കൊല്ലം ജില്ലയിലെ ചവറയിൽ ഒറ്റപ്ലാക്കൽ കുടുംബത്തിൽ ഒ. എൻ. കൃഷ്ണകുറുപ്പിന്‍റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി 1931 മേയ് 27 ജനിച്ചു. ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് എന്നാണ് പൂർണ്ണനാമം. ഈ ദമ്പതികളുടെ മൂന്നുമക്കളിൽ ഇളയമകനായിരുന്നു ഒ.എൻ.വി. അദ്ദേഹത്തിന് എട്ടു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. പരമേശ്വരൻ എന്നായിരുന്നു ആദ്യത്തെ പേര്. അപ്പു ഓമനപ്പേരും. സ്കൂളിൽ ചേർത്തപ്പോൾ മുത്തച്ഛനായ തേവാടി വേലുക്കുറുപ്പിന്‍റെ പേരാണ് നൽകിയത്. അങ്ങനെ അച്ഛന്‍റെ ഇൻഷ്യലും മുത്തച്ഛന്‍റെ പേരും ചേർന്ന് പരമേശ്വരൻ എന്ന അപ്പു സ്കൂളിൽ ഒ.എൻ.വേലുക്കുറുപ്പും സഹൃദയർക്ക് പ്രിയങ്കരനായ ഒ.എൻ.വി.യുമായി. പ്രാഥമിക വിദ്യാഭ്യാസം കൊല്ലത്തായിരുന്നു. ശങ്കരമംഗലം ഹൈസ്കൂളിൽ തുടർ വിദ്യാഭ്യാസം. 1948-ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ഇൻറർമീഡിയറ്റ് പാസ്സായ ഒ.എൻ.വി കൊല്ലം എസ്.എൻ.കോളേജിൽ ബിരുദപഠനത്തിനായി ചേർന്നു. 1952-ൽ സാമ്പത്തികശാസ്ത്രത്തിൽ ബിരുദമെടുത്തു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും 1955-ൽ മലയാളത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. പത്നി: സരോജിനി, മകൻ: രാജീവ്, മകൾ: മായാദേവി. 1989-ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്രനായി തിരുവനന്തപുരം മണ്ഡലത്തിൽ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1982 മുതൽ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്‍റെ ചെയർമാൻ സ്ഥാനവും ഒ.എൻ.വി വഹിച്ചിട്ടുണ്ട്. അവസാനകാലത്ത് വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെ പൊറുതിമുട്ടിയിരുന്നുവെങ്കിലും കവിതാലോകത്തും സംസ്കാരികമണ്ഡലങ്ങളിലും സജീവസാന്നിദ്ധ്യമായിരുന്നു ഒ.എൻ.വി. 2016 ജനുവരി 21-ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ചുനടന്ന പാകിസ്താനി ഗസൽ മാന്ത്രികൻ ഗുലാം അലിയുടെ കച്ചേരിയാണ് അദ്ദേഹം അവസാനം പങ്കെടുത്ത പൊതുപരിപാടി. വീൽച്ചെയറിലാണ് അദ്ദേഹം അന്ന് പരിപാടിയ്ക്കെത്തിയത്. കുറച്ചുദിവസങ്ങൾക്കുശേഷം അദ്ദേഹം ആശുപത്രിയിലായി. ഓരോ ദിവസം ചെല്ലുംതോറും അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളായിക്കൊണ്ടിരുന്നു. ഒടുവിൽ 2016 ഫെബ്രുവരി 13-ന് വൈകീട്ട് 4:30-ന് തന്‍റെ 84-ആം വയസ്സിൽ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. ഹൃദയസ്തംഭനമായിരുന്നു മരണകാരണം. മൃതദേഹം സ്വവസതിയായ വഴുതക്കാട്ടെ ഇന്ദീവരത്തിലും വി.ജെ.ടി. ഹാളിലുമായി രണ്ടുദിവസം പൊതുദർശനത്തിന് വച്ചശേഷം ഒ.എൻ.വി. തന്നെ നാമകരണം ചെയ്ത തൈക്കാട് ശാന്തികവാടം ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. അദ്ദേഹത്തിന്‍റെ ശവസംസ്കാരം നടക്കുമ്പോൾ ഗാനഗന്ധർവൻ ഡോ. കെ.ജെ. യേശുദാസിന്‍റെ നേതൃത്വത്തിൽ 84 ഗായകർ അണിനിരന്ന് അദ്ദേഹത്തിന്‍റെ കവിതകളും ഗാനങ്ങളും ആലപിച്ച് അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു.
പുരസ്കാരങ്ങൾ:- കേരള സാഹിത്യ അക്കാദമി പുരസ്കാരം - 1971