വീണപൂവ്
കുമാരനാശാൻ=>വീണപൂവ്
എൻ.
ഹാ! പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ നീ
ശ്രീ ഭൂവിലസ്ഥിര അസംശയ മിന്നു നിൻറെ
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോർത്താൽ? 1
ലാളിച്ചു പെറ്റ ലതയമ്പൊടു ശൈശവത്തിൽ
പാലിച്ചു പല്ലവപുടങ്ങളിൽ വെച്ചു നിന്നെ;
ആലോലവായു ചെറുതൊട്ടിലുമാട്ടി, താരാ
ട്ടാലാപമാർന്നു മലരേ, ദലമർമ്മരങ്ങൾ 2
പാലൊത്തെഴും പുതുനിലാവിലലം കുളിച്ചും
ബാലാതപത്തിൽ വിളയാടിയുമാടലെന്യേ
നീ ലീലപൂണ്ടിളയ മൊട്ടുകളോടു ചേർന്നു
ബാലത്വമങ്ങനെ കഴിച്ചിതു നാളിൽ നാളിൽ 3
ശീലിച്ചു ഗാനമിടചേർന്നു ശിരസ്സുമാട്ടി
ക്കാലത്തെഴും കിളികളോടഥ മൗനമായ് നീ
ഈ ലോകതത്വവുമയേ, തെളിവാർന്ന താരാ
ജാലത്തൊടുന്മുഖതയാർന്നു പഠിച്ചു രാവിൽ 4
ഈവണ്ണമമ്പൊടു വളർന്നഥ നിൻറെയംഗ
മാവിഷ്ക്കരിച്ചു ചില ഭംഗികൾ മോഹനങ്ങൾ
ഭാവം പകർന്നു വദനം, കവിൾ കാന്തിയാർന്നു,
പൂവേ, അതിൽ പുതിയ പുഞ്ചിരി സഞ്ചരിച്ചു. 5
ആരോമലാമഴക്, ശുദ്ധി, മൃദുത്വ, മാഭ
സാരള്യമെന്ന, സുകുമാരഗുണത്തിനെല്ലാം
പാരിങ്കലേതുപമ; ആ മൃദുമെയ്യിൽ നവ്യ
താരുണ്യമേന്തിയൊരു നിൻ നില കാണണം താൻ. 6
വൈരാഗ്യമേറിയൊരു വൈദികനാട്ടെ, യേറ്റ
വൈരിയ്ക്കു മുൻപുഴറിയോടിയ ഭീരുവാട്ടെ,
നേരേ വിടർന്നു വിലസീടിന നിന്നെ നോക്കി
യാരാകിലെന്തു, മിഴിയുള്ളവർ നിന്നിരിക്കാം. 7
മെല്ലെന്നു സൗരഭവുമൊട്ടു പരന്നു ലോക
മെല്ലാം മയക്കി മരുവുന്നളവന്നു നിന്നെ
തെല്ലോ കൊതിച്ചനുഭവാർത്ഥികൾ; ചിത്രമല്ല
തില്ലാർക്കുമീഗുണവു, മേവമകത്തു തേനും. 8
ചേതോഹരങ്ങൾ സമജാതികളാം സുമങ്ങ
ളേതും സമാനമഴകുള്ളവയെങ്കിലും നീ
ജാതാനുരാഗമൊരുവന്നു മിഴിക്കു വേദ്യ
മേതോ വിശേഷസുഭഗത്വവുമാർന്നിരിക്കാം. 9
"കാലം കുറഞ്ഞ ദിനമെങ്കിലുമർത്ഥദീർഘം,
മാലേറെയെങ്കിലുമതീവ മനോഭിരാമം
ചാലേ കഴിഞ്ഞരിയ യൗവന"മെന്നു നിന്റെ
യീ ലോലമേനി പറയുന്നനുകമ്പനീയം. 10
അന്നൊപ്പമാണഴകു കണ്ടു വരിച്ചിടും നീ
യെന്നോർത്തു ചിത്രശലഭങ്ങളണഞ്ഞിരിക്കാം;
എന്നല്ല, ദൂരമതിൽനിന്നനുരാഗമോതി
വന്നെന്നുമാം വിരുതനങ്ങൊരു ഭൃംഗരാജൻ. 11
കില്ലില്ലയേ ഭ്രമരവര്യനെ നീ വരിച്ചു
തെല്ലെങ്കിലും ശലഭമേനിയെ മാനിയാതെ
അല്ലെങ്കിൽ നിന്നരികിൽ വന്നിഹ വട്ടമിട്ടു
വല്ലാതിവൻ നിലവിളിക്കുകയില്ലിദാനീം. 12
“എന്നംഗമേകനിഹ തീറുകൊടുത്തുപോയ് ഞാൻ
എന്നന്യകാമുകരെയൊക്കെ മടക്കിയില്ലേ?
