നിഷ്കപടതയോട്
കുമാരനാശാൻ=>നിഷ്കപടതയോട്
എൻ.
പൂവിനെതിർ മെയ്യൊളിയൊതുങ്ങിയഴലാലി
ന്നാവിതടവും മുകുരമൊത്തു കവിൾ മങ്ങി,
ആവിലമനസ്സൊടൊരു കൈയിൽ മുഖമർപ്പി
ച്ചീവിധമിരുന്നഴുവതെന്തു വിമലേ! നീ?
ഉണ്മയുടെയൂർജ്ജിതവിഭുത്വമതു പോയി,
ന്നെന്മഹിമയാരുമറിയാത്ത നിലയായി,
ഇമ്മഹിയിലെന്തിനിനി വാഴുവതു ഞാനെ
ന്നുണ്മലർ കരിഞ്ഞയി, ശുഭേ, കരവതോ നീ!
പുഞ്ചിരിനിലാവൊളി പുറത്തിരുളകത്തായ്
നെഞ്ചിൽ വിഷമായ് മൊഴിയിൽ നല്ല നറുതേനായ്
വഞ്ചന മുഴുത്തു ഭുവനത്തിലിനി നല്ലോ
രഞ്ചണമതോർത്തു സരളേ,യഴുവതോ നീ?
സ്നേഹമുതിരേണ്ടവരിൽനിന്നും പകയായി,
ഗേഹമതിനാൽ ഭയദമാമടവിയായി
മോഹതിമിരം പെരുകി മൂഢതയുമാക്കി
സ്സാഹസികർ നിന്നെയതിനാലഴുവതോ നീ?
മാഴ്കരുതു മഞ്ജുമുഖി, സത്യമൊടസത്യം
വ്യാകുലിതമായ പൊരുളാണു ഭുവനം കേൾ;
ഏകരസമായ് ഗുണമെഴില്ലറികയെങ്ങും,
ലോകമിതിൽ നന്മയൊടു തിന്മ പൊരുതുന്നു.
പണ്ടു മുതലിങ്ങനെ വെളിച്ചവുമിരുട്ടും
രണ്ടുമിടയുന്നിതു സുരാസുരർ കണക്കെ;
ഇണ്ടലതിനാൽ വരുവതും വിരവിൽ നീങ്ങും
കണ്ടറികയുണ്മ സുകുമാരി, കരയാതെ.
ഇങ്ങനെ തിരിഞ്ഞു വിധിചക്രമുഴറുമ്പോ
ളിങ്ങമലധർമ്മമതിലൂന്നി വിലസുന്നു,
മങ്ങിയുമിടയ്ക്കിടെ വിളങ്ങിയുമിരുട്ടിൽ
ത്തങ്ങിയിരുപക്ഷമെഴുമിന്ദുകലപോലെ.
നിന്നെ വെടിയുന്നവനു നീ വെടിയുവോനും
പിന്നെ മനുജന്‍റെ വടിവെന്തിനു മനോജ്ഞേ?
നിന്നകമെരിഞ്ഞു മിഴിനീർ പൊഴിവതെന്നാ
മന്നറിക തീനരകമെന്നു മഹിതാഭേ.
ജീവിതതരണത്തിലതിമാനമൊടു ഞാനെൻ
ദേവി തുണനിൽക്കിൽ വിജയിപ്പനതിനാലേ,
പൂവിൽ മണവും മണിവിളക്കിലൊളിയുംപോൽ
നീ വിലസുകെന്‍റെ മനതാരിൽ മറയാതെ.
നിൽക്ക തുണയായഴലൊഴിക്കയെഴുനേൽക്കി
ന്നിക്കലുഷഭാവമയി, നിന്നിലഴകാമോ?
‘നിഷ്ക്കപടതേ’, കരൾ നിറഞ്ഞൊരിരുൾ നീക്കും
ചിൽക്കതിരവന്‍റെ ചെറുരശ്മിയമലേ നീ.
Manglish Transcribe ↓
Kumaaranaashaan=>nishkapadathayodu
en. Poovinethir meyyoliyothungiyazhalaali
nnaavithadavum mukuramotthu kavil mangi,
aavilamanasodoru kyyil mukhamarppi
ccheevidhamirunnazhuvathenthu vimale! Nee? Unmayudeyoorjjithavibhuthvamathu poyi,
nnenmahimayaarumariyaattha nilayaayi,
immahiyilenthinini vaazhuvathu njaane
nnunmalar karinjayi, shubhe, karavatho nee! Punchirinilaavoli puratthirulakatthaayu
nenchil vishamaayu mozhiyil nalla naruthenaayu
vanchana muzhutthu bhuvanatthilini nallo
ranchanamathortthu sarale,yazhuvatho nee? Snehamuthirendavarilninnum pakayaayi,
gehamathinaal bhayadamaamadaviyaayi
mohathimiram peruki mooddathayumaakki
saahasikar ninneyathinaalazhuvatho nee? Maazhkaruthu manjjumukhi, sathyamodasathyam
vyaakulithamaaya porulaanu bhuvanam kel;
ekarasamaayu gunamezhillarikayengum,
lokamithil nanmayodu thinma poruthunnu. Pandu muthalingane velicchavumiruttum
randumidayunnithu suraasurar kanakke;
indalathinaal varuvathum viravil neengum
kandarikayunma sukumaari, karayaathe. Ingane thirinju vidhichakramuzharumpo
lingamaladharmmamathiloonni vilasunnu,
mangiyumidaykkide vilangiyumiruttil
tthangiyirupakshamezhumindukalapole. Ninne vediyunnavanu nee vediyuvonum
pinne manujanre vadiventhinu manojnje? Ninnakamerinju mizhineer pozhivathennaa
mannarika theenarakamennu mahithaabhe. Jeevithatharanatthilathimaanamodu njaanen
devi thunanilkkil vijayippanathinaale,
poovil manavum manivilakkiloliyumpol
nee vilasukenre manathaaril marayaathe. Nilkka thunayaayazhalozhikkayezhunelkki
nnikkalushabhaavamayi, ninnilazhakaamo?
‘nishkkapadathe’, karal niranjorirul neekkum
chilkkathiravanre cherurashmiyamale nee.