ഓമനത്തിങ്കള്‍ക്കിടാവോ
ഇരയിമ്മന്‍ തമ്പി=>ഓമനത്തിങ്കള്‍ക്കിടാവോ
ഓമനത്തിങ്കള്‍ക്കിടാവോ നല്ല
കോമളത്താമരപ്പൂവോ
പൂവില്‍ നിറഞ്ഞ മധുവോ പരി
പൂര്‍ണ്ണേന്ദു തന്‍റെ നിലാവോ
പുത്തന്‍ പവിഴക്കൊടിയോ ചെറു
തത്തകള്‍ കൊഞ്ചും മൊഴിയോ
ചാഞ്ചാടിയാടും മയിലോ മൃദു
പഞ്ചമം പാടും കുയിലോ
തുള്ളുമിളമാന്‍ കിടാവോ ശോഭ
കൊള്ളുന്നൊരന്നക്കൊടിയോ
ഈശ്വരന്‍ തന്ന നിധിയോ പര
മേശ്വരിയേന്തും കിളിയോ
പാരിജാതത്തിന്‍ തളിരോ എന്‍റെ
ഭാഗ്യദ്രുമത്തിന്‍ ഫലമോ
വാത്സല്യരത്നത്തെ വയ്പാന്‍ മമ
വാച്ചൊരു കാഞ്ചനച്ചെപ്പോ
ദൃഷ്ടിയ്ക്കു വച്ചോരമൃതോ കൂരി
രുട്ടത്തു വെച്ച വിളക്കോ
കീര്‍ത്തിലതയ്ക്കുള്ള വിത്തോ എന്നും
കേടുവരാതുള്ള മുത്തോ
ആര്‍ത്തിതിമിരം കളവാന്‍ ഉള്ള
മാര്‍ത്താണ്ഡദേവപ്രഭയോ
സൂക്തിയില്‍ കണ്ട പൊരുളോ അതി
സൂക്ഷ്മമാം വീണാരവമോ
വമ്പിച്ച സന്തോഷവല്ലി തന്‍റെ
കൊമ്പതില്‍ പൂത്ത പൂവല്ലി
പിച്ചകത്തിന്‍ മലര്‍ച്ചെണ്ടോ നാവി
ന്നിച്ഛ നല്‍കും നല്‍ക്കല്‍ക്കണ്ടോ
കസ്തൂരി തന്‍റെ മണമോ നല്ല
സത്തുക്കള്‍ക്കുള്ള ഗുണമോ
പൂമണമേറ്റൊരു കാറ്റോ ഏറ്റം
പൊന്നില്‍ക്കലര്‍ന്നോരു മാറ്റോ
കാച്ചിക്കുറുക്കിയ പാലോ നല്ല
ഗന്ധമെഴും പനിനീരോ
നന്മ വിളയും നിലമോ ബഹു
ധര്‍മ്മങ്ങള്‍ വാഴും ഗൃഹമോ
ദാഹം കളയും ജലമോ മാര്‍ഗ്ഗ
ഖേദം കളയും തണലോ
വാടാത്ത മല്ലികപ്പൂവോ ഞാനും
തേടിവെച്ചുള്ള ധനമോ
കണ്ണിന്നു നല്ല കണിയോ മമ
കൈവന്ന ചിന്താമണിയോ
ലാവണ്യപുണ്യനദിയോ ഉണ്ണി
ക്കാര്‍വര്‍ണ്ണന്‍ തന്‍റെ കണിയോ
ലക്ഷ്മീഭഗവതി തന്‍റെ തിരു
നെറ്റിമേലിട്ട കുറിയോ
എന്നൂണ്ണിക്കൃഷ്ണന്‍ ജനിച്ചോ പാരി
ലിങ്ങനെ വേഷം ധരിച്ചോ
പദ്മനാഭന്‍ തന്‍ കൃപയോ മുറ്റും
ഭാഗ്യം വരുന്ന വഴിയോ
Audio
Manglish Transcribe ↓
Irayimman thampi=>omanatthinkalkkidaavo
omanatthinkalkkidaavo nalla
komalatthaamarappoovo
poovil niranja madhuvo pari
poornnendu thanre nilaavo
putthan pavizhakkodiyo cheru
thatthakal konchum mozhiyo
chaanchaadiyaadum mayilo mrudu
panchamam paadum kuyilo
thullumilamaan kidaavo shobha
kollunnorannakkodiyo
eeshvaran thanna nidhiyo para
meshvariyenthum kiliyo
paarijaathatthin thaliro enre
bhaagyadrumatthin phalamo
vaathsalyarathnatthe vaypaan mama
vaacchoru kaanchanaccheppo
drushdiykku vacchoramrutho koori
ruttatthu veccha vilakko
keertthilathaykkulla vittho ennum
keduvaraathulla muttho
aartthithimiram kalavaan ulla
maartthaandadevaprabhayo
sookthiyil kanda porulo athi
sookshmamaam veenaaravamo
vampiccha santhoshavalli thanre
kompathil poottha poovalli
picchakatthin malarcchendo naavi
nnichchha nalkum nalkkalkkando
kasthoori thanre manamo nalla
satthukkalkkulla gunamo
poomanamettoru kaatto ettam
ponnilkkalarnnoru maatto
kaacchikkurukkiya paalo nalla
gandhamezhum panineero
nanma vilayum nilamo bahu
dharmmangal vaazhum gruhamo
daaham kalayum jalamo maargga
khedam kalayum thanalo
vaadaattha mallikappoovo njaanum
thedivecchulla dhanamo
kanninnu nalla kaniyo mama
kyvanna chinthaamaniyo
laavanyapunyanadiyo unni
kkaarvarnnan thanre kaniyo
lakshmeebhagavathi thanre thiru
nettimelitta kuriyo
ennoonnikkrushnan janiccho paari
lingane vesham dhariccho
padmanaabhan than krupayo muttum
bhaagyam varunna vazhiyo
audio