ജാതിക്കുമ്മി
കെ.പി.കറുപ്പന്‍=>ജാതിക്കുമ്മി
കെ പി കറുപ്പന്‍
ശ്രീശങ്കരാചാര്യസ്വാമി മുന്നം
കാശിയിൽ വച്ചു കുളി കഴിഞ്ഞു
ഈശനെക്കാണുവാൻ പോയപ്പോളുണ്ടായ
പേശലിതുകേൾക്ക യോഗപ്പെണ്ണെ! അതു
മോശത്തരം തീർക്കും ജ്ഞാനപ്പെണ്ണെ!
തിങ്കൾത്തലയൻ പറയനുമായ്
ശങ്കരിയെന്നപറച്ചിയുമായ്
ശങ്കരാചാര്യർ വരുന്ന വഴിമദ്ധ്യേ
ശങ്കയെന്ന്യേ നിന്നുയോഗപ്പെണ്ണെ! തെല്ലൊ
രങ്കമുണ്ടായപ്പോൾ ജ്ഞാനപ്പെണ്ണെ!
കെട്ടിയപെണ്ണുമായ് മാർഗമദ്ധ്യം
മുട്ടിച്ചിടാതെ വഴിമാറെടാ!
കട്ടിയിലിങ്ങനെയാചാര്യ സ്വാമികൾ
തട്ടിക്കേറിയല്ലോ യോഗപ്പെണ്ണെ! നാടൻ
മട്ടിതല്ലോയിന്നും ജ്ഞാനപ്പെണ്ണെ!
ആട്ടിയ നേരത്തു ചണ്ഡാളൻ
മട്ടൊന്നുമാറി മുഖം കറുത്തു
പെട്ടെന്നു ചൊല്ലി; ഞാൻ കാര്യം ഗ്രഹിയാതെ
വിട്ടൊഴികില്ലെടോ, യോഗപ്പെണ്ണെ! ഇതു
മുട്ടാളത്തമല്ലെ ജ്ഞാനപ്പെണ്ണെ!
ജാതിഹീനൻ നീ പറയനല്ലോ
ജാതിയിൽ മുൻപൻ ഞാൻ ബ്രാഹ്മണനും
ഓതിയാലപ്പോൾ നീ ഓടണ്ടേ, മാറണ്ടെ
നീതി കൈകൂപ്പണ്ടെ? യോഗപ്പെണ്ണെ! നിന്‍റെ
ഖ്യാതിക്കതു കൊള്ളാം ജ്ഞാനപ്പെണ്ണെ!
എല്ലാവരും നമ്മൾ മാനുഷന്മാ
രല്ലാതെ മാടും മരവുമല്ല;
വല്ലായ്മ പോക്കുക, ശാസ്ത്രീയമാംജാതി
ചൊല്ലാം മനുഷ്യത്വം യോഗപ്പെണ്ണെ! ഒരു
നല്ലജാതിയതു ജ്ഞാനപ്പെണ്ണെ!
ഞാൻ മനുജാതനാണെന്നാകിലും
ബ്രാഹ്മണനല്ലയോ ചണ്ഡാള !
നിന്മിതം പോലെ വഴിയെ നടക്കാമോ
കമ്മതി ചൊല്ലാമോ? യോഗപ്പെണ്ണെ! അത
ഹമ്മതിയല്ലയോ ജ്ഞാനപ്പെണ്ണെ!
ബ്രാഹ്മണനിഷ്ഠയെനിക്കുണ്ടെങ്കിൽ
ബ്രാഹ്മണനല്ലേ ഞാൻ ചണ്ഡാളൻ?
തെമ്മാടിയെപോലെ വാടാപോടായെന്നു
ചുമ്മാതുരക്കല്ലേ യോഗപ്പെണ്ണെ! അതും
സമ്മാനമാണെന്നോ? ജ്ഞാനപ്പെണ്ണെ!
ദ്വിജനല്ലെ ഞാനെന്നെയെന്തുകൊണ്ടും
ഭജനം ചെയ്യേണ്ടതു ധർമ്മമല്ലെ
വിജനമാണെന്നോർത്തിട്ടെന്തും പറയാമോ,
സുജനദ്വേഷം നന്നോ? യോഗപ്പെണ്ണെ! നിങ്ങൾ
കുജനങ്ങളാണല്ലോ ജ്ഞാനപ്പെണ്ണെ!
രണ്ടു ജന്മത്താൽ ദ്വിജനങ്ങുന്നു
രണ്ടല്ല ഞാൻ നൂറുകോടി ജനാം
ഇണ്ടലല്ലേ ജനി? സാവിത്രി പെറ്റോർക്കു
തീണ്ടലില്ലാ പിന്നെ യോഗപ്പെണ്ണെ! നമ്മൾ
രണ്ടുപേരും ദ്വിജർ ജ്ഞാനപ്പെണ്ണെ!
നല്ല പറയൻ നീ ജ്ഞാനിയല്ലോ
ഇല്ലെനിക്കൊട്ടുമസൂയ നിന്നിൽ,
വല്ലമഹീസുരജാതികളും കേട്ടാൽ
തല്ലുമല്ലോ നിന്നെ യോഗപ്പെണ്ണെ! പക്ഷേ
കൊല്ലുകയും ചെയ്യും ജ്ഞാനപ്പെണ്ണെ!
തമ്പുരാനജ്ഞാനരൂപങ്ങളാം
കൊമ്പുകളില്ലെങ്കിലിപ്പറയൻ
എമ്പരമാർത്ഥമഖിലമോതാ, മനു
കമ്പയാ കേൾക്കുക യോഗപ്പെണ്ണെ! നാട്ടിൻ
കമ്പങ്ങൾ തീർക്കുക ജ്ഞാനപ്പെണ്ണെ!
ഇക്കാണും ലോകങ്ങളീശ്വരന്‍റെ
മക്കളാണെല്ലാമൊരു ജാതി,
നീക്കി നിർത്താമോ സമസൃഷ്ടിയെ? ദൈവം
നോക്കിയിരിപ്പില്ലേ? യോഗപ്പെണ്ണെ! തീണ്ടൽ
ധിക്കാരമല്ലയോ ജ്ഞാനപ്പെണ്ണെ!
ഗാത്രത്തിനോ തീണ്ടലാത്മാവിന്നോ
ഇത്രനിഷ്കാരുണ്യമൊന്നു നോക്കാം:
ഗാത്രം ഗാത്രത്തിനെത്തീണ്ടുമെന്നോതുന്ന
തെത്രയുമജ്ഞാനം യോഗപ്പെണ്ണെ! ബഹു
ചിത്രം ! ചിത്രം ! ചിത്രം! ജ്ഞാനപ്പെണ്ണെ!
അന്നമയത്തിങ്കൽ നിന്നിട്ടില്ലേ
അന്നമയമൊക്കെയുണ്ടായത്,
പിന്നെയവതമ്മിലെന്താണു വ്യത്യാസം?
നന്നുനന്നജ്ഞാനം യോഗപ്പെണ്ണെ! ശുദ്ധ
മന്നത്തമല്ലയോ? ജ്ഞാനപ്പെണ്ണെ!
മലമൂത്രമുള്ളതുകൊണ്ടു ദൂരേ
വിലക്കി നിർത്താം ചില ജനത്തെ;
മലമൂത്രമില്ലാത്ത ഗാത്രങ്ങളിബ്‌ഭൂമീ
വലയത്തിലില്ലല്ലോ യോഗപ്പെണ്ണെ! പിന്നെ
ഫലമുണ്ടോ തീണ്ടലാൽ ജ്ഞാനപ്പെണ്ണെ!
തെളിയാത്ത വസ്ത്രമുടുത്തു ഗാത്രേ
ചളിയുള്ളവരെയകറ്റും പോലെ
കുളിയും കുറിയുമെഴുന്ന ജനത്തെയും
വിളി കാണിച്ചീടല്ലേ യോഗപ്പെണ്ണെ! എത്ര
പൊളിയാണീയജ്ഞാനം ജ്ഞാനപ്പെണ്ണെ!
