1873 ഏപ്രിൽ 12-ന് ചിറയിൻകീഴ് താലൂക്കിൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ് ആശാൻ ജനിച്ചത്. അച്ഛൻ നാരായണൻ പെരുങ്ങാടി മലയാളത്തിലും തമിഴിലും നിപുണനായിരുന്നു.അദ്ദേഹം ഈഴവസമുദായത്തിലെ ഒരു മാന്യവ്യക്തിയായിരുന്നു. പ്രധാന തൊഴിൽ കച്ചവടമായിരുന്നുവെങ്കിലും അദ്ദേഹം നാട്ടുകാര്യങ്ങളിലും ശ്രദ്ധ പതിപ്പിക്കുകയും മലയാളത്തിൽ കീർത്തനങ്ങൾ രചിക്കുകയും അവ മനോഹരമായി ആലപിക്കുകയും ചെയ്യുമായിരുന്നു. അമ്മ കാളിയമ്മ തികഞ്ഞൊരു ഈശ്വരഭക്തയായ കുടുംബിനിയായിരുന്നു. ഒമ്പതു മക്കളുള്ള കുടുംബത്തിലെ രണ്ടാമത്തെ മകനായിരുന്നു കുമാരൻ. കുമാരുവിനു കഥകളിയിലും ശാസ്ത്രീയ സംഗീതത്തിലും ഉള്ള താല്‍പര്യം അച്ഛനിൽ നിന്നു ലഭിച്ചു. കുമാരുവിനു ബാല്യകാലത്ത് പലവിധ അസുഖങ്ങൾ വന്ന് കിടപ്പിലാവുക പതിവായിരുന്നു. അങ്ങനെ ഇരിക്കെ കുമാരൻറെ പതിനെട്ടാമത്തെ വയസ്സിൽ അസുഖം ബാധിച്ച് കിടപ്പിലായിരുന്ന അവസരത്തിൽ , കുമാരുവിന്‍റെ അച്ഛന്‍റെ ക്ഷണപ്രകാരം, ശ്രീനാരായണഗുരു വീട്ടിൽ വരുകയും കുമാരുവിനെ കൂട്ടികൊണ്ട് പോവുകയും ചെയ്തു. ഗോവിന്ദൻ ആശാൻറെ കീഴിൽ യോഗയും താന്ത്രികവും ആഭ്യസിച്ച് വക്കത്തുള്ള ഒരു മുരുകൻ ക്ഷേത്രത്തിൽ കഴിയുമ്പോൾ കുമാരുവിനു കവിത എഴുത്ത് ഒരു കമ്പം ആയി രൂപപെട്ടിരുന്നു. അന്നത്തെ പതിവനുസരിച്ച് 7 വയസ്സായപ്പോൾ കുമാരുവിനെ കുട്ടിപ്പള്ളിക്കൂടത്തിൽ ചേർത്തു. പ്രഥമ ഗുരു തുണ്ടത്തിൽ പെരുമാളാശാനായിരുന്നു. സമർത്ഥനായ കുമാരു വേഗം തന്നെ എഴുത്തും കണക്കും പഠിച്ചു. എട്ടു വയസ്സായപ്പോൾ സംസ്കൃത പഠനം ആരംഭിച്ചു. ഇതിനിടയിൽ കുമാരുവിന്‍റെ അച്ഛന്‍റെയും മറ്റും പ്രയത്നത്താൽ അവിടെയൊരു പ്രൈമറി സ്കൂൾ സ്ഥാപിച്ചു പതിനൊന്നാമത്തെ വയസ്സിൽ ആ സ്കൂളിൽ രണ്ടാം തരത്തിൽ ചേർന്നു. പതിനാലാമത്തെ വയസ്സിൽ പ്രശസ്തമായ രീതിയിൽ തന്നെ സ്കൂൾ പരീക്ഷ പാസ്സായി. കുറച്ചു കാലം പഠിച്ച സ്കൂളിൽ തന്നെ അദ്ധ്യാപകനായി ജോലി നോക്കി. സർക്കാർ നിയമപ്രകാരം അത്ര ചെറു പ്രായത്തിലുള്ളവരെ അദ്ധ്യാപകരായി നിയമിക്കാൻ വകുപ്പില്ലായിരുന്നതിനാൽ ആ ജോലി സ്ഥിരപ്പെട്ടു കിട്ടിയില്ല. അദ്ധ്യാപക ജോലി അവസാനിപ്പിച്ച് ചില സ്നേഹിതന്മാരോടൊപ്പം കൂടി സ്വയം ഇംഗ്ലീഷ് പഠിക്കാൻ ആരംഭിച്ചു. കിട്ടുന്ന