അമ്പിളി
കുമാരനാശാൻ=>അമ്പിളി
എൻ.
തുമ്പപ്പൂവിലും തൂമയെഴും നിലാ
വൻപിൽത്തൂവിക്കൊണ്ടാകാശവീഥിയിൽ
അമ്പിളി പൊങ്ങി നിൽക്കുന്നിതാ മര
ക്കൊമ്പിന്മേൽ നിന്നു കോലോളം ദൂരത്തിൽ.
വെള്ളമേഘശകലങ്ങളാം നുര
തള്ളിച്ചുകൊണ്ടു ദേവകൾ വിണ്ണാകും
വെള്ളത്തിൽ വിളയാടിത്തുഴഞ്ഞുപോം
വെള്ളിയോടമിതെന്നു തോന്നീടുന്നു!
വിണ്മേൽനിന്നു മന്ദസ്മിതം തൂവുമെൻ
വെണ്മതിക്കൂമ്പേ, നിന്നെയീയന്തിയിൽ
അമ്മതന്നങ്കമേറിയെൻ സോദര
‘നമ്മാവാ’യെന്നലിഞ്ഞു വിളിക്കുന്നു!
ദേഹശോഭപോലുള്ളത്തിൽക്കൂറുമീ
മോഹനാകൃതിക്കു,ണ്ടിതെൻ പിന്നാലേ
സ്നേഹമോടും വിളിക്കുംവഴി പോരു
ന്നാഹാ കൊച്ചുവെള്ളാട്ടിൻ കിടാവുപോൽ.
വട്ടം നന്നല്ലിതീവണ്ണമോടിയാൽ
മുട്ടുമേ ചെന്നക്കുന്നിന്മുകളിൽ നീ;
ഒട്ടു നിൽക്കങ്ങു, വന്നൊന്നു നിന്മേനി
തൊട്ടിടാനും കൊതിയെനിക്കോമനേ.
എന്നു കൈപൊക്കിയോടിനാനുന്മുഖൻ
കുന്നേറാനൊരു സാഹസി ബാലകൻ,
ചെന്നു പിന്നിൽ ഗൃഹപാഠകാലമാ
യെന്നു ജ്യേഷ്ഠൻ തടഞ്ഞു ഞെട്ടുംവരെ.
Manglish Transcribe ↓
Kumaaranaashaan=>ampili
en. Thumpappoovilum thoomayezhum nilaa
vanpiltthoovikkondaakaashaveethiyil
ampili pongi nilkkunnithaa mara
kkompinmel ninnu kololam dooratthil. Vellameghashakalangalaam nura
thallicchukondu devakal vinnaakum
vellatthil vilayaaditthuzhanjupom
velliyodamithennu thonneedunnu! Vinmelninnu mandasmitham thoovumen
venmathikkoompe, ninneyeeyanthiyil
ammathannankameriyen sodara
‘nammaavaa’yennalinju vilikkunnu! Dehashobhapolullatthilkkoorumee
mohanaakruthikku,ndithen pinnaale
snehamodum vilikkumvazhi poru
nnaahaa kocchuvellaattin kidaavupol. Vattam nannallitheevannamodiyaal
muttume chennakkunninmukalil nee;
ottu nilkkangu, vannonnu ninmeni
thottidaanum kothiyenikkomane. Ennu kypokkiyodinaanunmukhan
kunneraanoru saahasi baalakan,
chennu pinnil gruhapaadtakaalamaa
yennu jyeshdtan thadanju njettumvare.