ഒരു പുക കൂടി
കൽപറ്റ നാരായണൻ=>ഒരു പുക കൂടി
പോലീസ് വരുന്നുണ്ടോ
എന്നിടം വലം നോക്കി
വലിക്കണോ കളയണോ എന്നായ എന്നോട്
ഒച്ച താഴ്ത്തി ബീഡി പറഞ്ഞു:
എനിക്ക് വയ്യ ഇങ്ങനെ നാണംകെട്ട് കഴിയാന്‍.
നിങ്ങള്‍ക്കറിയുമോ
ഒരിക്കല്‍ ചങ്കൂറ്റത്തിന്റെ പ്രതിരൂപമായിരുന്നു ഞാന്‍.
കൂസലില്ലാതെ ജീവിച്ചവരുടെ ചുണ്ടില്‍
ഞാന്‍ ജ്വലിച്ചു.
നട്ടപ്പാതിരകളും കാട്ടിടകളും
എനിക്ക് ഹൃദിസ്ഥം.
എന്റെ വെളിച്ചത്തില്‍
ഒറ്റത്തടിപ്പാലങ്ങള്‍ തെളിഞ്ഞു.
അന്നൊക്കെ ലക്ഷ്യങ്ങളിലേക്ക്
അഞ്ചും എട്ടും ബീഡിയുടെ ദൂരം.
ചുമരെഴുതാനും
പോസ്റ്ററൊട്ടിക്കാനും
പാട്ടെഴുതാനും ഞാന്‍ കൂടി.
മാറ്റത്തിന് ഞാന്‍ കൂട്ടിരുന്നു.
കയ്യൂരിലും പുല്‍പ്പള്ളിയിലും
കൈപൊള്ളുന്നത് വരെ ഞാനെരിഞ്ഞു.
നാടകവേദികള്‍ക്ക് വേണ്ടി
ഫിലിംസൊസൈറ്റികള്‍ക്ക് വേണ്ടി
ഞാനുറക്കൊഴിച്ചു.
ഞാന്‍ പ്രവര്‍ത്തിക്കാത്ത പ്രസ്ഥാനങ്ങളില്ല.
തണുപ്പില്‍, ഇരുട്ടില്‍
ചെയ്യുന്ന പ്രവൃത്തിയുടെ ഗുരുതരമായ ഏകാന്തതയില്‍
ഞാനായിരുന്നു തുണ.
അന്ന്
എന്നെ ആഞ്ഞു വലിച്ച് ആണ്‍കുട്ടികള്‍
ആണുങ്ങളായി.
എന്നെ കട്ടു വലിച്ച് പെണ്‍കുട്ടികള്‍
പുലരും വരെ മുലകളുയര്‍ത്തിച്ചുമച്ച്
സാഹസികജീവിതം എളുതല്ലെന്ന് മനസ്സിലാക്കി.
എല്ലാ കുമാര്‍ഗങ്ങളിലും
ഞങ്ങള്‍ സഞ്ചരിച്ചു.
അക്കാലത്തെ തീവണ്ടികള്‍ പോലെ
ഉള്ളില്‍ തീയുള്ളവരുടെ പുകയായി
മുന്നില്‍നിന്ന് ഞാന്‍ നയിച്ചു.
പുകഞ്ഞ കൊള്ളിയായിരുന്നു ഞാന്‍
ഭാഗം ചോദിച്ച് മുണ്ട് മാടിക്കുത്തി മുറ്റത്തു നിന്ന
ചെറുപ്പക്കാരന്റെ കൈയില്‍ ഞാനിരുന്ന് പുകഞ്ഞു.
കൂലി കൂടുതല്‍ ചോദിക്കാന്‍
മടിക്കുത്തിലിരുന്ന് ഞാനുശിരു കൂട്ടി.
തീണ്ടലും തൊടീലും ഞാന്‍ പുകച്ചുകളഞ്ഞു.
ഒരു പുകകൂടിയെടുത്ത്
നടന്മാര്‍ വേദിയിലേക്ക്
സദസ്യര്‍ ഹാളിലേക്ക്
തൊഴിലാളികള്‍ തൊഴിലിലേക്ക് കയറി.
തല പുകഞ്ഞെടുത്ത തീരുമാനങ്ങളിലെല്ലാം ഞാനും കൂടി
തീ തരുമോ എന്ന് പില്‍ക്കാലം മുന്‍കാലത്തിനോട് ചോദിച്ചു.
കഴുകന്മാര്‍ കരള്‍ കൊത്തി വലിക്കുമ്പോഴും
ഒരു പുകയ്ക്കു കൂടി ഇരന്നവരുണ്ട്
നിങ്ങളിന്നനുഭവിക്കുന്നതിലൊക്കെ
കത്തിത്തീര്‍ന്ന ഞങ്ങളുണ്ട്.
നേരാണ്
ഞാനൊരു ദുശ്ശീലമാണ്.
എങ്കിലും ആശ്വാസങ്ങളില്ലാത്ത മനുഷ്യന്
ദുശ്ശീലത്തോളം ഉതകുന്ന മിത്രമുണ്ടോ?
നരകത്തിലല്ലാതെ
സ്വര്‍ഗത്തില്‍ മിത്രങ്ങള്‍ വേണമോ?