ഇന്നോമലേ വിരവിലെന്നെ വെടിഞ്ഞിടല്ലേ”
എന്നൊക്കെയല്ലി ബത! വണ്ടു പുലമ്പിടുന്നു? 13
ഹാ! കഷ്ട,മാ വിബുധകാമിതമാം ഗുണത്താ
ലാകൃഷ്ടനാ, യനുഭവിച്ചൊരു ധന്യനീയാൾ
പോകട്ടെ നിന്നൊടൊരുമിച്ചു മരിച്ചു; നിത്യ
ശോകാർത്തനായിനിയിരിപ്പതു നിഷ്‌ഫലംതാൻ. 14
ചത്തീടുമിപ്പോഴിവനല്‌പവികല്‌പമില്ല
തത്താദൃശം വ്യസനകുണ്ഠിതമുണ്ടു കണ്ടാൽ
അത്യുഗ്രമാം തരുവിലും ബത! കല്ലിലും പോയ്
പ്രത്യക്ഷമാഞ്ഞു തല തല്ലുകയല്ലി ഖിന്നൻ? 15
ഒന്നോർക്കിലിങ്ങിവ വളർന്നു ദൃഢാനുരാഗ
മന്യോന്യമാർന്നുപയമത്തിനു കാത്തിരുന്നു
വന്നീയപായമഥ കണ്ടളി ഭാഗ്യഹീനൻ
ക്രന്ദിക്കയാം; കഠിന താൻ ഭവിതവ്യതേ നീ! 16
ഇന്നല്ലയെങ്കിലയി, നീ ഹൃദയം തുറന്നു
നന്ദിച്ച വണ്ടു കുസുമാന്തരലോലനായി
“എന്നെച്ചതിച്ചു ശഠ”നെന്നതു കണ്ടു നീണ്ടു
വന്നേറുമാധിയഥ നിന്നെ ഹനിച്ചു പൂവേ! 17
ഹാ! പാർക്കിലീ നിഗമനം പരമാർത്ഥമെങ്കിൽ
പാപം നിനക്കു ഫലമായഴൽ പൂണ്ട വണ്ടേ!
ആപത്തെഴും തൊഴിലിലോർക്കുക മുമ്പു; പശ്ചാ
ത്താപങ്ങൾ സാഹസികനിങ്ങനെയെങ്ങുമുണ്ടാം. 18
പോകട്ടതൊക്കെ,യഥവാ യുവലോകമേലു
മേകാന്തമാം ചരിതമാരറിയുന്നു പാരിൽ
ഏകുന്നു വാൿപടുവിനാർത്തി വൃഥാപവാദം,
മൂകങ്ങൾ പിന്നിവ പഴിക്കുകിൽ ദോഷമല്ലേ? 19
പോകുന്നിതാ വിരവിൽ വണ്ടിവിടം വെടിഞ്ഞു
സാകൂതമാംപടി പറന്നു നഭസ്ഥലത്തിൽ
ശോകാന്ധനായ് കുസുമചേതന പോയ മാർഗ്ഗ
മേകാന്തഗന്ധമിതു പിൻതുടരുന്നതല്ലീ? 20
ഹാ! പാപമോമൽമലരേ ബത! നിൻറെ മേലും
ക്ഷേപിച്ചിതോ കരുണയറ്റ കരം കൃതാന്തൻ
വ്യാപാരമേ ഹനനമാം വനവേടനുണ്ടോ
വ്യാപന്നമായ് കഴുകനെന്നു, കപോതമെന്നും? 21
തെറ്റെന്നു ദേഹസുഷമാപ്രസരം മറഞ്ഞു
ചെറ്റല്ലിരുണ്ടു മുഖകാന്തിയതും കുറഞ്ഞു
മറ്റെന്തുരപ്പു? ജവമീ നവദീപമെണ്ണ
വറ്റിപ്പുകഞ്ഞഹഹ! വാടിയണഞ്ഞുപോയി. 22
ഞെട്ടറ്റു നീ മുകളിൽനിന്നു നിശാന്തവായു
തട്ടിപ്പതിപ്പളവുണർന്നവർ താരമെന്നോ
തിട്ടം നിനച്ചു മലരേ ബത! ദിവ്യഭോഗം
വിട്ടാശു ഭുവിലടിയുന്നൊരു ജീവനെന്നോ? 23
അത്യന്തകോമളതയാർന്നൊരു നിൻറെ മേനി
യെത്തുന്ന കണ്ടവനിതന്നെയധീരയായി
സദ്യഃസ്ഫുടം പുളകിതാംഗമിയന്നു പൂണ്ടോ
രുദ്വേഗമോതുമുപകണ്ഠതൃണാങ്കുരങ്ങൾ. 24
അന്യൂനമാം മഹിമ തിങ്ങിയൊരാത്മതത്വ
മെന്യേ നിലത്തു ഗതമൗക്തികശുക്തിപോൽ നീ
സന്നാഭമിങ്ങനെ കിടക്കുകിലും ചുഴന്നു
മിന്നുന്നു നിൻ പരിധിയിപ്പൊഴുമെന്നു തോന്നും. 25
ആഹാ, രചിച്ചു ചെറു ലൂതകളാശു നിൻറെ
ദേഹത്തിനേകി ചരമാവരണം ദുകൂലം
സ്നേഹാർദ്രയായുടനുഷസ്സുമണിഞ്ഞു നിന്മേൽ
നീഹാരശീകരമനോഹരമന്ത്യഹാരം. 26
താരങ്ങൾ നിൻ പതനമോർത്തു തപിച്ചഹോ! ക
ണ്ണീരായിതാ ഹിമകണങ്ങൾ പൊഴിഞ്ഞിടുന്നു;
നേരായി നീഡതരുവിട്ടു നിലത്തു നിൻറെ
ചാരത്തു വീണു ചടകങ്ങൾ പുലമ്പിടുന്നു. 27
ആരോമലമാം ഗുണഗണങ്ങളിണങ്ങി ദോഷ
മോരാതുപദ്രവമൊന്നിനു ചെയ്തിടാതെ,
പാരം പരാർത്ഥമിഹ വാണൊരു നിൻ ചരിത്ര
മാരോർത്തു ഹൃത്തടമഴിഞ്ഞു കരഞ്ഞുപോകാ? 28
കണ്ടീ വിപത്തഹഹ! കല്ലലിയുന്നിതാടൽ
