അടുത്തൂണ്‍
അക്കിത്തം അച്യുതൻ നമ്പൂതിരി=>അടുത്തൂണ്‍
പട്ടണമോടിക്കിതച്ചെന്‍റെ വാതിലില്‍ വന്നു
മുട്ടി വാത്സല്യത്തോടെക്കുശലം ചോദിക്കുന്നു:
"അടുത്തൂണ്‍ പറ്റി സ്വന്തം ഗ്രാമത്തിലൊരു മാസം
മടുപ്പന്‍ വൈചിത്ര്യരാഹിത്യത്തിലുയിര്‍ത്തോനേ,
എച്ചാരുകസേലയില്‍ ഭൂതകാലാഹ്ലാദത്തി
ന്നുച്ഛിഷ്ടം നുണച്ചുകൊണ്ടിരിക്കും പാവത്താനേ,
മതിയായില്ലേ നിനക്കേകാന്തനിദ്രാണത്വം?"
ഗതിമുട്ടിയ ഞാനോരുത്തരം കണ്ടെത്തുന്നു:
"മുറ്റത്തു വര്‍ഷം തോറും വിടര്‍ന്നു വാടാറുള്ള
മുക്കുറ്റിപ്പൂവിന്നിതളെത്രയെന്നറിയാതെ
അമ്പത്തൊമ്പതു വര്‍ഷം കടന്നുപോയെന്നുള്ളൊ
രമ്പരാപ്പാണീ മുഹൂരത്തത്തിലെന്നന്തര്‍ഭാവം.
പറവൂ നിസ്സന്ദേഹമിന്നു ഞാന്‍ മുക്കൂറ്റിപ്പൂ
കരളില്‍ത്തുടുപ്പോലുമഞ്ചിതളുകളത്രേ."
പിന്നെയും മാസം രണ്ടു നീങ്ങവേ, സുവിനീത
മെന്നാത്മസദനത്തില്‍ സുപ്രഭാതത്തോടൊപ്പം
ജീപ്പില്‍ വന്നിറങ്ങുന്നു നഗരം വീണ്ടും; കാതില്‍
കേള്‍പ്പൂ ഞാന്‍: "ഇപ്പോളെന്തു ചെയ്വു നീ ജീവാത്മാവേ?
മൂന്നു മാസമായല്ലോ ഗ്രാമജീവിതത്തിന്‍റെ
മൂകവേദനയിങ്കല്‍ നീ മുങ്ങിക്കിടന്നു!
മടുത്തില്ലയോ നിനക്കേകതാനത?" ഞാനോ,
മനസ്സില്‍പ്പരക്കംപാഞ്ഞൊടുവില്‍പ്പറയുന്നു,
"മുക്തകണ്ഠം ഞാനിന്നു ഘോഷിപ്പൂ നിസ്സന്ദേഹം
മുറ്റത്തു നിലപ്പനപ്പൂവിനാറിതളത്രേ!'
Manglish Transcribe ↓
Akkittham achyuthan nampoothiri=>adutthoon
pattanamodikkithacchenre vaathilil vannu
mutti vaathsalyatthodekkushalam chodikkunnu:
"adutthoon patti svantham graamatthiloru maasam
maduppan vychithryaraahithyatthiluyirtthone,
ecchaarukaselayil bhoothakaalaahlaadatthi
nnuchchhishdam nunacchukondirikkum paavatthaane,
mathiyaayille ninakkekaanthanidraanathvam?"
gathimuttiya njaanoruttharam kandetthunnu:
"muttatthu varsham thorum vidarnnu vaadaarulla
mukkuttippoovinnithalethrayennariyaathe
ampatthompathu varsham kadannupoyennullo
ramparaappaanee muhooratthatthilennantharbhaavam. Paravoo nisandehaminnu njaan mukkoottippoo
karaliltthuduppolumanchithalukalathre."
pinneyum maasam randu neengave, suvineetha
mennaathmasadanatthil suprabhaathatthodoppam
jeeppil vannirangunnu nagaram veendum; kaathil
kelppoo njaan: "ippolenthu cheyvu nee jeevaathmaave? Moonnu maasamaayallo graamajeevithatthinre
mookavedanayinkal nee mungikkidannu! Madutthillayo ninakkekathaanatha?" njaano,
manasilpparakkampaanjoduvilpparayunnu,
"mukthakandtam njaaninnu ghoshippoo nisandeham
muttatthu nilappanappoovinaarithalathre!'