ഇരുമ്പിന്‍റെ നൈരാശ്യം തപ്തഹൃദയം
ഉള്ളൂർ എസ്. പരമേശ്വരയ്യർ=>ഇരുമ്പിന്‍റെ നൈരാശ്യം തപ്തഹൃദയം
പോരുമീഞെളിച്ചിലെൻ
പൊന്നുടപ്പിറപ്പേ! നീ
യാരു, ഞാനാരെന്നൊന്നു
ശാന്തമായ്ച്ചിന്തിക്കുമോ?
സങ്കടം പരർക്കാർക്കു
മേകാതെ നീണാൾ നമ്മൾ
തങ്കമേ! പുലർന്നീലേ
പാരിതിൽപ്പണ്ടേക്കാലം?
നമ്മളന്നദൃശ്യരാ
യേവർക്കും, വിശാലമാ
മമ്മതൻ മടിത്തട്ടി
ലാനന്ദിച്ചുറങ്ങീലേ?
അത്തവ്വിലെത്തിക്കുറേ
ക്കൂട്ടായ്മക്കവർച്ചക്കാർ
സത്വരം നമ്മെക്കൊണ്ടു
മണ്ടിനാർ മുകൾപ്പാട്ടിൽ.
സ്വോപയോഗാർത്ഥം നമ്മെ
സ്സംസ്കരിച്ചെടുത്തപ്പോൾ
ഹാ? പരം നീ മഞ്ഞയായ്,
ഞാൻ വെറും കറുപ്പുമായ്.
വർണ്ണത്തിൻ വ്യത്യാസം
കണ്ടാഹ്ളാദമാർന്നോർ; നമ്മെ
ബ്ഭിന്നിപ്പിച്ചമർത്തുവാ
നാവഴിക്കല്ലീ പറ്റൂ?
എന്നത്തൽ സൗകര്യങ്ങ
ളാദ്യമായ് വർദ്ധിപ്പിക്കാൻ
സന്നദ്ധനാക്കീ; ഞാനു
മായതിൽ കൃതാർത്ഥനായ്.
ദീനർതൻ ബുഭുക്ഷയെ
ശ്ശീഘ്രമായ് ശമിപ്പിക്കാൻ.
കാനനം നാടാക്കുവാൻ,
കെട്ടിടം ചമയ്ക്കുവാൻ;
എത്രയോ തരത്തിൽ ഞാ
നീമട്ടിൽപ്പണിപ്പെട്ടു
മർത്ത്യർക്കു നല്കീടിനേൻ
സൗഖ്യവും സുഭിക്ഷവും.
യാതൊന്നും പ്രയോജനം
കാണായ്കമൂലം നിന്നെ
യാദരിക്കുവാനാശ
യന്നവർക്കുണ്ടായീല.
പിന്നെയാണൊരേടത്തു
മേനിയും മിനുക്കിയെൻ
പൊന്നേ! നീ മേവും കാഴ്ച
കണ്ടതപ്പൊണ്ണബ്ഭോഷർ,
പ്രീതിപൂണ്ടെടുത്തുടൻ
നിന്നെത്തദ്വധുക്കൾ തൻ
കാതിലും കഴുത്തിലും
കയ്യിലും ഘടിപ്പിച്ചാർ.
എങ്ങുമേ സമൃദ്ധമായ്
വ്യാപിക്കും കാർകൊണ്ടൽ ഞാ
നിങ്ങങ്ങൊരല്പം മാത്രം
ദൃശ്യയാം വിദ്യുത്തു നീ
ആകമാനവും നിന്നെ
ക്കയ്യടക്കുവാൻ വെമ്പീ
മോഹത്താൽ സാമ്രാജ്യങ്ങൾ,
മത്സരം വിജൃംഭിച്ചു;
കാട്ടുതീക്കൊപ്പം ദ്വേഷം
മൈത്രിയെദ്ദഹിപ്പിച്ചൂ.
ജ്യേഷ്ഠനും കനിഷ്ഠനും
സുന്ദോപസുന്ദന്മാരായ്
ആയിരം സ്വരൂപത്തിൽ
വാർത്തുതേച്ചെടുത്തെന്നെ
യായുധീകരിച്ചുകൊ
ണ്ടന്യോന്യമങ്കം വെട്ടി.
ഞാനെന്തുചെയ്യും, ദീനൻ?
എൻജന്മം തുലയ്ക്കുന്നൂ
മാനുഷക്രവ്യാദർതൻ
പങ്കത്തിൽപ്പങ്കാളിയായ്
കോശമാമന്തഃപുരം
തന്നിൽ നീ മേളിക്കുന്നു
ഘോഷാസ്ത്രീക്കൊപ്പം, ഹന്ത!
ബന്ദിയായ് പ്രഭാകീടം.
പാകത്തിൽ നിന്നെക്കാത്തു
നിൽക്കുന്നൂ വെളിക്കു ഞാൻ;
ലോഹമില്ലാഞ്ഞാലാർക്കു
സുസ്ഥിരം കാർത്തസ്വരം?
