ഖേദപൂര്‍വ്വം
കുരീപ്പുഴ ശ്രീകുമാർ=>ഖേദപൂര്‍വ്വം
കപട സ്നേഹിതാ നിന്നോടു ജീവിത
വ്യഥകള്‍ ചൊല്ലി പരാജയപ്പെട്ടു ഞാന്‍
തെരുവില്‍ വെച്ചു നീ കാണുമ്പൊഴൊക്കെയും
കുശലമെയ്യുന്നു.
മുന്‍വരിപ്പല്ലിനാല്‍ ചിരി വിരിക്കുന്നു.
കീശയില്‍ കയ്യിട്ടു
കുരുതി ചെയ്യുവാനായുധം തേടുന്നു.
പല നിറങ്ങളില്‍ നിന്‍റെ മുഖംമൂടി.
പല നിലങ്ങളില്‍ നിന്‍ ഞെരിഞ്ഞില്‍ കൃഷി
മധുരമാകര്‍ഷകം മന്ദഹാസവും
കരുണ മൂടിയ കണ്‍കെട്ടു വിദ്യയും
സുഖദമാത്മ പ്രകാശനം,നാടക
ക്കളരി തോല്‍ക്കുന്ന ഭാഷയും ഭാവവും.
കപട സ്നേഹിതാ,നിന്നോടു വാസ്തവ
ക്കവിത ചൊല്ലിപ്പരാജയപ്പെട്ടു ഞാന്‍
വളരെ നാളായ് കൊതിക്കുന്നു ഞാന്‍, നാട്ടു
പുളി മരങ്ങളേ പൂക്കുക,പൂക്കുക
കൊടികള്‍ കായ്ക്കും കവുങ്ങുകള്‍ പൂക്കുക
തൊടികള്‍ ചൂടും കിനാക്കളേ പൂക്കുക.
വിഫലമാകുന്നു വിശ്വാസധാരകള്‍
പതിയെ നില്‍ക്കുന്നു പ്രാര്‍ത്ഥനാഗീതികള്‍
മുളകള്‍ പൂക്കുന്ന കാലം.
മനസ്സിലും മുനകള്‍ കൊണ്ടു
പഴുക്കുന്ന വേദന.
നിലവിളിക്കുന്നു ഞാന്‍,തീവ്ര ദുഃഖങ്ങള്‍
അലറിയെത്തിക്കഴുത്തില്‍ കടിക്കുന്നു.
തടവുപാളയം ജന്മഗൃഹം
മതില്‍പ്പഴുതിലൂടെ ഞാന്‍
രക്ഷപ്പെട്ടോടുന്നു.
ഒരു സുഹൃത്തിന്‍റെ സാന്ത്വനച്ഛായയില്‍
മുറിവു നീറുന്നൊരെന്നെക്കിടത്തുന്നു.
ഒരു വശം മാത്രമിക്കാഴ്ച,അപ്പൊഴും
അതി രഹസ്യമായ് പൊട്ടിച്ചിരിച്ചു നീ.
കപട സ്നേഹിതാ,നിന്‍ വ്യാജസൌഹൃദ
ക്കതകില്‍ മുട്ടിപ്പരാജയപ്പെട്ടു ഞാന്‍.
മറുപുറത്തൊരാള്‍ നില്‍ക്കുമെല്ലായ്പ്പൊഴും
ഹൃദയഹസ്തങ്ങള്‍ നീട്ടി രക്ഷിക്കുവാന്‍
മറുപുറം.... ധ്രുവദൂരം,വിരല്‍ത്തുമ്പി
നഭയമേകുവാനാവാത്ത കൌതുകം.
പുകമറയ്ക്കു പിന്നാമ്പുറം നിന്നു നീ
നുണയൊഴിച്ചു കൊടുത്തും കുടിച്ചും
പക പതപ്പിക്കയായിരുന്നെപ്പൊഴും
പ്രിയ സഖാവായ് മനസ്സിലാക്കാതെ നീ.
ഒരു വിളിപ്പാടിനപ്പുറം നീയെന്നെ
അവഗണിക്കെ സഹിക്കാന്‍ പഠിച്ചു ഞാന്‍.
ഒരു നഖപ്പാടിനപ്പുറം നീയെന്നെ
അവമതിക്കെ ക്ഷമിച്ചു ശീലിച്ചു ഞാന്‍
കപട സ്നേഹിതാ,കൌരവാലിംഗന
ച്ചതിയില്‍ ഞാന്‍ കാരിരുമ്പിന്‍റെ വിഗ്രഹം.
