പടിവാതിൽക്കൽ ഇടപ്പള്ളി രാഘവൻ പിള്ള
ഇടപ്പള്ളി രാഘവൻ പിള്ള =>പടിവാതിൽക്കൽ ഇടപ്പള്ളി രാഘവൻ പിള്ള
"പുത്തനാമൊരു പാഠം നാളെ ഞാൻ തുടങ്ങാ, മി
ന്നിത്രയും നിങ്ങൾ കാണാപ്പാഠമാക്കണം പോയാൽ."
ആചാര്യനേവം പറഞ്ഞന്നു നിർത്തവേ, ഞങ്ങ
ളാചോരോപചാരം ചെയ്താഹ്ലാദാൽ പുറത്തെത്തി.
ദൂരവേ പോകേണ്ടൊരെൻ സതീർത്ഥ്യർ വിഹഗങ്ങ
ളാരവം മുഴക്കിക്കൊണ്ടങ്ങിങ്ങു പറന്നുപോയ്;
മാടത്തെ മണിമേടയാക്കുന്ന ബാല്യത്തിനാ
വീടെത്താൻ കുറച്ചൊന്നു വൈകിയാലെന്തേ ചേതം ?
അകലെക്കാണും കുന്നിൻചരിവിൽ, പോകാൻപോകും
പകലിൻ തോളിൽത്തൂങ്ങിയെത്തി ഞാൻ ജാതോന്മേഷം.
കളിയാണെനിക്കന്നു കാര്യങ്ങളതിന്മുഖം
കരിവാളിക്കനേകബന്ധമഗ്ഗുരവാക്യം.
ഞാനതു കൂട്ടാക്കാതെ വാരുണിയേന്തും പുത്ത
നാമൊരു ചിത്രം നോക്കി രസിച്ചു കുറേനേരം.
സഖിയാം പകൽ പോകാൻ വെമ്പി, ഞാൻ ചെന്നില്ലവൾ
മുഖവും വീർപ്പി,ച്ചെന്നെക്കൂടാതെതന്നേ പോയി!
തപ്പിയും തടഞ്ഞും ഞാൻ രാപ്പാതയുടേ ഗൃഹ
മെത്തുവാൻ ഗമിക്കുമ്പോൾ കണ്ടിതക്കടലിനെ,
പഞ്ചമിച്ചന്ദ്രനാകും കൈവിളക്കുമായാഴി
പണ്ടത്തെപ്പാഠമെല്ലാമാവർത്തിക്കയാണപ്പോൾ
അലയാം വെള്ളത്താളു മുന്നോട്ടു മറിച്ചീടു
മവളെൻ സമാഗമമീക്ഷിച്ചില്ലണുപോലും!
അയൽവാസിയാം വാനം നിദ്രയിലായോയെന്നൊ
ന്നറിയാൻ മേല്പോട്ടു ഞാൻ കണ്ണുകളുയർത്തവേ,
അംബരം കരിയിട്ടു തെളിഞ്ഞോരോല നോക്കി
യൻപത്തൊന്നുരുവിട്ടുകണ്ടു ഞാൻ ത്രപാസ്യനായ്.
നാളെയാ, മിന്നെൻ പാഠം സാരമില്ലെന്നോർത്തു ഞാൻ
മാളികമുകളേറി മെത്തയിലുറക്കമായ്!
ഏറിയ വാത്സല്യത്തേനൂറീടും വചസ്സാലെൻ
ചാരവേ മാതാവെത്തിയുണരാൻ വിളിച്ചിട്ടും,
കൂട്ടുകാർ വിഹഗങ്ങൾ കാണാതെ പഠിച്ചീടും
പാട്ടുതന്നലവന്നെൻ കർണത്തിലലച്ചിട്ടും,
നിദ്രയെപ്പൂർവാധികം മുറുകിപ്പുണർന്നു ഞാൻ
സദ്രസം കിടയ്ക്കവിട്ടീടാതെ കിടന്നുപോയ്!