ഭൂതതൻ മാത്രകൾ കൊണ്ടു തന്നെ
ജാതങ്ങളാകും ശരീരങ്ങളിൽ
ഏതിനെയാട്ടണം ഏതാട്ടു കൊള്ളണം
ചേതസ്സിലോർക്കുക യോഗപ്പെണ്ണെ! എന്നാൽ
വാതുകളില്ലല്ലോ ജ്ഞാനപ്പെണ്ണെ!
സ്വർണ്ണത്തകിടൊന്നുലയിലൂതി
ഖണ്ഡിച്ചു ഖണ്ഡ ശതങ്ങളാക്കി
വർണ്ണങ്ങൾ ചോദിക്കും പോലെ; മനുജാത
വർണ്ണങ്ങളൊക്കെയും യോഗപ്പെണ്ണ! ഭേദം
വർണ്ണിക്കുമജ്ഞന്മാർ ജ്ഞാനപ്പെണ്ണെ!
ജ്ഞാനം കൊണ്ടല്ലാതെ ബ്രാഹ്മണത്വം
മാനവന്മാർക്കു ലഭിക്കയില്ല,
ജ്ഞാനിക്കു ജാതിയും തീണ്ടലുമില്ലല്ലോ
ആനന്ദമേയുള്ളൂ യോഗപ്പെണ്ണെ! ബ്രഹ്മ
ദ്ധ്യാനം തന്നേയുള്ളൂ ജ്ഞാനപ്പെണ്ണെ!
ബ്രാഹ്മണൻ ദേഹമാണെന്നാകുമ്പോൾ
അമ്മാനവനെ സംസ്കരിച്ചാൽ
ബ്രഹ്മഹത്യാപാപം ചേരേണമെന്നിപ്പോൾ
സമ്മതിച്ചീടെടോ യോഗപ്പെണ്ണെ! ഇതു
വന്മായമല്ലയോ ജ്ഞാനപ്പെണ്ണെ!
ഉടലാണു ബ്രാഹ്മണനെന്നു വന്നാൽ
ചുടലയിൽ വയ്ക്കുമ്പോൾ പാപികളാം;
ഉടലല്ലാ ബ്രാഹ്മണനാത്മാവാണെങ്കിലോ
എടയില്ലാ തീണ്ടുവാൻ യോഗപ്പെണ്ണെ! ശുദ്ധ
മടയത്തം ചൊല്ലാതെ ജ്ഞാനപ്പെണ്ണെ!
ചൈതന്യത്തിങ്കൽ നിന്നുണ്ടാകും
ചൈതന്യങ്ങൾക്കുണ്ടോ തീണ്ടലുള്ളൂ?
നൈതൽ സത്യം തീണ്ടലാകുന്നോരജ്ഞാനം
പെയ്തല്ലോ നാടൊക്കെ യോഗപ്പെണ്ണെ എന്തു
കൈതവമാണിതു ജ്ഞാനപ്പെണ്ണെ!
സുജനമായുള്ള നിഷാദൻ പോലും
യജമാനനാണവൻ ബ്രാഹ്മണന്നും
യതിയാം പറയനെ യാഗം കഴിപ്പിപ്പാൻ
ശ്രുതിയിൽ പറയുന്നു യോഗപ്പെണ്ണെ! സ്വന്തം
കൃതിയല്ലിച്ചൊൽവതു ജ്ഞാനപ്പെണ്ണെ!
ആക്ഷേപിച്ചാട്ടല്ലേ മറ്റൊരാളെ
സാക്ഷിയല്ലോ ദൈവം സർവത്തിന്നും
സൂക്ഷിച്ചു ശക്തിയാണെല്ലാറ്റിലുമെന്ന
ലക്ഷ്യത്തെപ്പാരടി യോഗപ്പെണ്ണെ! തവ
മോക്ഷവും സിദ്ധിക്കും ജ്ഞാനപ്പെണ്ണെ!
അന്നമയത്തിൽ നിന്നന്നമയം
വന്നിതു, ചൈതന്യാൽ ചൈതന്യം
എന്നകതാരിലുറച്ചു നീയജ്ഞാന
ക്കന്നിനെയോടിക്ക യോഗപ്പെണ്ണെ! അപ്പോൾ
വന്നുകൂടും ഗുണം ജ്ഞാനപ്പെണ്ണെ!
ആകാശവാടാവിളക്കു സൂര്യൻ
പാകാരി ലോകനദീജലത്തിൽ,
ഹാ! കാശിഗംഗയിൽ, അല്പസരസ്സിലും
സ്വാകാരം കാട്ടുന്ന യോഗപ്പെണ്ണെ! ഭേദ
മേകാതിരിക്കുന്നു ജ്ഞാനപ്പെണ്ണെ!
ഭൂസുരപ്പൊയ്കയിൽ ചണ്ഡാളന്‍റെ
കാസാരത്തിങ്കലുമൊന്നുപോലെ
വാസരനായകബിംബമനുവേലം
ഭാസുരമാകുന്നു യോഗപ്പെണ്ണെ! ഭേദ
വാസനയില്ലതിൽ ജ്ഞാനപ്പെണ്ണെ!
പൊൻകുടത്തണ്ണിയിലപ്രകാരം
മൺകുടവാരിയുദരത്തിലും
പങ്കജബാന്ധവ ബിംബമുദിക്കുന്നു
തിങ്കളും കാണുന്നു യോഗപ്പെണ്ണെ! ഭേദ
മങ്കുരിക്കുന്നില്ല ജ്ഞാനപ്പെണ്ണെ!
ആവിധമല്ലോ പരമാത്മാ
ആവിർഭവിക്കുന്നു ദേഹങ്ങളിൽ,
ആ വിലാസങ്ങൾക്കു തീണ്ടിക്കുളിയില്ല
ആവിലമില്ലല്ലോ യോഗപ്പെണ്ണെ! ഭേദ
ഭാവനതള്ളെടീ ജ്ഞാനപ്പെണ്ണെ!
ചഞ്ചലിക്കാഞ്ഞാൽ പറക്കുളത്തിൽ
തഞ്ചി ഫലിക്കും തരണി ബിംബം
കാഞ്ചന വാപിയിലോളമിളകിയാൽ
കിഞ്ചന കാണുമോ യോഗപ്പെണ്ണെ! ശ്രുണു
വഞ്ചനയല്ലലോ ജ്ഞാനപ്പെണ്ണെ!
മദമില്ലാപ്പറയന്‍റെ മാനസത്തെ
സദനമാക്കീടുന്നുസച്ചിന്മയൻ
മദമുള്ള വിപ്രന്‍റെ ഹൃദയത്തിലീശ്വരൻ
വദനം കാണിക്കുമോ യോഗപ്പെണ്ണെ! എത്ര
കദനമാണജ്ഞാനം ജ്ഞാനപ്പെണ്ണെ!
പരമാർത്ഥമുള്ളിലറിഞ്ഞീടുമ്പോൾ
ഒരുവനെയാട്ടിയകറ്റേണമോ?
പരമാത്മശാഖകൾ വിപ്രാദികളാകും
നരജാലമൊരുജാതി യോഗപ്പെണ്ണെ! അപ്പോൾ
നിരയങ്ങൾ നിലനിന്നു ജ്ഞാനപ്പെണ്ണെ!
പരമേഷ്ടി തൊട്ടു പിപീലികാന്തം
പരബുദ്ധിയെന്യേ കരുതുന്നവൻ
ഒരു വിപ്രനായാലും ചണ്ഡാളനായാലും
ഗുരുവാണെനിക്കവൻ യോഗപ്പെണ്ണെ! ലോക
ഗുരുവായതുമവൻ ജ്ഞാനപ്പെണ്ണെ!
ദേഹാദിവസ്തുക്കൾ ഞാനല്ല
ഹാഹാ! ഞാനാത്മാവാണെന്നോർപ്പവൻ
ഒരു വിപ്രനായാലും ചണ്ഡാളനായാലും
ഗുരുവാണെനിക്കവൻ യോഗപ്പെണ്ണെ! ലോക
ഗുരുവായതുമവൻ ജ്ഞാനപ്പെണ്ണെ!