പുസ്തകങ്ങളെല്ലാം കുമാരു ആർത്തിയോടെ വായിച്ചു തീർക്കുമായിരുന്നു. കുമാരുവിനെ കൂടുതൽ പഠിപ്പിക്കണമെന്ന് അച്ഛന് ആഗ്രഹമുണ്ടായിരുന്നെങ്കിലും വലിയ തുക കൊടുത്ത് പഠിപ്പിക്കാൻ അന്നത്തെ സാമ്പത്തിക ചുറ്റുപാട് അനുവദിച്ചിരുന്നില്ല. വെറുതേയിരുത്തേണ്ടെന്ന് കരുതി അച്ഛൻ മകന് കൊച്ചാര്യൻ വൈദ്യൻ എന്നൊരാളിന്‍റെ കടയിൽ കണക്കെഴുത്ത് ജോലി സംഘടിപ്പിച്ചു കൊടുത്തു. മുഷിഞ്ഞ ആ ജോലി ഉപേക്ഷിച്ച് കുമാരു വീട്ടിൽ നിന്നിറങ്ങി പോയി വല്യച്ഛന്‍റെ വിട്ടിൽ താമസിച്ചു. കണക്കെഴുത്തു ജോലിയിൽ ഏർപ്പെട്ടിരുന്ന നേരത്തു തന്നെ കുമാരു കവിതയെഴുതാൻ തുടങ്ങിയിരുന്നു. പരവൂരിലെ കേശവനാശാൻ പ്രസിദ്ധീകരിച്ചിരുന്ന “സുജനാനന്ദിനി” എന്ന മാസികയിൽ കുമാരന്‍റെ രചനകൾ കുമാരു, എൻ. കുമാരൻ, കായിക്കര എൻ. കുമാരൻ എന്നീ പേരുകളിലൊക്കെ പ്രസിദ്ധീകരിക്കപ്പെട്ടു തുടങ്ങി. തന്‍റെ കണക്കെഴുത്തുകാരന്‍റെ ജ്ഞാനതൃഷ്ണ മനസ്സിലാക്കിയിരുന്ന കൊച്ചാര്യൻ വൈദ്യൻ അവനെ തുടർന്ന് പഠിപ്പിക്കണമെന്ന് കുമാരുവിന്‍റെ അച്ഛനോട് നിർബന്ധമായി പറഞ്ഞു. മണമ്പൂർ ഗോവിന്ദനാശാൻ എന്ന പ്രമുഖ പണ്ഡിതന്‍റെ “വിജ്ഞാനസന്ദായിനി” എന്ന പാഠശാലയിൽ കുമാരുവിനെ കൊണ്ട് ചേർത്തു. പാട്ടുകളും ശ്ലോകങ്ങളും എഴുതുന്ന കാര്യത്തിൽ അന്ന് കുമാരുവിനെ വെല്ലാൻ അവിടെയാരുമില്ലായിരുന്നു. ശ്രീനാരായണഗുരുവുമായി പരിചയപ്പെട്ടത് ആശാന്‍റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ആദ്യ കാഴ്ചയിൽ തന്നെ ആ മഹായോഗിയും കുമാരുവും പരസ്പരം വ്യാഖ്യാനിക്കാൻ കഴിയാത്തൊരു ആത്മീയബന്ധത്താൽ ആകൃഷ്ടരായി. കുമാരുവിന്‍റെ സ്തോത്രകവിതകൾ ഗുരുവിനെ അത്യധികം ആകർഷിച്ചു. ശൃംഗാരകവിതകളുടെ രചനകളിൽ ഇനി മുഴുകരുതെന്ന് ഗുരു കുമാരുവിനെ ഉപദേശിച്ചു. ജീവിതകാലം മുഴുവൻ നീണ്ടുനിന്നൊരു സുദൃഢമായ ബന്ധത്തിന്‍റെ തുടക്കമായിരുന്നു അത്. ശ്രീനാരായണ ഗുരുവിന്‍റെ ആത്മീയ ചൈതന്യം കുമാരുവിനെ ക്രമേണ യോഗിയും വേദാന്തിയുമാക്കി. കുറച്ചുകാലം അഞ്ചുതെങ്ങ് കായിക്കരയിലെ ശ്രീ: സുബ്ര്യമന്ന്യ സ്വാമിക്ഷേത്രത്തിൽ പൂജാരിയായി. ഉദ്ദേശം ഇരുപത് വയസ്സ് പ്രായമായപ്പോൾ കുമാരു വക്കം സുബ്രഹ്മണ്യക്ഷേത്രത്തിൽ ചെന്ന് കൂടി അന്തേവാസിയായി മതഗ്രന്ഥ പാരായണത്തിലും, യോഗാസനത്തിലും