പതിനെട്ടാം നൂറ്റാണ്ടിലെ (1705-1770) പ്രമുഖ മലയാളഭാഷാ കവിയാണ് കുഞ്ചൻ നമ്പ്യാർ. പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേ തുള്ളൽ എന്ന നൃത്തകലാരൂപത്തിന്‍റെ ഉപജ്ഞാതാവെന്ന നിലയിലും പ്രസിദ്ധനായ നമ്പ്യാരുടെ കൃതികൾ മിക്കവയും തുള്ളൽ അവതരണങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി എഴുതപ്പെട്ടവയാണ്.നർമ്മത്തിൽ പൊതിഞ്ഞ സാമൂഹ്യവിമർശനമാണ് അദ്ദേഹത്തിന്‍റെ കൃതികളുടെ മുഖമുദ്ര. മലയാളത്തിലെ ഹാസ്യകവികളിൽ അഗ്രഗണനീയനാണ് നമ്പ്യാർ.നമ്പ്യാരുടെ ജീവിതത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുന്ന രേഖകളൊന്നുമില്ല. ലഭ്യമായ അറിവു വച്ച്, ഇന്നത്തെ പാലക്കാട് ജില്ലയിലെ ലക്കിടി തീവണ്ടിയാപ്പീസിനടുത്തുള്ള കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്ത് ഭവനത്തിലായിരുന്നു നമ്പ്യാരുടെ ജനനം എന്ന് കരുതപ്പെടുന്നു.ബാല്യകാല വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം പിതാവിനോടൊപ്പം പിതൃദേശമായ കിടങ്ങൂരിലെത്തി. തുടർന്ന് ചെമ്പകശ്ശേരിരാജാവിന്‍റെ ആശ്രിതനായി ഏറെക്കാലം അമ്പലപ്പുഴയിലാണ് അദ്ദേഹം ജീവിച്ചത്. ഇക്കാലത്താണ് തുള്ളൽ കൃതികളിൽ മിക്കവയും എഴുതിയതെന്ന് കരുതപ്പെടുന്നു.1746-ൽ മാർത്താണ്ഡവർമ്മ ചെമ്പകശ്ശേരി രാജ്യം കീഴടക്കി വേണാടിനോട് ചേർത്തതിനെ തുടർന്ന് നമ്പ്യാർ തിരുവനന്തപുരത്തേക്കു താമസം മാറ്റി.അവിടെ അദ്ദേഹം, മാർത്താണ്ഡവർമ്മയുടേയും അദ്ദേഹത്തെ തുടർന്ന് ഭരണമേറ്റ കാത്തിക തിരുനാളിന്‍റെയും (ധർമ്മരാജാവ്) ആശ്രിതനായി ജീവിച്ചു. വാർദ്ധക്യത്തിൽ രാജസദസ്സിലെ ജീവിതം ബുദ്ധിമുട്ടായിത്തോന്നിയ അദ്ദേഹം സ്വന്തം നാടായ അമ്പലപ്പുഴക്ക് മടങ്ങാൻ ആഗ്രഹിച്ചു.1770-ലായിരുന്നു മരണം എന്ന് കരുതപ്പെടുന്നു. പേപ്പട്ടി വിഷബാധയായിരുന്നു മരണകാരണം എന്നൊരു കഥ പ്രചരിച്ചിട്ടുണ്ട്.അമ്പലപ്പുഴ ക്ഷേത്രത്തിൽ ചാക്യാർകൂത്ത് എന്ന ക്ഷേത്രകലയിൽ മിഴാവ് കൊട്ടുകയായിരുന്ന നമ്പ്യാർ ഒരിക്കൽ ഉറങ്ങിയപ്പോൾ പരിഹാസപ്രിയനായ ചാക്യാർ അരങ്ങത്തുവച്ചുതന്നെ കലശലായി പരിഹസിച്ചു ശകാരിച്ചതാണ് തുള്ളലിന്‍റെ തുടക്കത്തിന് കാരണമായതെന്ന് ഒരു കഥയുണ്ട്. പകരം വീട്ടാൻ അടുത്ത ദിവസം തന്നെ നമ്പ്യാർ ആവിഷ്കരിച്ച് അവതരിപ്പിച്ച പുതിയ കലാരൂപമായിരുന്നത്രെ തുള്ളൽ. തുള്ളലിന് കൂത്തുമായി വളരെ സാമ്യമുണ്ടെന്നതൊഴിച്ചാൽ ഈ ഐതിഹ്യത്തിൽ എത്രമാത്രം സത്യമുണ്ടെന്ന് പറയുക ബുദ്ധിമുട്ടാണ്. ഏതായാലും തുള്ളലിനെ ഒരൊന്നാംകിട കലാരൂപമായി വികസിച്ചെടുക്കാനും അതിന് പരക്കെ അംഗീകാരം നേടിയെടുക്കാനും നമ്പ്യാർക്ക് കഴിഞ്ഞു. അസാമാന്യമായ ഭാഷാനൈപുണ്യം കൊണ്ട് അനുഗൃഹീതനായിരുന്നു നമ്പ്യാർ. വാക്കുകൾ അദ്ദേഹത്തിന്‍റെ നാവിൽ നൃത്തം ചെയ്യുകയായിരുന്നത്രെ.തുള്ളലുകളുടെ ഭാഷയായി നമ്പ്യാർ തെരഞ്ഞെടുത്തത് സംസാരഭാഷയോട് ഏറ്റവും അടുത്ത സാധാരണക്കാരന്‍റെ ഭാഷയാണ്. അത് അവയ്ക്ക് കൂടുതൽ സ്വീകാര്യത നേടിക്കൊടുത്തു. സാധാരണക്കാർക്ക് രുചിക്കുന്ന കവിത അവരുടെ ഭാഷയിൽ തന്നെ ആയിരിക്കണം എന്ന് നമ്പ്യാർ പറഞ്ഞിട്ടുണ്ട്.