പാർത്തലമൊക്കെ ത്രിഗുണമയം
പാർത്തുചരിക്കുന്ന ധീരധീരൻ
ഉത്തമൻ, ബ്രഹ്മ ഹത്താരാകിലുമെന്‍റെ
തീർത്ഥനാണദ്ദേഹം യോഗപ്പെണ്ണെ! ലോക
മിത്രാവുമദ്ദേഹം ജ്ഞാനപ്പെണ്ണെ!
ആശകളൊക്കെ നശിക്കുമെന്നും
ആശ്ശക്തിമാത്രം നശിക്കില്ലെന്നും
ആശയത്തിൽ കണ്ട സത്തമനെന്നുടെ
ആശാനറികനീ യോഗപ്പെണ്ണെ! ലോക
ദേശികനുമവൻ ജ്ഞാനപ്പെണ്ണെ!
ധ്യാനമാമൂഞ്ഞാൽപ്പടി നടുവിൽ
മാനസത്തത്തയേ വച്ചുകൊണ്ടു
ആനന്ദക്കാറ്റിലണഞ്ഞു സുഖിക്കുന്ന
മാനവനെൻ ഗുരു യോഗപ്പെണ്ണെ! ബഹു
മാനനീയനവൻ ജ്ഞാനപ്പെണ്ണെ!
കായമാം കപ്പൽ സമാധിയാകും
പായകുളത്തിബ്‌ഭയപ്പെടാതെ
ജ്ഞേയക്കരയ്ക്കു വിടുന്നവൻ മൽഗുരു
വായ സദാനന്ദൻ യോഗപ്പെണ്ണെ! തെല്ലും
മായമില്ലാഅതിൽ ജ്ഞാനപ്പെണ്ണെ!
ആർത്തിക്കാറ്റൂതിബ്‌ഭവക്കടലിൽ
മൂർത്തിയാം കപ്പൽ മറിയും മുമ്പേ
പാർത്തിടാതാനന്ദദീപമാടം കണ്ട
കീർത്തിമാനെൻ ഗുരു യോഗപ്പെണ്ണെ! ഇഷ്ട
പൂർത്തിയേകുമവൻ ജ്ഞാനപ്പെണ്ണെ!
ഭോഗക്കടലും കടന്നു ചെന്നു
രാഗാദി രാക്ഷസന്മാരെക്കൊന്നു
യോഗമണിയറ തന്നിലെഴും മഹാ
ഭാഗനെൻ ദേശികൻ യോഗപ്പെണ്ണെ! ഏതു
ഭാഗത്തിലായ്ക്കോട്ടെ ജ്ഞാനപ്പെണ്ണെ!
ചണ്ഡപ്രപഞ്ചക്കുഴിയിൽ നിന്നു
കുണ്ഡുലിയെന്ന കയറിൽ കൂടി
എണ്ണം പറഞ്ഞുള്ള യോഗവീടെത്തുന്ന
പുണ്യവാനെൻ ഗുരു യോഗപ്പെണ്ണെ! ഏതു
വർണ്ണമായാലെന്തു? ജ്ഞാനപ്പെണ്ണെ!
വെള്ളവിചാരപ്പടങ്ങളിട്ടു
ഉള്ളകമൊക്കെ വിതാനിച്ചെങ്കിൽ
വള്ളുവനായാലും വെള്ളാളനായാലും
കൊള്ളാമെനിക്കവൻ യോഗപ്പെണ്ണെ! ശുദ്ധ
മുള്ളാടനാകട്ടെ ജ്ഞാനപ്പെണ്ണേ!
സാവധാനം യോഗക്കട്ടിലിന്മേൽ
വാവവയ്പ്പിച്ചു മനക്കുട്ടിയെ
പാവയെപ്പോലെ പരുങ്ങാതിരിക്കുന്ന
പാവനനെൻ ഗുരു യോഗപ്പെണ്ണെ! ജാതി
ചോവനായാലെന്തു ജ്ഞാനപ്പെണ്ണെ!
ആലോലത്തു നിലാവമ്പിളിയും
കോലാഹലങ്ങളും കണ്ടും കേട്ടും
മേലാക്കം നോക്കി മനം ലയിപ്പിക്കുന്ന
വാലനുമെൻ ഗുരു യോഗപ്പെണ്ണെ! പക്ഷെ
വേലനായാലെന്തു; ജ്ഞാനപ്പെണ്ണെ!
ചാടിച്ചരിക്കും മനക്കുഞ്ഞിനെ
കൂടിച്ചു യോഗ മണിമെത്തമേൽ
പാടിയുറക്കുന്ന പണ്ഡിതനെൻ ഗുരു
ആടലകന്നവൻ യോഗപ്പെണ്ണെ! മല
വേടനായാലെന്തു ജ്ഞാനപ്പെണ്ണെ!
സത്യമെന്നുള്ള ലിപിദ്വയത്തെ
കൃത്യമായിട്ടോർത്തു പോരുന്നവൻ
ഉത്തമനാണു, മമ ഗുരുനാഥനാം
സത്തമനുമവൻ യോഗപ്പെണ്ണെ! ഒരു
മേത്തനായാലെന്തു ജ്ഞാനപ്പെണ്ണെ!
പ്രാണങ്ങൾ നിന്നു മനം ലയിച്ചു
കാണുവാനുള്ള കഥകൾ കണ്ടു
തൂണുപോലല്പം ചരിക്കാതിരിക്കുന്നോ
നാണുമമ ഗുരു യോഗപ്പെണ്ണെ! അവൻ
പാണനായാലെന്തു ജ്ഞാനപ്പെണ്ണെ!
കായത്തിലുള്ള പരാശക്തിയെ
കാലാത്തെ കണ്ടു കണ്ടാനന്ദിപ്പോൻ
നായരായാലെന്തു, തീയ്യനായാലെന്തു,
മായമല്ലെൻ ഗുരു യോഗപ്പെണ്ണെ! ഒര
മേയനാണദ്ദേഹം ജ്ഞാനപ്പെണ്ണെ!
ആട്ടാതെ ലോകത്തെയന്തികത്തിൽ
കൂട്ടിയണച്ചുപദേശിക്കുന്നോൻ
ഒരു വിപ്രനായാലും ചണ്ഡാളനായാലും
ഗുരുവാണെനിക്കവൻ യോഗപ്പെണ്ണെ! ലോക
ഗുരുവായതുമവൻ ജ്ഞാനപ്പെണ്ണെ!
ഹീനരെന്നോതി സമസൃഷ്ടിയിൽ
മാനസഖേദമുളവാക്കാത്തോൻ
ഒരു വിപ്രനായാലും ചണ്ഡാളനായാലും
ഗുരുവാണെനിക്കവൻ യോഗപ്പെണ്ണെ! ലോക
ഗുരുവായതുമവൻ ജ്ഞാനപ്പെണ്ണെ!
ഇപ്പറഞ്ഞുള്ള പെരുമ്പറയൻ
മുപ്പുരവൈരിയാണെന്നറിഞ്ഞു
തല്പദം വന്ദിച്ചു ശങ്കരാചാര്യരും
മാപ്പപേക്ഷിച്ചല്ലൊ യോഗപ്പെണ്ണെ! ലോക
മൂപ്പരോടന്നേരം ജ്ഞാനപ്പെണ്ണെ!
തണ്ടലർസായകവൈരിയുമായ്
കണ്ടതുനാൾമുതൽസ്വാമിപാദം
തീണ്ടലജ്ഞാനമെന്നോതീട്ടുമാളുകൾ
ഉണ്ടൊനിറുത്തുന്നു യോഗപ്പെണ്ണെ! എന്തു
കുണ്ടാമണ്ടിയിതു ജ്ഞാനപ്പെണ്ണെ!
മല്ലായുധാരിക്കുമാചാര്യർക്കും
സല്ലാപമുണ്ടായ വാസ്തവത്തെ
എല്ലരും കാണുവാനാചാര്യ സ്വാമികൾ
ചൊല്ലിയതാണിതു യോഗപ്പെണ്ണെ! എന്‍റെ
ചൊല്ലാണെന്നോർക്കല്ലെ ജ്ഞാനപ്പെണ്ണെ!
മാന്യന്മാരായ മഹാത്മാക്കളെ !
ഉന്നതസ്ഥാനത്തിരിക്കുന്നോരെ !