ധ്യാനത്തിലും മുഴുകി. അക്കാലത്ത് അദ്ദേഹം ക്ഷേത്രപരിസരത്ത് ഒരു സംസ്കൃതപാഠശാല ആരംഭിച്ചു. സംസ്കൃതം പഠിപ്പിച്ചു തുടങ്ങിയതോടെ നാട്ടുകാർ അദ്ദേഹത്തെ “കുമാരനാശാൻ“ എന്ന് വിളിച്ചു തുടങ്ങി. അല്‍പകാലം അവിടെ കഴിഞ്ഞശേഷം കുമാരനാശാൻ നാടുവിട്ടു ഏകനായി കുറ്റാലത്തെത്തി. അവിടെ വച്ച് മലമ്പനി ബാധിച്ചു. ഈ യാത്രയുടെ അവസാനം അരുവിപ്പുറത്തായിരുന്നു. ശ്രീനാരായണഗുരുദേവൻ തന്നെ ശിഷ്യനെ ഉപരിപഠനത്തിനയക്കാൻ തീരുമാനിച്ചു. അതിനായി ബാംഗളൂരിൽ ജോലി നോക്കിയിരുന്ന ഡോ. പല്‍പുവിനെ ചുമതലപ്പെടുത്തി. ഇരുപത്തിനാലാമത്തെ വയസ്സിൽ ഉന്നത വിദ്യാഭ്യാസത്തിനായി ബാംഗ്ലൂർക്ക് പോയി (ശ്രീ ചാമരാജേന്ദ്ര സംസ്കൃത കോളെജ്) ന്യായശാസ്ത്രമായിരുന്നു ഐച്ഛിക വിഷയം. ശ്രീനാരായണഗുരുവുമൊന്നിച്ചാണ് ആശാൻ ബാംഗളുർ എത്തിയത്. ഡോ. പല്‍പുവിന്‍റെ കുടുംബാന്തരീക്ഷവും ബാംഗ്ലൂരിലെ ജീവിതവും ആശാന്‍റെ പ്രതിഭയെ കൂടുതൽ പ്രോജ്ജ്വലമാക്കിത്തിർക്കുന്നതിൽ വലിയൊരു പങ്കുവഹിച്ചു. അക്കാലത്ത് ഡോ. പല്‍പു കുമാരനാശാനൊരു പേരു നല്‍കി ❝ചിന്നസ്വാമി❞. ന്യായവിദ്വാൻ എന്ന തർക്കശാസ്ത്രപരീക്ഷയിൽ ഉന്നതവിജയം കൈവരിച്ചു സ്കോളർഷിപ്പിനർഹനായി മൂന്നുവർഷത്തോളം അദ്ദേഹം ബാംഗളൂരിൽ പഠിച്ചു. തുടർന്ന് ഡോ.പല്‍പുവിന്‍റെ പരിശ്രമഫലമായി ആശാന് 1898ൽ കൽക്കത്തയിലെ സംസ്കൃത കോളേജിൽ പ്രവേശനം ലഭിച്ചു. 25 മുതൽ 27 വയസ്സുവരെ കൽക്കത്തയിൽ അദ്ദേഹം പഠിച്ചു. ന്യായശാസ്ത്രം, ദർശനം, വ്യാകരണം, കാവ്യം എന്നിവയും അതിനു പുറമേ ഇംഗ്ലീഷും അദ്ദേഹം ഇക്കാലത്ത് അഭ്യസിച്ചു. ഡോ. പല്‍പുവാണ് ആശാന്‍റെ വിദ്യാഭ്യാസത്തിനു വേണ്ട സഹായങ്ങളെല്ലാം ചെയ്തത്. കൽക്കത്തയിലെ ജീവിതകാലം ഭൂരിഭാഗം പഠനത്തിനും ഗ്രന്ഥപാരായണത്തിനുമായി ആശാൻ ചെലവഴിച്ചു. ശ്രീനാരായണഗുരുദേവന്‍റെ ആജ്ഞാനുസാരം കൽക്കത്തയിലെ വിദ്യാഭ്യാസം അവസാനിപ്പിച്ച് കുമാരനാശാൻ അരുവിപ്പുറത്ത് മടങ്ങിയെത്തി. അരുവിപ്പുറത്തെ താമസത്തിനിടയ്ക്ക് അദ്ദേഹം “മൃത്യുഞ്ജയം”, “വിചിത്രവിജയം” തുടങ്ങിയ നാടകങ്ങളും, “ശിവസ്തോത്രമാല” തുടങ്ങിയ കവിതകളും രചിച്ചു. നന്നായില്ലെന്ന കാരണത്താൽ “വിചിത്രവിജയം” പ്രസിദ്ധികരിച്ചില്ല. മുന്നുവർഷത്തോളം ആശാൻ അരുവിപ്പുറത്തെ ആശ്രമത്തിൽ കഴിഞ്ഞു. അപ്പോഴേക്കും അദ്ദേഹത്തിന് 30 വയസ്സായിരുന്നു. ശ്രീനാരായണഗുരുവും ഡോ. പല്‍പുവും മുൻകൈയെടുത്ത് 1903 ജൂൺ 4-ന് എസ്.