ഈശ്വരൻ
കുമാരനാശാൻ=>ഈശ്വരൻ
എൻ.
ഓമൽപ്രഭാതരുചിയെങ്ങുമുയർന്ന നീല
വ്യോമസ്ഥലം സ്വയമെരിഞ്ഞെഴുമർക്കബിംബം
ശ്രീമദ്ധരിത്രിയിവയെപ്പണിചെയ്ക കൈയിൻ
കേമത്തമോർത്തിവനു നീർ കവിയുന്നു കണ്ണിൽ.
അന്തിച്ചുവപ്പുമലയാഴിയുമങ്ങിരുട്ടി
ലുന്തിസ്ഫുരിക്കുമുഡുരാശിയുമിന്ദുതാനും
പന്തിക്കു തീർത്ത പൊരുളിന്റെ മനോവിലാസം
ചിന്തിച്ചെനിക്കകമലിഞ്ഞുടൽ ചീർത്തിടുന്നു!
ചേണുറ്റു പൂത്ത വനമേന്തിയ കുന്നു ദൂരെ
ക്കാണുന്നു പീലികുടയും മയിലിൻ ഗണം പോൽ
താണങ്ങു വിണ്ണിൽ മഴവില്ലു ലസിപ്പു വർണ്ണം
പൂണുന്ന പൈങ്കിളികൾ ചേർന്നു പറന്നിടും പോൽ.
ഉല്ലോലമാമരുവി ദൂരെ മുഴങ്ങിടുന്നു
ഫുല്ലോല്ലസത്സുമഗണം മണമേകിടുന്നു;
കല്ലോലമാർന്നൊരു കയങ്ങളിൽനിന്നു പൊങ്ങി
നല്ലൊരു ചാരുകുളുർകാറ്റുമണഞ്ഞിടുന്നു!
ഇക്കാമ്യവസ്തുനിര ചെയ്തതു,മിങ്ങതോരാ
നുൾക്കാമ്പുമെന്നുടലുമേകിയതും, സ്വയം ഞാൻ
ധിക്കാര്യമാർഗ്ഗമണയാതകമേ കടന്നു
ചുക്കാൻ തിരിക്കുവതു, മൊക്കെയൊരേ കരംതാൻ.
ഈ ലോകഭോഗമതിനീശ, ജനിച്ചു ഞാൻ നി
ന്നാലോകഭാഗ്യമണയാതവകാശിയായി;
നൂലോതിയും സപദി മത്പ്രിയതാത, നിന്നെ
മാലോകർ ചൊല്ലിയുമറിഞ്ഞു വണങ്ങിടുന്നേൻ.
വമ്പിച്ച നിൻ മഹിമയും കൃപയും നിനച്ചു
കുമ്പിട്ടിടാത്ത തലയും ശിലയും സമംതാൻ
എമ്പിച്ചു തീർക്കയറിവായ് മനമാംവിളക്കിൻ
തുമ്പിൽ ജ്വലിക്കുമഖിലേശ്വര, കൈതൊഴുന്നേൻ.
Manglish Transcribe ↓
Kumaaranaashaan=>eeshvaran
en. Omalprabhaatharuchiyengumuyarnna neela
vyomasthalam svayamerinjezhumarkkabimbam
shreemaddharithriyivayeppanicheyka kyyin
kematthamortthivanu neer kaviyunnu kannil. Anthicchuvappumalayaazhiyumangirutti
lunthisphurikkumuduraashiyuminduthaanum
panthikku theerttha porulinte manovilaasam
chinthicchenikkakamalinjudal cheertthidunnu! Chenuttu poottha vanamenthiya kunnu doore
kkaanunnu peelikudayum mayilin ganam pol
thaanangu vinnil mazhavillu lasippu varnnam
poonunna pynkilikal chernnu parannidum pol. Ullolamaamaruvi doore muzhangidunnu
phullollasathsumaganam manamekidunnu;
kallolamaarnnoru kayangalilninnu pongi
nalloru chaarukulurkaattumananjidunnu! Ikkaamyavasthunira cheythathu,mingathoraa
nulkkaampumennudalumekiyathum, svayam njaan
dhikkaaryamaarggamanayaathakame kadannu
chukkaan thirikkuvathu, mokkeyore karamthaan. Ee lokabhogamathineesha, janicchu njaan ni
nnaalokabhaagyamanayaathavakaashiyaayi;
noolothiyum sapadi mathpriyathaatha, ninne
maalokar cholliyumarinju vanangidunnen. Vampiccha nin mahimayum krupayum ninacchu
kumpittidaattha thalayum shilayum samamthaan
empicchu theerkkayarivaayu manamaamvilakkin
thumpil jvalikkumakhileshvara, kythozhunnen.