ഹൃദയാഞ്ജലി ഇടപ്പള്ളി രാഘവൻ പിള്ള
ഇടപ്പള്ളി രാഘവൻ പിള്ള =>ഹൃദയാഞ്ജലി ഇടപ്പള്ളി രാഘവൻ പിള്ള
അനഘചൈതന്യത്തികവാം പ്രേമത്തിൽ
കനകം പൂശുന്ന കിരണമേ!
ഇരുൾതിങ്ങുമെന്‍റെ ഹൃദയത്തിലെന്താ
ണിനിയും നിൻ കാന്തി ചൊരിയാത്തൂ?
കരുണക്കാതലേ! ഭവദീയാഗമം
കരുതിക്കാത്തു ഞാൻ കഴിയുന്നു.
അണിമച്ചിൽക്കത്തും തെളിദീപം തീരെ
യണയാറാ, യങ്ങെന്തണയാത്തു ?
ഹൃദയനാഥ, ഞാൻ തവ ചിത്രം ചിത്തേ
രുധിരപൂരത്താലെഴുതുന്നു;
ചെറുതും സംതൃപ്തികലരായ്കകൊണ്ടെൻ
ചുടുകണ്ണുനീരാൽക്കഴുകുന്നു.
പതിവുപോലിത്ഥമെഴുതിയും മാച്ചും
പകുതിയെൻ ജന്മം വിഫലമായ്!
അനുരാഗത്തിന്‍റെയലർമെത്തതന്മേ
ലവശ ഞാൻ കിടന്നുരുളുമ്പോൾ,
അവിടുന്നെന്നുടെയരികിലെത്തി, ഞാൻ
സുഖഷുപ്തിയിൽ മുദിതയായ് !
അകളങ്കമെന്‍റെ ഹൃദയമങ്ങേയ്ക്കാ
യടിമവെച്ചു ഞാൻ ചരിതാർത്ഥ.
ഒരു മിന്നലങ്ങു മറവായി, പെട്ടെ
ന്നിരുളിൻ കംബളവിരി വീണു!
കരകയാണന്നുമുതലീ ഞാൻ തവ
കഴലിണ കണ്ടു തൊഴുതീടാൻ!
തരളതാരക നിരകളംബര
ത്തെരുവിലെമ്പാടും തെളിയുമ്പോൾ,
ഇരുളിൽ ഞാനെന്‍റെ മുരളിയുമായ്, നി
ന്നപദാനം പാടിത്തളരുമ്പോൾ,
അകലത്തെങ്ങാനുമവിടുന്നുണ്ടെന്നൊ
രതിമോഹമെന്നിൽ വളരുമ്പോൾ,
അലയാഴിപോലെ കരയും ഞാൻ പെട്ടെ
ന്നലരിനെപ്പോലെ ചിരിതൂകും
പവനനെപ്പോലെ നെടുവീർപ്പിട്ടിടും
പറവപോൽ പാറും ഗഗനത്തിൽ!....
മധുമാസാശ്ലേഷതരളിതയാമെൻ
മലർവാടി മലർ ചൊരിയുമ്പോൾ
അവകളങ്ങെനിക്കരുളും സന്ദേശ
നിരകളെന്നു ഞാൻ കരുതുന്നു!
അതിമോദാൽ മമ ഹൃദയപ്പൂമ്പാറ്റ
യതുകളിൽത്തത്തിയിളകുമ്പോൾ,
അറിയുന്നുണ്ടു ഞാൻ ഭവദീയരാഗ
മകരന്ദത്തിന്‍റെ മധുരത്വം.
കരിമുകിൽ മാലയഖിലവും മാഞ്ഞ
സ്സുരപഥമൊന്നു തെളിയുമ്പോൾ,
നുകരുന്നുണ്ടു ഞആനതുലമാം തവ
ഹൃദയവേദിതൻ പരിശുദ്ധി!....
ഇനിയും വ്യാമോഹിച്ചുഴലിയിൽ വീണി
വനിമലരെത്ര തിരിയേണം ?
അരുതീ നാടകമിനിയാടാ, നിതിൻ
ഭരതവാക്യവും കഴിയേണം;
ഭവദാപദാനമകരന്ദം മാത്രം
പതിവായൂറുമീ മുരളിയിൽ
പകരേണം തവ പരിപൂതരാഗം,
തകരേണമതു തരിയായി!
അതുമുതലെനിക്കിരവുമുച്ചയു
മതുലാഭയാളും പുലർകാലം!...
Manglish Transcribe ↓
Idappalli raaghavan pilla =>hrudayaanjjali idappalli raaghavan pilla
anaghachythanyatthikavaam prematthil
kanakam pooshunna kiraname! Irulthingumenre hrudayatthilenthaa
niniyum nin kaanthi choriyaatthoo? Karunakkaathale! Bhavadeeyaagamam
karuthikkaatthu njaan kazhiyunnu. Animacchilkkatthum thelideepam theere
yanayaaraa, yangenthanayaatthu ? Hrudayanaatha, njaan thava chithram chitthe
rudhirapooratthaalezhuthunnu;
cheruthum samthrupthikalaraaykakonden
chudukannuneeraalkkazhukunnu. Pathivupoliththamezhuthiyum maacchum
pakuthiyen janmam viphalamaayu! Anuraagatthinreyalarmetthathanme
lavasha njaan kidannurulumpol,
avidunnennudeyarikiletthi, njaan
sukhashupthiyil mudithayaayu ! Akalankamenre hrudayamangeykkaa
yadimavecchu njaan charithaarththa. Oru minnalangu maravaayi, pette
nnirulin kambalaviri veenu! Karakayaanannumuthalee njaan thava
kazhalina kandu thozhutheedaan! Tharalathaaraka nirakalambara
ttheruvilempaadum theliyumpol,
irulil njaanenre muraliyumaayu, ni
nnapadaanam paaditthalarumpol,
akalatthengaanumavidunnundenno
rathimohamennil valarumpol,
alayaazhipole karayum njaan pette
nnalarineppole chirithookum
pavananeppole neduveerppittidum
paravapol paarum gaganatthil!.... Madhumaasaashleshatharalithayaamen
malarvaadi malar choriyumpol
avakalangenikkarulum sandesha
nirakalennu njaan karuthunnu! Athimodaal mama hrudayappoompaatta
yathukaliltthatthiyilakumpol,
ariyunnundu njaan bhavadeeyaraaga
makarandatthinre madhurathvam. Karimukil maalayakhilavum maanja
surapathamonnu theliyumpol,
nukarunnundu njaaanathulamaam thava
hrudayavedithan parishuddhi!.... Iniyum vyaamohicchuzhaliyil veeni
vanimalarethra thiriyenam ? Aruthee naadakaminiyaadaa, nithin
bharathavaakyavum kazhiyenam;
bhavadaapadaanamakarandam maathram
pathivaayoorumee muraliyil
pakarenam thava paripootharaagam,
thakarenamathu thariyaayi! Athumuthalenikkiravumucchayu
mathulaabhayaalum pularkaalam!...