എന്നുടെ താഴ്മയായുള്ളൊരപേക്ഷയും
മൊന്നു കേട്ടീടണം യോഗപ്പെണ്ണെ! എന്നിൽ
നന്ദി കാട്ടീടണം ജ്ഞാനപ്പെണ്ണെ!
സ്മൃത്യാദികളിലും തീണ്ടിച്ചട്ടം
മത്യാപിമാമുനിമാരോർത്തില്ല
അത്യാപത്തിന്നിതു മലയാളരാജ്യത്തിൽ
എത്തിയല്ലോ കഷ്ടം ! യോഗപ്പെണ്ണേ! തമ്മിൽ
കൂത്തു പിടിപ്പിക്കാൻ ജ്ഞാനപ്പെണ്ണെ!
മലയാളരാജ്യത്തെ ഹിന്തുക്കളിൽ
പലയാളുകളുമുണ്ടിസ്സാധുകളെ
വിലയാളുകളാക്കി വഴിയിൽ നടക്കുമ്പോൾ
വിലക്കിയകറ്റുന്നു യോഗപ്പെണ്ണേ! എന്തു
കൊലക്കുടുക്കാണിതു ജ്ഞാനപ്പെണ്ണെ!
പാണ്ടിരാജ്യത്തിലൊരു ദിക്കിലും
തീണ്ടിക്കുളിയെന്ന ചട്ടമില്ല
രണ്ടുമാസം ഞാൻ നടന്നാരുമെന്നോടു
ശണ്ഠക്കുവന്നില്ല യോഗപ്പെണ്ണെ! സുഖ
മുണ്ടെനിക്കാനാട്ടിൽ ജ്ഞാനപ്പെണ്ണെ!
കർണ്ണാടകത്തിലും തീണ്ടാട്ടലാം
കർണ്ണകഠോരനിനാദമില്ല
വർണ്ണങ്ങൾ നാലുണ്ടുവെങ്കിലു മജ്ഞാനം
നിർണ്ണയിച്ചില്ലല്ലോ യോഗപ്പെണ്ണെ! എത്ര
സ്വർണ്ണരാജ്യമതു ജ്ഞാനപ്പെണ്ണേ!
ഹിന്തുസ്ഥാനത്തെയധിവസിക്കും
ഹിന്തുക്കളൊക്കെയൊരുപോലെ
എന്തൊരു കഷ്ടം മലയാളത്തിൽ മാത്രം
ഏന്തിയല്ലൊയിതു യോഗപ്പെണ്ണേ! ബഹു
കുന്തമല്ലേയിതു ജ്ഞാനപ്പെണ്ണെ!
തിട്ടം മറാട്ടയിൽ ചെന്നാലും
ആട്ടു കൊള്ളേണ്ട നാമോടേണ്ട
പൊട്ടും പുടവയും ചാർത്തി നടന്നിടാം
നാട്ടാർ പിണങ്ങില്ല യോഗപ്പെണ്ണെ! നല്ല
കൂട്ടുകെട്ടും കിട്ടും ജ്ഞാനപ്പെണ്ണെ!
തുളുനാട്ടാരെമ്പ്രാന്മാരിവിടെ വന്നാൽ
വിളികാട്ടി നടക്കുന്നു വഴിമാറ്റുന്നു
തുളുനാട്ടിലുണ്ടൊയീത്തീണ്ടലെന്തിന്നിവർ
വെളിപാടുണ്ടാകുന്നു യോഗപ്പെണ്ണെ! എന്തു
പൊളിയാണിപ്പറയുന്നു ജ്ഞാനപ്പെണ്ണെ!
ജാപ്പാനിലെങ്ങാനും തീണ്ടലുണ്ടൊ
യാപ്പാണത്തുണ്ടൊ സിലോണിലുണ്ടോ
ഇപ്പാരിലെങ്ങുമിതുപോലെ യജ്ഞാനം
കേൾപ്പാനേയില്ലല്ലോ യോഗപ്പെണ്ണെ! എന്തു
കോപ്രായമാണിതു ജ്ഞാനപ്പെണ്ണെ!
ഇറ്റിറ്റുവീഴുന്ന കണ്ണുനീരോ
ടിറ്റലിരാജ്യത്തുമോടേണ്ട,
കുറ്റങ്ങൾ കേൾക്കേണ്ട കുറിമുടുക്കേണ്ട
ചിറ്റക്കാരാണൊക്കെ യോഗപ്പെണ്ണെ! ജാതി
മാറ്റങ്ങളേയില്ല ജ്ഞാനപ്പെണ്ണെ!
ലണ്ടൻ പരിഷ്കൃത രാജ്യമല്ലേ?
ഉണ്ടോയവിടെയീത്തീണ്ടാട്ടം?
കണ്ടവർ ഹിന്തുവകുപ്പിലനേകം പേ
രുണ്ടല്ലോ സാക്ഷിക്കു യോഗപ്പെണ്ണെ! തീണ്ടൽ
കണ്ടകമാണല്ലൊ ജ്ഞാനപ്പെണ്ണെ!
മലയാള രാജ്യത്തിലല്ലാതെ
ഉലകിങ്കലെങ്ങുമീത്തീണ്ടലില്ല
തലയാളികളായ ഹിന്തുമഹാജനം
നിലപ്പിക്കണമിതു യോഗപ്പെണ്ണെ! ധർമ്മം
തലപൊക്കട്ടെ വേഗം ജ്ഞാനപ്പെണ്ണെ!
ഈറനുടുത്ത തണുപ്പുമൂലം
ഈറ പിടിച്ചു നിലം തൊടാതെ
മാറടാ പോടാ എന്നോതി മഹാജനം
ചീറുന്നു നിത്യവും യോഗപ്പെണ്ണേ! ബോധം
മാറുന്നു ചിത്തത്തിൽ ജ്ഞാനപ്പെണ്ണെ!
വഴിക്കുളം തീണ്ടിയെന്നോതി മന്ദം
വഴക്കടിക്കുന്നു ചില ജനങ്ങൾ
കിഴിപ്പണം വാങ്ങിച്ചു പുണ്യാഹം ചെയ്യിച്ചു
കിഴിക്കുന്നുസാധുവെ യോഗപ്പെണ്ണെ! ഏറ്റം
പഴിക്കുന്നഹോ കഷ്ടം ജ്ഞാനപ്പെണ്ണെ!
ചണ്ഡാളന്മാരെപ്പുലയരെയും
കണ്ണാലെ കണ്ടാൽകുളി കഴിയും
ഉണ്ണാനുറക്കമില്ല, തരമുണ്ടെങ്കിലൊന്നു
പുണ്യാഹവും ചെയ്യും യോഗപ്പെണ്ണെ! എന്തു
പുണ്യമതുകൊണ്ടു ജ്ഞാനപ്പെണ്ണെ!
ശങ്കരക്ഷേത്രേ ഗമിക്കുംനേരം
സങ്കരജാതിയെ ക്കണ്ണിൽ കണ്ടാൽ
കിങ്കരന്മാരെക്കൊണ്ടാട്ടിയോടിക്കുന്നു
സങ്കടം ചേർക്കുന്നു യോഗപ്പെണ്ണെ! എന്തു
പങ്കപ്പാടാണിത് ജ്ഞാനപ്പെണ്ണെ!
പട്ടണത്തിങ്കൽ വളരെഭേദം
നാട്ടുമ്പുറത്തിൽ നടക്കാൻ മേലാ
ആട്ടുന്നു, തല്ലുന്നു, പുത്തൻ വാങ്ങിക്കുന്നു
നട്ടം തിരിക്കുന്നു, യോഗപ്പെണ്ണെ! അതു
കേട്ടാൽ കരഞ്ഞു പോം ജ്ഞാനപ്പെണ്ണേ!
കടക്കാൻ വിരോധിച്ച വഴിയെന്നുള്ളിൽ
കടക്കാതെ സാധുക്കളകപ്പെടുമ്പോൾ
ഇടിത്തീ വരുമ്പോലെ ചിലകൂട്ടരോടി വ
ന്നിടിക്കുന്നു, പിടിക്കുന്നു യോഗപ്പെണ്ണെ!