കൊണ്ടാശു ദിങ്‌മുഖവുമിങ്ങനെ മങ്ങിടുന്നു
തണ്ടാർസഖൻ ഗിരിതടത്തിൽ വിവർണ്ണനായ് നി
ന്നിണ്ടൽപ്പെടുന്നു, പവനൻ നെടുവീർപ്പിടുന്നു. 29
എന്തിന്നലിഞ്ഞു ഗുണധോരണി വെച്ചു നിന്മേൽ?
എന്തിന്നതാശു വിധിയേവമപാകരിച്ചു?
ചിന്തിപ്പതാരരിയ സൃഷ്ടിരഹസ്യ, മാവ
തെന്തുള്ളു? ഹാ! ഗുണികളൂഴിയിൽ നീണ്ടു വാഴാ! 30
സാധിച്ചു വേഗമഥവാ നിജ ജന്മകൃത്യം
സാധിഷ്‌ഠർ പോട്ടിഹ സദാ നിശി പാന്ഥപാദം
ബാധിച്ചു രൂക്ഷശില വാഴ്‌വതിൽനിന്നു മേഘ
ജ്യോതിസ്സുതൻ ക്ഷണികജീവിതമല്ലി കാമ്യം? 31
എന്നാലുമുണ്ടഴലെനിക്കു വിയോഗമോർത്തും
ഇന്നത്ര നിൻ കരുണമായ കിടപ്പു കണ്ടും
ഒന്നല്ലി നാ,മയി സഹോദരരല്ലി, പൂവേ,
ഒന്നല്ലി കയ്യിഹ രചിച്ചതു നമ്മെയെല്ലാം? 32
ഇന്നീവിധം ഗതി നിനക്കയി പോക! പിന്നൊ
ന്നൊന്നായ്‌ത്തുടർന്നു വരുമാ വഴി ഞങ്ങളെല്ലാം;
ഒന്നിന്നുമില്ല നില ഉന്നതമായ കുന്നു
മെന്നല്ലയാഴിയുമൊരിക്കൽ നശിക്കുമോർത്താൽ. 33
അംഭോജബന്ധുവിത നിന്നവശിഷ്ടകാന്തി
സമ്പത്തെടുപ്പതിനണഞ്ഞു കരങ്ങൾ നീട്ടി;
ജൃംഭിച്ച സൗരഭമിതാ കവരുന്നു വായു
സമ്പൂർണ്ണമാ,യഹഹ! നിന്നുടെ ദായഭാഗം. 34
‘ഉത്‌പന്നമായതു നശിക്കു,മണുക്കൾ നിൽക്കും
ഉത്‌പന്നമാമുടൽ വെടിഞ്ഞൊരു ദേഹി വീണ്ടും
ഉത്‌പത്തി കർമ്മഗതി പോലെ വരും ജഗത്തിൽ’
കൽപിച്ചിടുന്നിവിടെയിങ്ങനെ ആഗമങ്ങൾ. 35
ഖേദിക്കകൊണ്ടു ഫലമില്ല, നമുക്കതല്ല
മോദത്തിനും ഭുവി വിപത്തു വരാം ചിലപ്പോൾ;
ചൈതന്യവും ജഡവുമായ് കലരാം ജഗത്തി
ലേതെങ്കിലും വടിവിലീശ്വരവൈഭവത്താൽ. 36
ഇപ്പശ്ചിമാബ്ധിയിലണഞ്ഞൊരു താരമാരാ
ലുത്‌പന്നശോഭമുദയാദ്രിയിലെത്തിടുമ്പോൽ
സത്‌പുഷ്പമേ! യിവിടെ മാഞ്ഞു സുമേരുവിന്മേൽ
കൽപദ്രുമത്തിനുടെ കൊമ്പിൽ വിടർന്നിടാം നീ. 37
സംഫുല്ലശോഭമതു കണ്ടു കുതൂഹലം പൂ
ണ്ടമ്പോടടുക്കുമളിവേണികൾ ഭൂഷയായ് നീ
ഇമ്പത്തെയും സുരയുവാക്കളിലേകി രാഗ
സമ്പത്തെയും സമധികം സുകൃതം ലഭിക്കാം. 38
അല്ലെങ്കിലാ ദ്യുതിയെഴുന്നമരർഷിമാർക്കു
ഫുല്ലപ്രകാശമിയലും ബലിപുഷ്പമായി
സ്വർല്ലോകവും സകലസംഗമവും കടന്നു
ചെല്ലാം നിനക്കു തമസഃപരമാം പദത്തിൽ. 39
ഹാ! ശാന്തിയൗപനിഷദോക്തികൾതന്നെ നൽകും
ക്ലേശിപ്പതാത്മപരിപീഡനമജ്ഞയോഗ്യം;
ആശാഭരം ശ്രുതിയിൽ വയ്ക്കുക നമ്മൾ, പിന്നെ
യീശാജ്ഞപോലെ വരുമൊക്കെയുമോർക്ക പൂവേ! 40
കണ്ണേ, മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു, വിസ്മൃതമാകുമിപ്പോൾ;
എണ്ണീടുകാർക്കുമിതുതാൻ ഗതി! സാദ്ധ്യമെന്തു
കണ്ണീരിനാൽ? അവനി വാഴ്‌വു കിനാവു, കഷ്ടം! 41
Manglish Transcribe ↓
Kumaaranaashaan=>veenapoovu
en. Haa! Pushpame, adhikathumgapadatthilethra
shobhicchirunnithoru raajnjikanakkaye nee
shree bhoovilasthira asamshaya minnu ninre
yaabhoothiyengu punarengu kidappithortthaal? 1
laalicchu petta lathayampodu shyshavatthil
paalicchu pallavapudangalil vecchu ninne;