എൻ.ഡി.പി. യോഗം സ്ഥാപിതമായി. യോഗത്തിന്‍റെ സംഘടനാപരമായ ചുമതലകൾ അർപ്പിക്കാൻ ശ്രീനാരായണഗുരു തിരഞ്ഞെടുത്തത് പ്രിയ ശിഷ്യനായ കുമാരനാശാനെ ആയിരുന്നു. അങ്ങനെ 1903ൽ കുമാരനാശാൻ ആദ്യ യോഗം സെക്രട്ടറിയായി. ഏതാണ്ട് 16 വർഷക്കാലം അദ്ദേഹം ആ ചുമതല വഹിച്ചു. 1904ൽ അദ്ദേഹം എസ്.എൻ.ഡി.പി യോഗത്തിന്‍റെ മുഖപത്രമായി “വിവേകോദയം” മാസിക ആരംഭിച്ചു. എസ്.എൻ.ഡി.പി യോഗം സെക്രട്ടറി എന്ന നിലയ്ക്ക് കേരളത്തിലെ പിന്നോക്കസമുദായങ്ങളുടെ പുരോഗതിക്കുവേണ്ടി കുമാരനാശാൻ വഹിച്ച പങ്ക് നിസ്തുലമാണ്. സ്വപ്നജീവിയായ കവി അല്ലായിരുന്നു അദ്ദേഹം. സാമൂഹികയാഥാർത്ഥ്യങ്ങളുമായി നിരന്തരം ഇടപഴകിക്കൊണ്ടും അവയെ മാറ്റിത്തീർക്കാനുള്ള പരിശ്രമങ്ങളിൽ ഏർപ്പെട്ടുകൊണ്ടുമാണ് അദ്ദേഹം ജീവിച്ചത്. ആശാന്‍റെ കവിതകൾക്ക് അസാധാരണമായ ശക്തിവിശേഷം പ്രദാനം ചെയ്തത് ഈ സാമൂഹികബോധമാണ്. 1909-ൽ അദ്ദേഹത്തിന്‍റെകൂടി ശ്രമഫലമായി ഈഴവർക്കു തിരുവിതാംകൂർ നിയമ നിർമ്മാണ സഭയിൽ പ്രാതിനിധ്യം ലഭിച്ചു. അദ്ദേഹം നിയമസഭാംഗമായി പ്രവർത്തിച്ചു. നിയമ സഭയിലെ പ്രസംഗങ്ങൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 1922-ൽ മദ്രാസ് സർവകലാശാലയിൽ വച്ച് അന്നത്തെ വെയിൽസ് രാജകുമാരൻ ആശാന് മഹാകവി സ്ഥാനവും പട്ടും വളയും സമ്മാനിച്ചു. നാല്‍പത്തിനാലാം വയസ്സിലായിരുന്നു വിവാഹം. ഭാര്യയുടെ പേരു ഭാനുമതിയമ്മ എന്നായിരുന്നു. അവർ 1976ൽ അന്തരിച്ചു. 1921ൽ നാല് പങ്കാളികളോടുകൂടി ആലുവയ്ക്കടുത്ത് പെരിയാരിന്‍റെ കൈവഴിയോരത്ത്, ചെങ്ങമനാട് എന്ന സ്ഥലത്ത് ‘’യൂണിയൻ ടൈൽ വർക്സ്‘’ എന്ന കമ്പനി തുടങ്ങി. 2003ൽ ഈ സ്ഥാപനം അടച്ചുപൂട്ടി. അസംസ്കൃത വസ്തുവായ കളിമണ്ണിന്‍റെ ലഭ്യതക്കുറവു് കമ്പനി പൂട്ടാൻ ഒരു കാരണമാണ്. 1924 ജനുവരി 16-ന് പല്ലനയാറ്റിലുണ്ടായ ബോട്ടപകടത്തിൽ (റിഡീമർ ബോട്ട്) {rideemer} അമ്പത്തൊന്നാമത്തെ വയസ്സിൽ അന്തരിച്ചു.ഏറെ ദുരൂഹമായ ഈ അപകടം നടന്നത് ഒരു പരിപാടിയിൽ പങ്കെടുത്തശേഷം ആലപ്പുഴയിൽനിന്നും കൊല്ലത്തേയ്ക്കു് മടങ്ങിവരുമ്പോഴായിരുന്നു. പല്ലനയിൽ വച്ചുണ്ടായ ഈ അപകടത്തിൽ എല്ലാവരും മരിച്ചിരുന്നു.