കൊടുക്കുന്നു, നടക്കുന്നു ജ്ഞാനപ്പെണ്ണെ!
പൊമ്പണം കയ്യിരിക്കുന്നതും
ചെമ്പുകാശെന്നു പറഞ്ഞില്ലെങ്കിൽ
വമ്പേറിറ്റും ചില നായന്മാരെക്കൂടി
യമ്പോ! വിറപ്പിക്കും യോഗപ്പെണ്ണേ! നമ്മെ
പ്പമ്പരം പാടിക്കും ജ്ഞാനപ്പെണ്ണേ!
നല്ലരിവച്ചുനാമുണ്ടെന്നാലും
ചൊല്ലരുതായതൊരുത്തരോടും
കല്ലരിയെന്നു പറഞ്ഞാൽ വഴക്കില്ല
നല്ലരീതിയിതു! യോഗപ്പെണ്ണേ! മേലിൽ
ചൊല്ലരുതീവിധം ജ്ഞാനപ്പെണ്ണേ!
കാഷ്ഠം ഭുജിച്ചു നടന്നിരുന്ന
പട്ടിക്കു ചാരേ നടന്നുകൊള്ളാം
കഷ്ടം! മനുഷ്യർക്കു പാടില്ല എന്നുള്ള
ചട്ടം നിറുത്തണ്ടൊ, യോഗപ്പെണ്ണേ! നിങ്ങൾ
ശിഷ്ടന്മാരല്ലയോ ജ്ഞാനപ്പെണ്ണേ!
മാടിനെക്കണ്ടാ ലരികിലേയ്ക്ക്
മാടിവിളിച്ചു നമസ്കരിക്കും
ഓടിക്കും മനുജാതിനികരത്തെ പാർശ്വത്തിൽ
കൂടിപ്പോയാലപ്പോൾ യോഗപ്പെണ്ണേ! ഏതോ
രേടിൽക്കണ്ടീച്ചട്ടം? ജ്ഞാനപ്പെണ്ണേ!
നാൽക്കാലികളിലും താഴെയെന്നോ
ഇക്കാണും മാനുഷസോദരന്മാർ!
ഇക്കാലത്തിരുപതാം നൂറ്റാണ്ടിലുമിതു
നീക്കാറായില്ലല്ലോ യോഗപ്പെണ്ണേ! എന്തോ
രാൾക്കാരാണു നിങ്ങൾ ജ്ഞാനപ്പെണ്ണേ!
തീണ്ടലായിടുന്നോരജ്ഞാനം
കൊണ്ടുഭവിച്ചിടുമാപത്തുകൾ
ഉണ്ടോ പറഞ്ഞാലൊടുങ്ങുന്നു? മൂന്നുനാ
ലുണ്ടു ദൃഷ്ടാന്തങ്ങൾ യോഗപ്പെണ്ണേ! അതു
കണ്ടവരുണ്ടു പോൽ ജ്ഞാനപ്പെണ്ണേ!
പണ്ടൊരു ചേകവർ പാതിരാവിൽ
കുണ്ടു വഴിയേ നടന്നീടുമ്പോൾ
പണ്ടാരപ്രേതത്തെ താങ്ങി നാലഞ്ചുപേർ
മണ്ടി വരുന്നല്ലോ യോഗപ്പെണ്ണെ! അതു
കണ്ടാൽ കഥ തീരും ജ്ഞാനപ്പെണ്ണെ!
സാഹസം ചൊല്ലി മൃതശരീര
വാഹക ലോകമണഞ്ഞിടുമ്പോൾ
മോഹാന്ധനായ്തീയ്യൻ മുന്നോട്ടു പാഞ്ഞപ്പോൾ
ഹാഹാരവും കേട്ടു യോഗപ്പെണ്ണെ! കേട്ടാൽ
മോഹാലസ്യപ്പെടും ജ്ഞാനപ്പെണ്ണെ!
കാര്യക്കാരാണെന്നറിഞ്ഞു തീയ്യൻ
കാര്യങ്ങളൊക്കെയും ബോധിപ്പിച്ചു
ധൈര്യം നടിക്കാതെ മാറിപ്പോടായെന്നു
കാര്യക്കാരും ചൊല്ലി യോഗപ്പെണ്ണെ! ശേഷം
കാര്യം കഥിക്കേണൊ ജ്ഞാനപ്പെണ്ണെ!
കൂരിരുട്ടും കണ്ടെടവഴിയും
കാരിയക്കാരരും പണ്ടാരവും
പാരമടുത്തപ്പോൾ മദ്ധ്യസ്ഥതൻ തീയ്യൻ
പാരതിൽ മോഹിച്ചു യോഗപ്പെണ്ണെ! ചത്തു
നേരം വെളുത്തപ്പോൾ; ജ്ഞാനപ്പെണ്ണെ!
കൊമ്പൻമദിക്കുന്നൊരു തലയ്ക്കൽ
നമ്പൂരിയുണ്ടു മറുതലയ്ക്കൽ
അമ്പോടതുനേരം മദ്ധ്യസ്ഥിതൻ തീയ്യൻ
കൊമ്പനെക്കൂപ്പുന്നു യോഗപ്പെണ്ണെ! എന്തു
കമ്പമാണജ്ഞാനം ജ്ഞാനപ്പെണ്ണെ!
ക്ഷോണീസുരനു മൊരു നായരും
തോണിയിലേറി ത്തുഴയുന്നേരം
വീണൊരുകാറ്റും മഴയുമുടൻ വള്ളം
താണു സലിലത്തിൽ യോഗപ്പെണ്ണെ! രണ്ടും
കേണു തുടങ്ങിനാർ ജ്ഞാനപ്പെണ്ണെ!
വെള്ളമണലിൽ പതിഞ്ഞിരുന്നു
വെള്ളം കുടിയായ് രണ്ടുപേരും
പള്ള നിറഞ്ഞപ്പോൾ നമ്പൂരി കൈക്കൊണ്ടു
വെള്ളത്തിൽ ചുറ്റിച്ചു യോഗപ്പെണ്ണേ! അതി
നുള്ളർത്ഥം കേൾക്കണ്ടെ ജ്ഞാനപ്പെണ്ണേ!
വിലക്കിക്കൈ ചുറ്റിച്ചതിന്‍റെയർത്ഥം
കലക്കിക്കുടിക്കുവാനാണുപോലും
നിലയില്ലാത്തപ്പോളും ജാതിഭേദം ചൊല്ലി
കലഹിച്ചുപോയല്ലോ യോഗപ്പെണ്ണേ! എന്തു
വിലയില്ലാത്താചാരം ജ്ഞാനപ്പെണ്ണേ!
മന്നവന്മാർ ധരാദേവന്മാർക്കും
പിന്നെ ശൂദ്രാദി ചരണജർക്കും
തന്നെയല്ലിക്കുറ്റം സങ്കരജാതിക്കു
മെന്നോടൊടൊന്നുണ്ടല്ലോ യോഗപ്പെണ്ണേ! അതും
നിന്നു കേട്ടീടുക ജ്ഞാനപ്പെണ്ണേ!
തീയ്യൻ കണക്കനെ കണ്ടെന്നാൽ
കയ്യോടെ ആട്ടിയകറ്റുന്നു,
അയ്യോ തടുക്കുവാൻ നായരില്ല, തന്‍റെ
കയ്യിലുമുണ്ടിതു യോഗപ്പെണ്ണേ! അപ്പോൾ
വയ്യാതടുക്കുവാൻ ജ്ഞാനപ്പെണ്ണേ!
കണക്കൻ പുലയനെ കണ്ടെന്നാൽ
കണക്കിൽ പുലമ്പിയകറ്റുന്നു
പിണക്കം വേണ്ടെന്നൊരു തിയ്യന്നുരക്കാമൊ?
വണങ്ങണ്ടെ കണക്കന്മാർ യോഗപ്പെണ്ണേ! എന്തു
ഗുണം കെട്ടനാചാരം ജ്ഞാനപ്പെണ്ണേ!