aalolavaayu cheruthottilumaatti, thaaraa
ttaalaapamaarnnu malare, dalamarmmarangal 2
paalotthezhum puthunilaavilalam kulicchum
baalaathapatthil vilayaadiyumaadalenye
nee leelapoondilaya mottukalodu chernnu
baalathvamangane kazhicchithu naalil naalil 3
sheelicchu gaanamidachernnu shirasumaatti
kkaalatthezhum kilikalodatha maunamaayu nee
ee lokathathvavumaye, thelivaarnna thaaraa
jaalatthodunmukhathayaarnnu padticchu raavil 4
eevannamampodu valarnnatha ninreyamga
maavishkkaricchu chila bhamgikal mohanangal
bhaavam pakarnnu vadanam, kavil kaanthiyaarnnu,
poove, athil puthiya punchiri sancharicchu. 5
aaromalaamazhaku, shuddhi, mruduthva, maabha
saaralyamenna, sukumaaragunatthinellaam
paarinkalethupama; aa mrudumeyyil navya
thaarunyamenthiyoru nin nila kaananam thaan. 6
vyraagyameriyoru vydikanaatte, yetta
vyriykku munpuzhariyodiya bheeruvaatte,
nere vidarnnu vilaseedina ninne nokki
yaaraakilenthu, mizhiyullavar ninnirikkaam. 7
mellennu saurabhavumottu parannu loka
mellaam mayakki maruvunnalavannu ninne
thello kothicchanubhavaarththikal; chithramalla
thillaarkkumeegunavu, mevamakatthu thenum. 8
chethoharangal samajaathikalaam sumanga
lethum samaanamazhakullavayenkilum nee
jaathaanuraagamoruvannu mizhikku vedya
metho visheshasubhagathvavumaarnnirikkaam. 9
"kaalam kuranja dinamenkilumarththadeergham,
maalereyenkilumatheeva manobhiraamam
chaale kazhinjariya yauvana"mennu ninte
yee lolameni parayunnanukampaneeyam. 10
annoppamaanazhaku kandu varicchidum nee
yennortthu chithrashalabhangalananjirikkaam;
ennalla, dooramathilninnanuraagamothi
vannennumaam viruthanangoru bhrumgaraajan. 11
killillaye bhramaravaryane nee varicchu
thellenkilum shalabhameniye maaniyaathe
allenkil ninnarikil vanniha vattamittu
vallaathivan nilavilikkukayillidaaneem. 12
“ennamgamekaniha theerukodutthupoyu njaan
ennanyakaamukareyokke madakkiyille? Innomale viravilenne vedinjidalle”
ennokkeyalli batha! Vandu pulampidunnu? 13
haa! Kashda,maa vibudhakaamithamaam gunatthaa
laakrushdanaa, yanubhavicchoru dhanyaneeyaal
pokatte ninnodorumicchu maricchu; nithya
shokaartthanaayiniyirippathu nishphalamthaan. 14
chattheedumippozhivanalpavikalpamilla
thatthaadrusham vyasanakundtithamundu kandaal
athyugramaam tharuvilum batha! Kallilum poyu
