അച്ഛൻ
കുമാരനാശാൻ=>അച്ഛൻ
എൻ.
പള്ളിക്കൂടം വിട്ടു സായം പടിക്കൽ
തുള്ളിച്ചാടിച്ചെന്നു ഞാനെത്തിടുമ്പോൾ
തള്ളിക്കാര്യം സർവമെന്നച്ഛനെന്നിൽ
ക്കൊള്ളിക്കുന്നൂ നോട്ടമെന്നും കൃപാദ്രൻ
ജോടും മുണ്ടും പുസ്തകം പന്തുമെല്ലാം
മേടിച്ചേകുന്നെന്‍റെ പാഠം കഴിഞ്ഞാൽ
കൂടിക്കേളിക്കില്ലിനിക്കാരുമെങ്കിൽ
കൂടുന്നച്ഛൻ ബാലനല്ലെങ്കിലും താൻ
രണ്ടാളും ഹാ! ഞങ്ങൾ കണ്ണാടി തന്നിൽ
ക്കാണ്ടാൽ തോന്നും കൗതുകം സ്വല്പമല്ല
ഉണ്ടാച്ഛായക്കച്ഛനേറും വലിപ്പം
കൊണ്ടോ ഭേദം തെല്ലുതാൻ ശ്മശ്രുകൊണ്ടോ?
ഖേദിച്ചുള്ളിൽച്ചിന്തപൂണ്ടാലുമച്ഛൻ
മോദിച്ചീടുന്നെന്മുഖം കൺകിലപ്പോൾ
വാദിച്ചോതാമമ്മയോടും സ്വയം ഞാൻ
ചോദിച്ചാലേകാത്തതില്ലത്യുദാരൻ
ഗേഹത്തെക്കാൾ സ്വത്തിനേക്കാളുമച്ഛൻ
സ്നേഹിച്ചീടുന്നമ്മയെക്കാളുമെന്നെ
ആഹാ! വാച്ചേറുന്നു കൂറിന്നെനിക്കും
ദേഹം രണ്ടീ ഞങ്ങളോന്നാണു നൂനം
എന്നീവണ്ണം തോഴരോടായ്ക്കിനാവിൽ
ച്ചൊന്നോരുണ്ണിക്കുള്ളുറങ്ങും ശിരസ്സിൽ
ചിന്നും ഹർഷത്തോടണഞ്ഞച്ഛനാമാ
ദ്ധന്യൻ ചുംബിച്ചാനറിഞ്ഞീല ബാലൻ !
Manglish Transcribe ↓
Kumaaranaashaan=>achchhan
en. Pallikkoodam vittu saayam padikkal
thullicchaadicchennu njaanetthidumpol
thallikkaaryam sarvamennachchhanennil
kkollikkunnoo nottamennum krupaadran
jodum mundum pusthakam panthumellaam
medicchekunnenre paadtam kazhinjaal
koodikkelikkillinikkaarumenkil
koodunnachchhan baalanallenkilum thaan
randaalum haa! Njangal kannaadi thannil
kkaandaal thonnum kauthukam svalpamalla
undaachchhaayakkachchhanerum valippam
kondo bhedam thelluthaan shmashrukondo? Khedicchullilcchinthapoondaalumachchhan
modiccheedunnenmukham kankilappol
vaadicchothaamammayodum svayam njaan
chodicchaalekaatthathillathyudaaran
gehatthekkaal svatthinekkaalumachchhan
snehiccheedunnammayekkaalumenne
aahaa! Vaaccherunnu koorinnenikkum
deham randee njangalonnaanu noonam
enneevannam thozharodaaykkinaavil
cchonnorunnikkullurangum shirasil
chinnum harshatthodananjachchhanaamaa
ddhanyan chumbicchaanarinjeela baalan !