തുടലിമുള്‍ക്കാടു തിങ്ങിയ ലൌകിക
ക്കൊതികള്‍ വിങ്ങുന്ന വേനല്‍ക്കടല്‍ക്കരെ
തിരകളെണ്ണി,ച്ചുടുന്ന വിശപ്പുമായ്
മണലുതിന്നുന്ന മക്കളെ കണ്ടു ഞാന്‍
ക്ഷുഭിതനായിട്ടു സഞ്ചരിക്കെ സ്നേഹ
മൊഴികളൂതി നിറച്ച ബലൂണുമായ്
മിഴികളില്‍ മൃഗാസക്തിയോടെത്തി നീ
നഗരരാഗങ്ങള്‍ വിസ്തരിച്ചീടവേ
കപട സ്നേഹിതാ,നിന്‍റെ തേന്‍ വാക്കുകള്‍
കുളിരുപെയ്തെന്‍ രഹസ്യരോമങ്ങളില്‍
ഒരു മുഖം മാത്രമുള്ള ഞാനും നൂറു
മുഖപടങ്ങള്‍ തന്‍ ജന്മിയാം നീയുമായ്
അകലമേറെയുണ്ടാവശ്യമില്ലെനിക്ക്
അഴകു തുന്നിയ നിന്‍ പൊള്ളവാക്കുകള്‍
വഴി നമുക്കു രണ്ട്,ഓര്‍ക്കുക, ജീവിത
വ്യഥകള്‍ നീയുമായ് പങ്കു വെയ്ക്കില്ലിനി.
കപട സ്നേഹിതാ,നിന്‍ നാട്യ വൈഭവം
കവിത ചൊല്ലി തിരസ്കരിക്കുന്നു ഞാന്‍
Manglish Transcribe ↓
Kureeppuzha shreekumaar=>khedapoorvvam
kapada snehithaa ninnodu jeevitha
vyathakal cholli paraajayappettu njaan
theruvil vecchu nee kaanumpozhokkeyum
kushalameyyunnu. Munvarippallinaal chiri virikkunnu. Keeshayil kayyittu
kuruthi cheyyuvaanaayudham thedunnu. Pala nirangalil ninre mukhammoodi. Pala nilangalil nin njerinjil krushi
madhuramaakarshakam mandahaasavum
karuna moodiya kankettu vidyayum
sukhadamaathma prakaashanam,naadaka
kkalari tholkkunna bhaashayum bhaavavum. Kapada snehithaa,ninnodu vaasthava
kkavitha chollipparaajayappettu njaan
valare naalaayu kothikkunnu njaan, naattu
puli marangale pookkuka,pookkuka
kodikal kaaykkum kavungukal pookkuka
thodikal choodum kinaakkale pookkuka. Viphalamaakunnu vishvaasadhaarakal
pathiye nilkkunnu praarththanaageethikal
mulakal pookkunna kaalam. Manasilum munakal kondu
pazhukkunna vedana. Nilavilikkunnu njaan,theevra duakhangal
alariyetthikkazhutthil kadikkunnu. Thadavupaalayam janmagruham
mathilppazhuthiloode njaan
rakshappettodunnu. Oru suhrutthinre saanthvanachchhaayayil
murivu neerunnorennekkidatthunnu. Oru vasham maathramikkaazhcha,appozhum
athi rahasyamaayu potticchiricchu nee. Kapada snehithaa,nin vyaajasouhruda
kkathakil muttipparaajayappettu njaan. Marupuratthoraal nilkkumellaayppozhum
hrudayahasthangal neetti rakshikkuvaan
marupuram.... Dhruvadooram,viraltthumpi
nabhayamekuvaanaavaattha kouthukam. Pukamaraykku pinnaampuram ninnu nee
nunayozhicchu kodutthum kudicchum
paka pathappikkayaayirunneppozhum
priya sakhaavaayu manasilaakkaathe nee. Oru vilippaadinappuram neeyenne
avaganikke sahikkaan padticchu njaan. Oru nakhappaadinappuram neeyenne
avamathikke kshamicchu sheelicchu njaan
kapada snehithaa,kouravaalimgana
cchathiyil njaan kaarirumpinre vigraham. Thudalimulkkaadu thingiya loukika
kkothikal vingunna venalkkadalkkare
thirakalenni,cchudunna vishappumaayu
manaluthinnunna makkale kandu njaan
kshubhithanaayittu sancharikke sneha
mozhikaloothi niraccha baloonumaayu
mizhikalil mrugaasakthiyodetthi nee
nagararaagangal visthariccheedave
kapada snehithaa,ninre then vaakkukal
kulirupeythen rahasyaromangalil
oru mukham maathramulla njaanum nooru
mukhapadangal than janmiyaam neeyumaayu
akalamereyundaavashyamillenikku
azhaku thunniya nin pollavaakkukal
vazhi namukku randu,orkkuka, jeevitha
vyathakal neeyumaayu panku veykkillini. Kapada snehithaa,nin naadya vybhavam
kavitha cholli thiraskarikkunnu njaan