prathyakshamaanju thala thallukayalli khinnan? 15
onnorkkilingiva valarnnu druddaanuraaga
manyonyamaarnnupayamatthinu kaatthirunnu
vanneeyapaayamatha kandali bhaagyaheenan
krandikkayaam; kadtina thaan bhavithavyathe nee! 16
innallayenkilayi, nee hrudayam thurannu
nandiccha vandu kusumaantharalolanaayi
“ennecchathicchu shadta”nennathu kandu neendu
vannerumaadhiyatha ninne hanicchu poove! 17
haa! Paarkkilee nigamanam paramaarththamenkil
paapam ninakku phalamaayazhal poonda vande! Aapatthezhum thozhililorkkuka mumpu; pashchaa
tthaapangal saahasikaninganeyengumundaam. 18
pokattathokke,yathavaa yuvalokamelu
mekaanthamaam charithamaarariyunnu paaril
ekunnu vaakpaduvinaartthi vruthaapavaadam,
mookangal pinniva pazhikkukil doshamalle? 19
pokunnithaa viravil vandividam vedinju
saakoothamaampadi parannu nabhasthalatthil
shokaandhanaayu kusumachethana poya maargga
mekaanthagandhamithu pinthudarunnathallee? 20
haa! Paapamomalmalare batha! Ninre melum
kshepicchitho karunayatta karam kruthaanthan
vyaapaarame hananamaam vanavedanundo
vyaapannamaayu kazhukanennu, kapothamennum? 21
thettennu dehasushamaaprasaram maranju
chettallirundu mukhakaanthiyathum kuranju
mattenthurappu? Javamee navadeepamenna
vattippukanjahaha! Vaadiyananjupoyi. 22
njettattu nee mukalilninnu nishaanthavaayu
thattippathippalavunarnnavar thaaramenno
thittam ninacchu malare batha! Divyabhogam
vittaashu bhuviladiyunnoru jeevanenno? 23
athyanthakomalathayaarnnoru ninre meni
yetthunna kandavanithanneyadheerayaayi
sadyasphudam pulakithaamgamiyannu poondo
rudvegamothumupakandtathrunaankurangal. 24
anyoonamaam mahima thingiyoraathmathathva
menye nilatthu gathamaukthikashukthipol nee
sannaabhamingane kidakkukilum chuzhannu
minnunnu nin paridhiyippozhumennu thonnum. 25
aahaa, rachicchu cheru loothakalaashu ninre
dehatthineki charamaavaranam dukoolam
snehaardrayaayudanushasumaninju ninmel
neehaarasheekaramanoharamanthyahaaram. 26
thaarangal nin pathanamortthu thapicchaho! Ka
nneeraayithaa himakanangal pozhinjidunnu;
neraayi needatharuvittu nilatthu ninre
chaaratthu veenu chadakangal pulampidunnu. 27
aaromalamaam gunaganangalinangi dosha
moraathupadravamonninu cheythidaathe,
paaram paraarththamiha vaanoru nin charithra
maarortthu hrutthadamazhinju karanjupokaa? 28