പുലയൻ പറയനുമുള്ളാടനും
തലതല്ലിമരിക്കുന്നു തീണ്ടൽമൂലം,
ഫലമെന്താണിതുകൊണ്ടു ഹിന്തുവംശംകെട്ടു
ബലമില്ലാതാകുന്നു യോഗപ്പെണ്ണേ! തീണ്ടൽ
നിലച്ചാലേ ഗുണമുള്ളൂ ജ്ഞാനപ്പെണ്ണേ!
നാട്ടിൻ ഗുണത്തിന്നു നമ്പൂരിമാർ
വിട്ടുകളയണം തീണ്ടിച്ചട്ടം
കേട്ടവർകേട്ടവർ പിന്നെയീയാചാരം
തോട്ടിലെറിഞ്ഞീടും യോഗപ്പെണ്ണേ! ഗുണം
കിട്ടുമെന്നാലുടൻ ജ്ഞാനപ്പെണ്ണേ!
മലയാളരാജ്യത്തു നമ്പൂരിമാർ
തലയാളികളല്ലെ, ക്ഷത്രിയരും
സ്ഥലകാലം നോക്കീട്ടീത്തീണ്ടൽ കുറക്കാഞ്ഞാൽ
നില തെറ്റാതിരിക്കുമോ യോഗപ്പെണ്ണേ! ഹിന്തു
കുലമൊക്കെ മുടിഞ്ഞിടും ജ്ഞാനപ്പെണ്ണേ!
അന്ത്യജനായ പറയൻ പോലും
"വെന്തീഞ്ഞ"യിട്ടു വരുന്നനേരം
എന്തേ വിലക്കാത്തു വെന്തീഞ്ഞ മാഹാത്മ്യം
ചിന്തിച്ചിട്ടാകയൊ യോഗപ്പെണ്ണേ! എന്തൊ
എന്തോരന്ധ വിശ്വാസങ്ങൾ ജ്ഞാനപ്പെണ്ണേ!
വാരാണസി കണ്ട വാലനേയും
ചാരേ നടന്നാലടിച്ചോടിക്കും
നേരേ വാരാപ്പുഴപള്ളിയിൽ പോയോനെ
യാരും തടുക്കില്ല യോഗപ്പെണ്ണേ! ഏതിൽ
ചേരുമീ ന്യായങ്ങൾ ജ്ഞാനപ്പെണ്ണേ!
രാമായണങ്ങൾ പഠിച്ച തീയ്യൻ
രാമ നാർക്കും വഴിമാറിടേണം
തോമനായാലവൻ വഴിമാറിച്ചാകേണ്ട
കേമനായിപ്പോയി യോഗപ്പെണ്ണേ! നോക്ക
റോമാ മാഹാത്മ്യങ്ങൾ ജ്ഞാനപ്പെണ്ണേ!
അയ്യരെന്നുള്ള പെരുമ്പറയൻ
തീയ്യരെപ്പേടിച്ചു പണ്ടൊരിക്കൽ
മയ്യയിൽ പോയി തിരിച്ചുവന്നന്നേര
മയ്യാവുമാപ്പിള യോഗപ്പെണ്ണെ! തെല്ലും
വയ്യാ ചിരിക്കുവാൻ ജ്ഞാനപ്പെണ്ണേ!
വാക്കൈ പൊത്തിക്കൊണ്ടു"തമ്പ്രാക്കളേ!
കാക്കണേ"യെന്നു പറയുന്നവർ
വെക്കം വരാപ്പുഴച്ചെന്നു വരുന്നേരം
നിക്കക്കള്ളി കിട്ടി യോഗപ്പെണ്ണേ! അപ്പോ
ളൊക്കെ “മേനോക്കച്ചൻ” ജ്ഞാനപ്പെണ്ണേ!
അന്തണന്മാർ നിജ ഭക്തരാകും
ഹിന്തു ജനങ്ങളെയാട്ടിയോട്ടി
വെന്തീഞ്ഞ ചാർത്തിച്ചു ചാരെ വിളിക്കുന്ന
തെന്തൊരു സാഹസം യോഗപ്പെണ്ണേ! ഉള്ളു
വെന്തുപോകുന്നല്ലൊ ജ്ഞാനപ്പെണ്ണേ!
ഉത്തമ ഹിന്തു മത മതില
ന്നുത്തമാംഗങ്ങളെന്നോതുന്നവർ,
ചിത്രവർണ്ണങ്ങളായിടുമപരാംഗ
വർത്തിലോകങ്ങളെ യോഗപ്പെണ്ണേ! തെല്ലു
ശത്രുക്കളാക്കാമോ ജ്ഞാനപ്പെണ്ണേ!
ഉത്തമാംഗംകൊണ്ടപരാംഗം
കൊത്തിച്ചളുക്കിക്കളഞ്ഞെന്നാൽ
അത്തലുണ്ടാകുമക്കേകിയെക്കാണുന്ന
മർത്ത്യർചിരിച്ചിടും യോഗപ്പെണ്ണേ! ഇതു്
ഹൃത്തിൽ വച്ചീടുക ജ്ഞാനപ്പെണ്ണേ!
ആലവട്ടത്തിൽ മുടികളിലും
പീലി നിരകൾ വിലസും പോലെ
നാലുവർണ്ണങ്ങളും ചേർന്നു മതാന്തരേ
കാലുവച്ചീടുന്നു യോഗപ്പെണ്ണേ! അപ്പോൾ
താലോലിക്കും ചിലർ ജ്ഞാനപ്പെണ്ണേ!
ആര്യപുരാതന ഹിന്തുമത
സാരങ്ങളൊക്കെപ്പരിശോധിച്ചാൽ
സാരമില്ല തീണ്ടലജ്ഞാനമൂർത്തിയെ
ന്നാരും പറഞ്ഞിടും യോഗപ്പെണ്ണേ! ചില
കാരണം കേൾക്കുക ജ്ഞാനപ്പെണ്ണേ!
പണ്ടു ശ്രീരാമനും ലക്ഷ്മണനും
വണ്ടണിവേണി വിദേഹജയും
താണ്ടിയില്ലേ സരയൂന്നദിയാപ്പോക്കിൽ
തണ്ടുവലിച്ചതാർ ? യോഗപ്പെണ്ണേ ! അന്നു
തീണ്ടിക്കുളിയുണ്ടോ? ജ്ഞാനപ്പെണ്ണേ!
ശൃംഗിവേരാധിപനാകും ഗുഹൻ
തുംഗപ്രതാപനിധിയരയൻ
അങ്ങിനെയായിട്ടും ശ്രീരാമസ്വാമിയാ
ലിംഗനം ചെയ്തില്ലെ? യോഗപ്പെണ്ണേ ! എന്തു
മംഗലമക്കാലം ജ്ഞാനപ്പെണ്ണേ!
പട്ടാഭിഷേകസമയത്തിലും
കൂട്ടത്തിലാഗ്ഗുഹൻ വന്നിരുന്നു
പട്ടന്മാരെന്നല്ല നമ്പൂതിരിമാരും
മാട്ടിക്കളഞ്ഞില്ല യോഗപ്പെണ്ണേ ! ഒക്കെ
ത്തൊട്ടു തിന്നും പോയി ജ്ഞാനപ്പെണ്ണേ!
മുക്കണ്ണദേവൻ മധുരയിങ്കൽ
മിക്കതും ലീലയായ് വാണകാലം
മുക്കുവത്തിയ്ക്കു പുടവ മുറിച്ചിട്ടു
മാർക്കത്തിലാക്കിയോ, യോഗപ്പെണ്ണേ ! ജാതി
നീക്കി നിർത്തിയോ? ജ്ഞാനപ്പെണ്ണേ!
കാളിയരയത്തി പെറ്റതല്ലേ
കേളിയേറും വ്യാസ മാമുനിയെ?
നാളീകനേത്രയെ ശന്തനു രാജാവും
വേളികഴിച്ചില്ലെ യോഗപ്പെണ്ണേ ! അത്ര
കോളാക്കിയോ തീണ്ടൽ? ജ്ഞാനപ്പെണ്ണേ!
ആ വധൂമാണിക്യം കാളിയമ്മ
ശ്രീവസുരാജസുതയെന്നാലും
ധീവരന്മാരുടെ ചോറുതിന്നല്ലയോ
യൌവനമായതു?യോഗപ്പെണ്ണേ ! എത്ര
ചൊവ്വുള്ള നാളതു ജ്ഞാനപ്പെണ്ണേ!
