൂളുകളിൽ അദ്ധ്യാപകനായിരുന്ന വാരിയർ 1942 ൽ ജോലി രാജിവെച്ച് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു.ഒളിവിൽ പോകുകയും `സ്വതന്ത്ര ഭാരതം' എന്ന നിരോധിക്കപ്പെട്ട പത്രം നടത്തുകയും ചെയ്തു. പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളേജിലും തൃശൂർ കേരളവർമ്മ കോളേജിലും ലക്‌ചററായി.1968-75 കാലത്ത് കേരള ഭാഷാഇൻസ്റ്റിറ്റൂട്ടിന്‍റെ സ്ഥാപക ഡയറക്ടറായി പ്രവർത്തിച്ചു. മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ മുഖ്യ പത്രാധിപരും കുങ്കുമം വാരികയുടെ പത്രാധിപരുമായിരുന്നു.വിജ്ഞാന കൈരളി പത്രാധിപർ,മധുരയിലെ ദ്രാവിഡ ഭാഷാ സമിതിയുടെ സീനിയർ ഫെലോ എന്നീ നിലകളിലും പ്രവർത്തിച്ചു. ആദ്യ കവിതാസമാഹാരമായ "നീണ്ടകവിതകൾ" 1948 ൽ പ്രസിദ്ധീകരിച്ചു. "ഗാന്ധിയും ഗോഡ്‌സേയും" എന്ന കവിതാസമാഹാരത്തിനും "വള്ളത്തോളിന്‍റെ കാവ്യശില്പം" എന്ന നിരൂപണഗ്രന്ഥത്തിനും "വെല്ലുവിളികൾ പ്രതികരണങ്ങൾ" എന്ന വൈജ്ഞാനിക സാഹിത്യ പുസ്തകത്തിനും കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ ലഭിച്ചു. 1989 ഒക്ടോബർ 12 ന് കൃഷ്ണവാരിയർ അന്തരിച്ചു. മലയാളത്തിലെ പത്രപ്രവർത്തനം, വിജ്ഞാനസാഹിത്യം, കവിത, സാഹിത്യ ഗവേഷണം എന്നീ മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ ഒരു വ്യക്തിത്വമായിരുന്നു. ബഹുഭാഷാപണ്ഡിതൻ, കവി, സാഹിത്യചിന്തകൻ എന്നീ നിലകളിലും എൻ.വി. കൃഷ്ണവാരിയർ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. മലയാളസാഹിത്യവിമർശന രംഗത്തെ പുരോഗമനവാദികളിൽ ഒരാളായിരുന്നു ഇദ്ദേഹം.
പുരസ്കാരങ്ങൾ:- കേരള സാഹിത്യ അക്കാദമി പുരസ്കാരം - 1970