kandee vipatthahaha! Kallaliyunnithaadal
kondaashu dingmukhavumingane mangidunnu
thandaarsakhan girithadatthil vivarnnanaayu ni
nnindalppedunnu, pavanan neduveerppidunnu. 29
enthinnalinju gunadhorani vecchu ninmel? Enthinnathaashu vidhiyevamapaakaricchu? Chinthippathaarariya srushdirahasya, maava
thenthullu? Haa! Gunikaloozhiyil neendu vaazhaa! 30
saadhicchu vegamathavaa nija janmakruthyam
saadhishdtar pottiha sadaa nishi paanthapaadam
baadhicchu rookshashila vaazhvathilninnu megha
jyothisuthan kshanikajeevithamalli kaamyam? 31
ennaalumundazhalenikku viyogamortthum
innathra nin karunamaaya kidappu kandum
onnalli naa,mayi sahodararalli, poove,
onnalli kayyiha rachicchathu nammeyellaam? 32
inneevidham gathi ninakkayi poka! Pinno
nnonnaaytthudarnnu varumaa vazhi njangalellaam;
onninnumilla nila unnathamaaya kunnu
mennallayaazhiyumorikkal nashikkumortthaal. 33
ambhojabandhuvitha ninnavashishdakaanthi
sampattheduppathinananju karangal neetti;
jrumbhiccha saurabhamithaa kavarunnu vaayu
sampoornnamaa,yahaha! Ninnude daayabhaagam. 34
‘uthpannamaayathu nashikku,manukkal nilkkum
uthpannamaamudal vedinjoru dehi veendum
uthpatthi karmmagathi pole varum jagatthil’
kalpicchidunnivideyingane aagamangal. 35
khedikkakondu phalamilla, namukkathalla
modatthinum bhuvi vipatthu varaam chilappol;
chythanyavum jadavumaayu kalaraam jagatthi
lethenkilum vadivileeshvaravybhavatthaal. 36
ippashchimaabdhiyilananjoru thaaramaaraa
luthpannashobhamudayaadriyiletthidumpol
sathpushpame! Yivide maanju sumeruvinmel
kalpadrumatthinude kompil vidarnnidaam nee. 37
samphullashobhamathu kandu kuthoohalam poo
ndampodadukkumalivenikal bhooshayaayu nee
impattheyum surayuvaakkalileki raaga
sampattheyum samadhikam sukrutham labhikkaam. 38
allenkilaa dyuthiyezhunnamararshimaarkku
phullaprakaashamiyalum balipushpamaayi
svarllokavum sakalasamgamavum kadannu
chellaam ninakku thamasaparamaam padatthil. 39
haa! Shaanthiyaupanishadokthikalthanne nalkum
kleshippathaathmaparipeedanamajnjayogyam;
aashaabharam shruthiyil vaykkuka nammal, pinne
yeeshaajnjapole varumokkeyumorkka poove! 40
kanne, madanguka, karinjumalinjumaashu
mannaakumee malaru, vismruthamaakumippol;
enneedukaarkkumithuthaan gathi! Saaddhyamenthu
kanneerinaal? Avani vaazhvu kinaavu, kashdam! 41