കുറത്തിയെ വേട്ടില്ലേ സുബ്രഹ്മണ്യൻ
കുറവെന്താണതുകൊണ്ടു ചൊല്ലീടുവിൻ,
നിറഞ്ഞ പരാശക്തി തന്നംശഭൂതങ്ങൾ
കുറവനും വിപ്രനും യോഗപ്പെണ്ണേ ! ആർക്കും
കുറവില്ലെന്നറിയേണം ജ്ഞാനപ്പെണ്ണേ!
ഒട്ടു പേരുണ്ടല്ലോ പഞ്ചഭൂത
ക്കെട്ടിടമൊക്കെയശുദ്ധമാക്കാൻ;
തൊട്ടുകൂടാ മഹാ പാപികളാണവർ
ആട്ടിയകറ്റുക യോഗപ്പെണ്ണേ ! ഗുണം
കിട്ടുമെന്നാലുടൻ ജ്ഞാനപ്പെണ്ണേ!
കാമപ്പറയൻ കരിമ്പറയൻ
ക്ഷേമത്തരുവിന്നിടിവാളും,
ആ മഹാ പാപിയെയോടിച്ചകറ്റുന്നോ
രീമഹീവാനവർ യോഗപ്പെണ്ണേ ! പിന്നെ
ആമയമില്ലല്ലോ ജ്ഞാനപ്പെണ്ണേ!
ക്രോധപ്പറയൻ കൊടുമ്പറയൻ
ബോധവിളക്കിൻ കൊടുങ്കാറ്റ്
മേധാവികളാ ശ്വപചനെ വേഗത്തിൽ
രോധിച്ചു നിർത്തണം യോഗപ്പെണ്ണേ ! എന്നാൽ
ബാധകമില്ലല്ലോ ജ്ഞാനപ്പെണ്ണേ!
ഓടിക്ക ലോഭപ്പറയനേയും
ചാടിക്കതോടും തുറകളിലും
തേടിക്കൊൾകീശ്വര പാദങ്ങളെപ്പോഴും
കൂടിക്കൊൾകാനന്ദം യോഗപ്പെണ്ണേ മന്ദം
വാടിക്കുഴങ്ങേണ്ട ജ്ഞാനപ്പെണ്ണേ!
മോഹപ്പുലയനെ കണ്ണിൽ കണ്ടാൽ
ഹാഹാരവം പൊടി പാറ്റിക്കൊൾക
മോഹം മുഴുത്തു സമസൃഷ്ടിയെത്തെല്ലും
ദ്രോഹിച്ചു പോകല്ലെ യോഗപ്പെണ്ണേ ! എല്ലാ
ദേഹങ്ങളും ശരി ജ്ഞാനപ്പെണ്ണേ!
ഉണ്ടു മദമന്നൊരുള്ളാടൻ
രണ്ടു കാതം വഴി മാറിട്ടവൻ,
കണ്ടു കൂടാമപ്പോളാനന്ദവീടിന്‍റെ
തണ്ടും താഴും പൂട്ടും യോഗപ്പെണ്ണേ സുഖ
മുണ്ടിതിൽ പാർക്കുവാൻ ജ്ഞാനപ്പെണ്ണേ!
കണ്ണിലസൂയാസുരനെക്കണ്ടാൽ
തൊണ്ണൂറടിയാട്ടിയോടിക്കണം
ഖണ്ഡിച്ചവനെയകറ്റുമ്പോളുള്ളിലെ
കണ്ണുതെളിഞ്ഞീടും യോഗപ്പെണ്ണേ! മഹീ
വിണ്ണവന്മാരവർ ജ്ഞാനപ്പെണ്ണേ!
മാത്സര്യമെന്നപറയനേയും
ഉൽസ്രജിച്ചാലേ ഭവികമുള്ളൂ
വൽസലത്വം സഹജീവികളിൽചേർക്കു
ഭർത്സീക്കരുതല്ലോ യോഗപ്പെണ്ണേ! എന്തൊ
രുത്സവമാണെന്നാൽ ജ്ഞാനപ്പെണ്ണേ!
മുൻപിൽ ചരിക്കും വിചാരശിഷ്യൻ
ദംഭത്തിനെയാട്ടിപ്പായിക്കട്ടെ,
തമ്പുരാൻ ശാംഭവദീപവും സൂക്ഷിച്ചു
സ്തംഭംപോൽ വാഴുക യോഗപ്പെണ്ണേ!അപ്പോൾ
കുമ്പിടുമെല്ലാരും ജ്ഞാനപ്പെണ്ണേ!
പാർത്ഥിവന്മാർക്കും ധരാസുരർക്കും
സ്വാർത്ഥപരത്വം മുഴുക്കുകയാൽ
പാർത്തലമൊക്കെപ്പരാധീനമായെന്നു
പാർത്താലറിഞ്ഞീടാം യോഗപ്പെണ്ണേ ഓർത്തി
ട്ടാർത്തി മുഴുക്കുന്നു ജ്ഞാനപ്പെണ്ണേ!
ഈയിന്ത്യാ രാജ്യമടച്ചു മുന്നം
സ്ഥായിയോടെ ഹിന്തുഭൂപർ കാത്തു
ആയധികാരങ്ങൾ ജാതിഭേദം മൂലം
മായുകയും ചെയ്തു യോഗപ്പെണ്ണേ! എത്ര
പേയാണിയജ്ഞാനം ജ്ഞാനപ്പെണ്ണേ!
ഭൂവരൻനമ്പൂരി നായന്മാരും
ധീവരൻ തീയ്യന്മാരാ ശാരികൾ
ഈവിധമേറെ വകുപ്പുകളായപ്പോൾ
ഭാവഭേദംമൂത്തു യോഗപ്പെണ്ണെ വേഗം
ദൈവകോപംവന്നു ജ്ഞാനപ്പെണ്ണെ
ജാതിഭേദത്താ ലനൈകമത്യ
പ്പാതിരാക്കൂരിൽ മലയാളം
പാതിയിലേറെ മറഞ്ഞുവരുന്നെന്ന
ഖ്യാതിയും വർദ്ധിച്ചു യോഗപ്പെണ്ണെ അതു
ഭീതിക്കെടയാക്കി ജ്ഞാനപ്പെണ്ണെ
ഹിന്തുലോകങ്ങൾക്കു തമ്മിൽതമ്മിൽ
ആന്തരസ്നേഹമില്ലെന്നവൃത്തം
ഹന്ത! ധരിച്ചുപലെവഴിക്കും പരി
പന്ഥികൾ വന്നെത്തി യോഗപ്പെണ്ണെ കൂടെ
ലന്തയും വന്നല്ലോ ജ്ഞാനപ്പെണ്ണെ
അപ്പോ! പലപലജാതികളാ
യ്ക്കേൾപ്പൊരുംകേളിയും തീർന്നമൂലം
ഇപ്പാരടക്കുവാൻ നാനാദിക്കിൽനിന്നും
മാപ്പിളമാർ വന്നു യോഗപ്പെണ്ണെ കൂടെ
ടിപ്പുവും വന്നല്ലോ ജ്ഞാനപ്പെണ്ണേ
അക്കാലം ഹിന്തുക്കൾ തീണ്ടലിന്‍റെ
തൃക്കാലും നമ്പിയിരിക്കുകയാൽ
തോക്കായുധമാക്കി നാടടക്കാൻ ചില
“കോക്കായികൾ” വന്നു യോഗപ്പെണ്ണെ വേഗം
മക്കാളിയുമെത്തി ജ്ഞാനപ്പെണ്ണെ
പട്ടാണിമാർക്കും പറങ്കികൾക്കും
കിട്ടതെ യീരാജ്യമേങ്കോയ്മകൾ
ബ്രിട്ടീഷിനാക്കിക്കൊടുത്ത ദൈവംകൃപാ
വൃഷ്ടിപ്രദൻ തന്നെ യോഗപ്പെണ്ണെ ഇപ്പോൾ
തുഷ്ടന്മാരായിനാം ജ്ഞാനപ്പെണ്ണെ
ഹിന്തുമതത്തെ ഇനിയെങ്കിലും
അന്തരമെന്ന്യേ പരിപാലിക്കാൻ
അന്തണന്മാരും നൃപന്മാരും കൂടിയാൽ
ചിന്തപോൽ സാധിക്കും യോഗപ്പെണ്ണേ! അപ്പോൾ
ബന്ധുക്കളായൊക്കെ ജ്ഞാനപ്പെണ്ണേ!