പാതിയും തീരാറായി പാഠങ്ങൾ, വിദ്യാലയ
വാതില്ക്കൽ കേറാനാജ്ഞ കാത്തു ഞാൻ നിലകൊണ്ടു
മഞ്ജുള മന്ദഹാസവായ്പിനോടെന്നാചാര്യൻ
നെഞ്ഞലിഞ്ഞീടും മട്ടിലെന്നോടു ചോദ്യം ചെയ്തു
"ശിഷ്യാ! നീ പഠിച്ചിതോ പാഠങ്ങ,ളില്ലെന്നാകിൽ
ശിക്ഷയായവിടെത്താൻ നില്ക്കുക പഠിപ്പോളം!"
'ഇല്ല'യെന്നല്ലാതെന്തു ചൊല്ലും ഞാൻ, ഗുരുവര്യൻ
തല്ലിയില്ലെന്നെ, ത്തെല്ലു കോപവും ഭാവിച്ചില്ലാ!
നില്ക്കയാണിന്നും വിദ്യാമന്ദിരദ്വാരത്തിൽ ഞാൻ
ബാക്കിയുള്ളവർ പഠിക്കുന്നതിൽ സശ്രദ്ധനായ്.
വല്ലതും ഗുരുമുഖത്തിങ്കൽനിന്നുപദേശ
മില്ലാതെ വീട്ടിലെത്താനെങ്കിലുമശക്തൻ ഞാൻ!
Manglish Transcribe ↓
Idappalli raaghavan pilla =>padivaathilkkal idappalli raaghavan pilla
"putthanaamoru paadtam naale njaan thudangaa, mi
nnithrayum ningal kaanaappaadtamaakkanam poyaal."
aachaaryanevam paranjannu nirtthave, njanga
laachoropachaaram cheythaahlaadaal puratthetthi. Doorave pokendoren satheerththyar vihaganga
laaravam muzhakkikkondangingu parannupoyu;
maadatthe manimedayaakkunna baalyatthinaa
veedetthaan kuracchonnu vykiyaalenthe chetham ? Akalekkaanum kunnincharivil, pokaanpokum
pakalin tholiltthoongiyetthi njaan jaathonmesham. Kaliyaanenikkannu kaaryangalathinmukham
karivaalikkanekabandhamagguravaakyam. Njaanathu koottaakkaathe vaaruniyenthum puttha
naamoru chithram nokki rasicchu kureneram. Sakhiyaam pakal pokaan vempi, njaan chennillaval
mukhavum veerppi,cchennekkoodaathethanne poyi! Thappiyum thadanjum njaan raappaathayude gruha
metthuvaan gamikkumpol kandithakkadaline,
panchamicchandranaakum kyvilakkumaayaazhi
pandattheppaadtamellaamaavartthikkayaanappol
alayaam vellatthaalu munnottu mariccheedu
mavalen samaagamameekshicchillanupolum! Ayalvaasiyaam vaanam nidrayilaayoyenno
nnariyaan melpottu njaan kannukaluyartthave,
ambaram kariyittu thelinjorola nokki
yanpatthonnuruvittukandu njaan thrapaasyanaayu. Naaleyaa, minnen paadtam saaramillennortthu njaan
maalikamukaleri metthayilurakkamaayu! Eriya vaathsalyatthenooreedum vachasaalen
chaarave maathaavetthiyunaraan vilicchittum,
koottukaar vihagangal kaanaathe padticcheedum
paattuthannalavannen karnatthilalacchittum,
nidrayeppoorvaadhikam murukippunarnnu njaan
sadrasam kidaykkavitteedaathe kidannupoyu! Paathiyum theeraaraayi paadtangal, vidyaalaya
vaathilkkal keraanaajnja kaatthu njaan nilakondu
manjjula mandahaasavaaypinodennaachaaryan
nenjalinjeedum mattilennodu chodyam cheythu
"shishyaa! Nee padticchitho paadtanga,lillennaakil
shikshayaayavidetthaan nilkkuka padtippolam!"
'illa'yennallaathenthu chollum njaan, guruvaryan
thalliyillenne, tthellu kopavum bhaavicchillaa! Nilkkayaaninnum vidyaamandiradvaaratthil njaan
baakkiyullavar padtikkunnathil sashraddhanaayu. Vallathum gurumukhatthinkalninnupadesha
millaathe veettiletthaanenkilumashakthan njaan!