ദിവ്യകോകിലം
കുമാരനാശാൻ=>ദിവ്യകോകിലം
എൻ.
(1922ൽ മഹാകവി രബീന്ദ്രനാഥ് ടാഗോറിനു തിരുവനന്തപുരത്തു നൽകിയ സ്വീകരണത്തിൽ വായിക്കാൻ എഴുതിയത്)
അവ്യയനാമീശന്‍റെയാരാമരത്നം തന്നി
ലവ്യാജകുതൂഹലം പാടിസ്സഞ്ചരിക്കുന്ന
ദിവ്യകോകിലമേ, നിൻ പൊൻകണ്ഠനാളം തൂകും
ഭവ്യകാകളീപരിപാടികൾ ജയിക്കുന്നു.
ജളകർണ്ണത്തിൽപ്പോലുമസ്സുധാലഹരികൾ
കുളിർമയാർന്നുപൂകിസ്സിരകൾ ചലിപ്പിച്ചു
പുളകമുണ്ടാക്കുന്നു ദ്രവിപ്പിക്കുന്നു ചിത്തം
ദളിതനിദ്രമാത്മതർപ്പണം ചെയ്തീടുന്നു.
അതിശാന്തമെന്നാലും ശക്തമാമതിൻധ്വനി
സതതം ചൂഴ്ന്ന കാറ്റിൽത്തിരകൾ തല്ലിത്തല്ലി
ക്ഷിതിഗോളത്തെജ്ജഗദീശരാജ്യത്തിലേക്കു
കുതികൊള്ളിക്കും നവ്യചലനമുണ്ടാക്കുന്നു.
പൊന്നൊളിവീശിച്ചലിക്കുന്ന നക്ഷത്രങ്ങളാ
മുന്നിദ്രപുഷ്പങ്ങൾ തന്നിടയിൽ പറന്നെങ്ങും
ചിന്നുംപൊല്പൊടിപറ്റിത്തിളങ്ങും നിൻദിവ്യാങ്ഗ
സന്നിധാനാംതാൻ കണ്ണിനാനന്ദം ചൊരിക്കുന്നു
അല്ലെങ്കിൽ ഖഗവര “രവി”താനല്ലോ ഭവാൻ
നല്ല ചെങ്കതിർകളാം പൊൻതൂവൽച്ചിറകുകൾ
മെല്ലവേ വീശി വിണിൽ പറന്നു ഭൂമുഖത്തി
ലല്ലുപൂശിയ മഷി തുടയ്ക്കും തേജസ്സല്ലൊ
അതുമല്ലോർത്താൽ രവിഹൃദയത്തിൽനിന്നലോ
ശ്രുതിഗീതങ്ങൾ പുറപ്പെടുന്നു കാലങ്ങളിൽ
വ്യതിയാനത്താൽ വരും വിപ്ലവം നീക്കി ലോക
സ്ഥിതി പാലിക്കേണ്ടതാസ്നേഹഗാനങ്ങളല്ലോ.
ഏതുദിക്കെന്നാകിലുമേതുബീജമാകിലു
മേതുവർണ്ണമായാലും മൈത്രിയാൽ പുഷ്പങ്ങളെ
ഭേദമെന്നിയെ തലോടുന്ന പൊൻകരമേലും
ജ്യോതിസ്സേ, ജയിക്ക നീ, ജയിക്ക നിന്‍റെ ഗാനം
പാടുക, പാടുക, പൊൻകുയിലേ, ഭഗവാന്‍റെ
വാടിയിൽ പക്ഷാഗ്രത്താൽ അദ്ദിവ്യപദാബ്ജങ്ങൾ
തടവിത്തടവി നീ പറന്നു സുഖമായി
നെടുനാൾ “വിശ്വ”ത്തിന്‍റെ ഭൂതിക്കായ് ജീവിക്കുക.
അതിഥിയങ്ങെന്നാലും ഞങ്ങൾതന്നിന്ദ്രിയങ്ങൾ
ക്കതിസൽക്കാരം ചെയ്തു തേനൊഴിക്കിനാൽ ഭവാൻ
സദയ”മൃഷിജന്യ”തേജസ്സേ, യങ്ങെത്തിയ
സുദിനമസ്തമിക്കാ ഞങ്ങൾക്കു തമസ്സിങ്കൽ
അഞ്ചിതാത്മാവേ! ഭവദ്ദർശനത്താൽതാൻ രോമ
കഞ്ചുകമാർന്നോർ സ്നേഹക്രീതരങ്ങേക്കീ ഞങ്ങൾ
തുഞ്ചലാളിതയായ കൈരളിതൻപേരിലും
വഞ്ചിഭൂവിൻപേരിലും മംഗളമുരയ്ക്കട്ടെ.
Manglish Transcribe ↓
Kumaaranaashaan=>divyakokilam
en.
(1922l mahaakavi rabeendranaathu daagorinu thiruvananthapuratthu nalkiya sveekaranatthil vaayikkaan ezhuthiyathu)
avyayanaameeshanreyaaraamarathnam thanni
lavyaajakuthoohalam paadisancharikkunna
divyakokilame, nin ponkandtanaalam thookum
bhavyakaakaleeparipaadikal jayikkunnu. Jalakarnnatthilppolumasudhaalaharikal
kulirmayaarnnupookisirakal chalippicchu
pulakamundaakkunnu dravippikkunnu chittham
dalithanidramaathmatharppanam cheytheedunnu. Athishaanthamennaalum shakthamaamathindhvani
sathatham choozhnna kaattiltthirakal thallitthalli
kshithigolatthejjagadeesharaajyatthilekku
kuthikollikkum navyachalanamundaakkunnu. Ponnoliveeshicchalikkunna nakshathrangalaa
munnidrapushpangal thannidayil parannengum
chinnumpolpodipattitthilangum nindivyaangga
sannidhaanaamthaan kanninaanandam chorikkunnu
allenkil khagavara “ravi”thaanallo bhavaan
nalla chenkathirkalaam ponthoovalcchirakukal
mellave veeshi vinil parannu bhoomukhatthi
lallupooshiya mashi thudaykkum thejasallo
athumallortthaal ravihrudayatthilninnalo
shruthigeethangal purappedunnu kaalangalil
vyathiyaanatthaal varum viplavam neekki loka
sthithi paalikkendathaasnehagaanangalallo. Ethudikkennaakilumethubeejamaakilu
methuvarnnamaayaalum mythriyaal pushpangale
bhedamenniye thalodunna ponkaramelum
jyothise, jayikka nee, jayikka ninre gaanam
paaduka, paaduka, ponkuyile, bhagavaanre
vaadiyil pakshaagratthaal addhivyapadaabjangal
thadavitthadavi nee parannu sukhamaayi
nedunaal “vishva”tthinre bhoothikkaayu jeevikkuka. Athithiyangennaalum njangalthannindriyangal
kkathisalkkaaram cheythu thenozhikkinaal bhavaan
sadaya”mrushijanya”thejase, yangetthiya
sudinamasthamikkaa njangalkku thamasinkal
anchithaathmaave! Bhavaddharshanatthaalthaan roma
kanchukamaarnnor snehakreetharangekkee njangal
thunchalaalithayaaya kyralithanperilum
vanchibhoovinperilum mamgalamuraykkatte.