കൂരിരുട്ടാകുന്ന ഞാൻ വേല
ചെയ്യുന്നൂ; ചിത്രം
സൂരബിംബമാം നീയും
സ്വാപത്തിൽ സുഖിക്കുന്നു.
ഹൃത്തിലെന്നോർക്കൂ തോഴി
നാം രണ്ടുപേരും ചേർന്നീ
മർത്ത്യർതൻമാറാദ്ദാസ്യ
മെത്രനാൾ ചുമക്കണം?
കൊല്ലുന്നു കൊല്ലുന്നു ഞാ
നന്ധനാ,യെന്നെക്കൊണ്ടു
കൊല്ലിച്ചു കൊല്ലിച്ചു നീ
മൂഢയായ് രസിക്കുന്നു.
കഠിനീഭവിച്ചതാ
മെൻകരൾത്തട്ടിൽപ്പോലും
കദനം നിറച്ചീടു
മിദ്ദൃശ്യം സുദുസ്സഹം.
ഇമ്മഹാപാപം പോരും:
ദൈവത്തിൻകരം വീണ്ടും
നമ്മളെബ്ഭൂഗർഭത്തി
ലാഴ്ത്തുവാൻ പ്രാർത്ഥിക്ക നാം.
എത്രമേൽക്കാമ്യം നമു
ക്കാശ്മശാനാന്തർവാസ
മിത്തരം വ്യാപാരത്താൽ
ജീവിക്കുന്നതെക്കാളും.
Manglish Transcribe ↓
Ulloor esu. Parameshvarayyar=>irumpinre nyraashyam thapthahrudayam
porumeenjelicchilen
ponnudappirappe! Nee
yaaru, njaanaarennonnu
shaanthamaaycchinthikkumo? Sankadam pararkkaarkku
mekaathe neenaal nammal
thankame! Pularnneele
paarithilppandekkaalam? Nammalannadrushyaraa
yevarkkum, vishaalamaa
mammathan maditthatti
laanandicchurangeele? Atthavviletthikkure
kkoottaaymakkavarcchakkaar
sathvaram nammekkondu
mandinaar mukalppaattil. Svopayogaarththam namme
samskaricchedutthappol
haa? Param nee manjayaayu,
njaan verum karuppumaayu. Varnnatthin vyathyaasam
kandaahlaadamaarnnor; namme
bbhinnippicchamartthuvaa
naavazhikkallee pattoo? Ennatthal saukaryanga
laadyamaayu varddhippikkaan
sannaddhanaakkee; njaanu
maayathil kruthaarththanaayu. Deenarthan bubhukshaye
sheeghramaayu shamippikkaan. Kaananam naadaakkuvaan,
kettidam chamaykkuvaan;
ethrayo tharatthil njaa
neemattilppanippettu
martthyarkku nalkeedinen
saukhyavum subhikshavum. Yaathonnum prayojanam
kaanaaykamoolam ninne
yaadarikkuvaanaasha
yannavarkkundaayeela. Pinneyaanoredatthu
meniyum minukkiyen
ponne! Nee mevum kaazhcha
kandathapponnabbhoshar,
preethipoondedutthudan
ninnetthadvadhukkal than
kaathilum kazhutthilum
kayyilum ghadippicchaar. Engume samruddhamaayu
vyaapikkum kaarkondal njaa
ningangoralpam maathram
drushyayaam vidyutthu nee
aakamaanavum ninne
kkayyadakkuvaan vempee
mohatthaal saamraajyangal,
mathsaram vijrumbhicchu;
kaattutheekkoppam dvesham
mythriyeddhahippicchoo. Jyeshdtanum kanishdtanum
sundopasundanmaaraayu
aayiram svaroopatthil
vaartthuthecchedutthenne
yaayudheekaricchuko
ndanyonyamankam vetti. Njaanenthucheyyum, deenan?
enjanmam thulaykkunnoo
maanushakravyaadarthan
pankatthilppankaaliyaayu
koshamaamanthapuram
thannil nee melikkunnu
ghoshaasthreekkoppam, hantha!
bandiyaayu prabhaakeedam. Paakatthil ninnekkaatthu
nilkkunnoo velikku njaan;
lohamillaanjaalaarkku
susthiram kaartthasvaram? Kooriruttaakunna njaan vela
cheyyunnoo; chithram
soorabimbamaam neeyum
svaapatthil sukhikkunnu. Hrutthilennorkkoo thozhi
naam randuperum chernnee
martthyarthanmaaraaddhaasya
methranaal chumakkanam? Kollunnu kollunnu njaa
nandhanaa,yennekkondu
kollicchu kollicchu nee
mooddayaayu rasikkunnu. Kadtineebhavicchathaa
menkaraltthattilppolum
kadanam niraccheedu
middhrushyam sudusaham. Immahaapaapam porum:
dyvatthinkaram veendum
nammalebbhoogarbhatthi
laazhtthuvaan praarththikka naam. Ethramelkkaamyam namu
kkaashmashaanaantharvaasa
mittharam vyaapaaratthaal
jeevikkunnathekkaalum.