ശവത്തിനു കാവല്‍ നില്ക്കുന്ന പാവം പോലീസുകാരന്
തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ട ഏകാകിക്ക്
പങ്കിട്ടെടുക്കാനാരുമില്ലാത്ത പാപഭാരത്തിന്
ഉറപ്പിന്
ഉറപ്പില്ലായ്മയ്ക്ക്
ഞാന്‍ കൂട്ടിരുന്നു,
ആടുന്ന പാലത്തില്‍ ഞാന്‍ കൂടെ നിന്നു.
എനിക്കറിയാം,
ഞാന്‍ നന്നല്ല
ആരോഗ്യത്തിന്
കുടുംബഭദ്രതയ്ക്ക്
ഭാവിഭദ്രതയ്ക്ക്.
സ്വന്തം ചിതയ്ക്ക് തീകൊളുത്തുകയാണ്
ബീഡിക്ക് തീ കൊളുത്തുമ്പോള്‍
പക്ഷേ,
ആയുസ്സോ സുരക്ഷിതത്വമോ
ഓര്‍മ വരാത്ത ചിലരുണ്ടായിരുന്നു ഒരിക്കല്‍
അവരെന്നെ അവര്‍ പോയിടത്തൊക്കെ കൂട്ടി
എരിഞ്ഞുതീരുന്ന എന്നെ നോക്കി
അവരുന്മേഷത്തോടെ എരിഞ്ഞു.
കണ്ടില്ലേ
ഞാന്‍ മാത്രം കൂട്ടുണ്ടായിരുന്ന അരക്ഷിതരെ
വേട്ടയാടിയ നിയമം
ഇന്നെന്നെ വേട്ടയാടുന്നത്?
കണ്ടില്ലേ,
ബീഡിക്കമ്പനികള്‍ വര്‍ണക്കുടകള്‍ നിര്‍മിക്കുന്നത്?
കേള്‍ക്കുന്നില്ലേ,
'ഈ പുകച്ചു കളയുന്നതിന് ഭാഗ്യക്കുറി വാങ്ങിക്കൂടെ?'
Manglish Transcribe ↓
Kalpatta naaraayanan=>oru puka koodi
poleesu varunnundo
ennidam valam nokki
valikkano kalayano ennaaya ennodu
occha thaazhtthi beedi paranju:
enikku vayya ingane naanamkettu kazhiyaan. Ningalkkariyumo
orikkal chankoottatthinte prathiroopamaayirunnu njaan. Koosalillaathe jeevicchavarude chundil
njaan jvalicchu. Nattappaathirakalum kaattidakalum
enikku hrudistham. Ente velicchatthil
ottatthadippaalangal thelinju. Annokke lakshyangalilekku
anchum ettum beediyude dooram. Chumarezhuthaanum
posttarottikkaanum
paattezhuthaanum njaan koodi. Maattatthinu njaan koottirunnu. Kayyoorilum pulppalliyilum
kypollunnathu vare njaanerinju. Naadakavedikalkku vendi
philimsosyttikalkku vendi
njaanurakkozhicchu. Njaan pravartthikkaattha prasthaanangalilla. Thanuppil, iruttil
cheyyunna pravrutthiyude gurutharamaaya ekaanthathayil
njaanaayirunnu thuna. Annu
enne aanju valicchu aankuttikal
aanungalaayi. Enne kattu valicchu penkuttikal
pularum vare mulakaluyartthicchumacchu
saahasikajeevitham eluthallennu manasilaakki. Ellaa kumaargangalilum
njangal sancharicchu. Akkaalatthe theevandikal pole
ullil theeyullavarude pukayaayi
munnilninnu njaan nayicchu. Pukanja kolliyaayirunnu njaan
bhaagam chodicchu mundu maadikkutthi muttatthu ninna
cheruppakkaarante kyyil njaanirunnu pukanju. Kooli kooduthal chodikkaan
madikkutthilirunnu njaanushiru kootti. Theendalum thodeelum njaan pukacchukalanju. Oru pukakoodiyedutthu
nadanmaar vediyilekku
sadasyar haalilekku
thozhilaalikal thozhililekku kayari. Thala pukanjeduttha theerumaanangalilellaam njaanum koodi
thee tharumo ennu pilkkaalam munkaalatthinodu chodicchu. Kazhukanmaar karal kotthi valikkumpozhum
oru pukaykku koodi irannavarundu
ningalinnanubhavikkunnathilokke
katthittheernna njangalundu. Neraanu
njaanoru dusheelamaanu. Enkilum aashvaasangalillaattha manushyanu
dusheelattholam uthakunna mithramundo? Narakatthilallaathe
svargatthil mithrangal venamo? Shavatthinu kaaval nilkkunna paavam poleesukaaranu
thookkikkollaan vidhikkappetta ekaakikku
pankittedukkaanaarumillaattha paapabhaaratthinu
urappinu
urappillaaymaykku
njaan koottirunnu,
aadunna paalatthil njaan koode ninnu. Enikkariyaam,
njaan nannalla
aarogyatthinu
kudumbabhadrathaykku
bhaavibhadrathaykku. Svantham chithaykku theekolutthukayaanu
beedikku thee kolutthumpol
pakshe,
aayuso surakshithathvamo
orma varaattha chilarundaayirunnu orikkal
avarenne avar poyidatthokke kootti
erinjutheerunna enne nokki
avarunmeshatthode erinju. Kandille
njaan maathram koottundaayirunna arakshithare
vettayaadiya niyamam
innenne vettayaadunnath? Kandille,
beedikkampanikal varnakkudakal nirmikkunnath? Kelkkunnille,
'ee pukacchu kalayunnathinu bhaagyakkuri vaangikkoode?'