മിക്ക വൈദീകരും ഭൂപാലരും
തൻകഴൽ കൂപ്പുമിതരന്മാരും
ഒക്കെ ഹിന്തുക്കളിൽ പ്രാമാണ്യമുള്ളവർ
ഒക്കണമേകത്ര യോഗപ്പെണ്ണേ! എന്നി
ട്ടോർക്കണം കാര്യങ്ങൾ ജ്ഞാനപ്പെണ്ണേ!
തീണ്ടിക്കുളിയിനി വേണ്ടയെന്നും
തീണ്ടാട്ടരുതിനി മേലിലെന്നും
ഉണ്ടാക്കണം ചട്ടമന്നേരമാശ്വാസ
മുണ്ടാകുമുണ്ടാകും യോഗപ്പെണ്ണേ! മതം
കൊണ്ടാടി വർദ്ധിക്കും ജ്ഞാനപ്പെണ്ണേ!
കൂട്ടത്തിൽ നിന്നു വിലക്കി നിർത്തൽ
ഭ്രഷ്ടുകളും പ്രായഞ്ചിത്തങ്ങളും
ഒട്ടു കുറയ്ക്കണമെന്നും സമീചീന
ചട്ടമുണ്ടാക്കണം യോഗപ്പെണ്ണേ! മതം
പെട്ടെന്നുയർന്നീടും ജ്ഞാനപ്പെണ്ണേ!
വൈദികർ തൊട്ടമഹാശയന്മാർ
വാദം കളഞ്ഞിതുപോലെ ചെയ്താൽ
ഖേദങ്ങളെല്ലാമകലുമെന്നേ മംഗ
ളോദയമുണ്ടാവൂ യോഗപ്പെണ്ണേ! യോഗ
ക്ഷേമവും വർദ്ധിക്കും ജ്ഞാനപ്പെണ്ണേ!
തീണ്ടലാകും ദശകന്ധരന്‍റെ
കണ്ഠം മുറിക്കും കരുണാകരൻ
ഇണ്ടലെന്യേ മാടരാജാധിരാജനാം
രണ്ടാം രഘുവരൻ യോഗപ്പെണ്ണേ! വാഴ്ക
വേണ്ടുവോളം കാലം ജ്ഞാനപ്പെണ്ണേ!
അത്തിരുമേനിയിത്തീണ്ടിച്ചട്ടം
എത്ര കുറയ്ക്കുന്നനുദിവസം
ഉത്തമദൃഷ്ടാന്തമൊന്നു രണ്ടല്ലോ
പത്തു നൂറായിരം യോഗപ്പെണ്ണേ! സത്യ
വേത്താവീത്തമ്പുരാൻ ജ്ഞാനപ്പെണ്ണേ!
ജാതിയിലീഴവനെന്നാലും
നീതിയും വിദ്യയുമുള്ളാളിനെ
ഭൂതിയരുളുന്നു*ജഡ്ജിയായ് വയ്ക്കുന്നു
ഖ്യാതി കൂട്ടീടുന്നു യോഗപ്പെണ്ണേ! എത്ര
നീതിമാനിദ്ദേഹം ജ്ഞാനപ്പെണ്ണേ!
ശീലഗുണവും പഠിപ്പുമുള്ള
വാലനും തച്ചനും പാണന്മാർക്കും
ജോലി കൽപ്പിക്കുന്നു തൃക്കൺ പതിക്കുന്നു
പാലിക്കുന്നു നിത്യം യോഗപ്പെണ്ണേ! സത്യ
ലോലുപനീനൃപൻ ജ്ഞാനപ്പെണ്ണേ!
പുണർതം തിരുനാളവതരിച്ച
ഗുണഗണസങ്കേതമീനൃപതി
അണയുമജ്ഞാനങ്ങൾ നീക്കിയീരാജ്യത്തെ
ഘൃണയാ ഭരിക്കട്ടെ യോഗപ്പെണ്ണേ! നല്ലോ
രുണർവാകട്ടെ നാട്ടിൽ ജ്ഞാനപ്പെണ്ണേ!
വാഴട്ടെ വാഴട്ടെ മാടഭൂപൻ
വാഴട്ടെ വാഴട്ടെ രാമവർമ്മൻ
വാഴട്ടെ വാഴട്ടെജി.സി.ഐ.ഇ. ഭൂപൻ
വാഴട്ടെ വാഴട്ടെ യോഗപ്പെണ്ണേ! തീണ്ടൽ
താഴട്ടെ താഴട്ടെ ജ്ഞാനപ്പെണ്ണേ!
വഞ്ചിവസുധാവലാകാന്തന്‍റെ
കിഞ്ചന കാരുണ്യമുണ്ടാകുമ്പോൾ
പഞ്ചത്വം ചേരുമീ തീണ്ടിക്കുളിച്ചട്ടം
നെഞ്ചകം ശുദ്ധമാം യോഗപ്പെണ്ണേ! ലോക
വഞ്ചനയല്ലിതു ജ്ഞാനപ്പെണ്ണേ!
വാഴുക വാഴുക വഞ്ചിഭൂപൻ
വാഴുക വാഴുക മൂലർക്ഷജൻ
വാഴുക വാഴുക ധർമ്മക്ഷമാവരൻ
വാഴുക വാഴുക യോഗപ്പെണ്ണേ! തീണ്ടൽ
താഴുക താഴുക ജ്ഞാനപ്പെണ്ണേ!
മർമ്മം പിളർക്കുന്ന ഹാഹാരവം
ഓർമ്മയുള്ളാളുകൾ നിർത്തിയെന്നാൽ
നർമ്മമല്ലല്ലോ തിരുവിതാംകൂറന്നു
ധർമ്മക്ഷിതിയാകും യോഗപ്പെണ്ണേ! വേഗം
ശർമ്മവും വർദ്ധിക്കും ജ്ഞാനപ്പെണ്ണേ!
ശക്തിപോരെങ്കിലും ഹിന്തുമത
സക്തിമുഴക്കുക കൊണ്ടിവണ്ണം
യുക്തി പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ തീർത്തു
മുക്തിയരുളുക യോഗപ്പെണ്ണേ! പരാ
ശക്തി തുണയ്ക്കുക ജ്ഞാനപ്പെണ്ണേ!
Manglish Transcribe ↓
Ke. Pi. Karuppan=>jaathikkummi
ke pi karuppan
shreeshankaraachaaryasvaami munnam
kaashiyil vacchu kuli kazhinju
eeshanekkaanuvaan poyappolundaaya
peshalithukelkka yogappenne! Athu
moshattharam theerkkum jnjaanappenne! Thinkaltthalayan parayanumaayu
shankariyennaparacchiyumaayu
shankaraachaaryar varunna vazhimaddhye
shankayennye ninnuyogappenne! Thello
rankamundaayappol jnjaanappenne! Kettiyapennumaayu maargamaddhyam
mutticchidaathe vazhimaaredaa! Kattiyilinganeyaachaarya svaamikal
thattikkeriyallo yogappenne! Naadan
mattithalloyinnum jnjaanappenne! Aattiya neratthu chandaalan
mattonnumaari mukham karutthu
pettennu cholli; njaan kaaryam grahiyaathe
vittozhikilledo, yogappenne! Ithu
muttaalatthamalle jnjaanappenne! Jaathiheenan nee parayanallo
jaathiyil munpan njaan braahmananum
othiyaalappol nee odande, maarande
neethi kykooppande? Yogappenne! Ninre
khyaathikkathu kollaam jnjaanappenne! Ellaavarum nammal maanushanmaa
rallaathe maadum maravumalla;
vallaayma pokkuka, shaasthreeyamaamjaathi
chollaam manushyathvam yogappenne! Oru
nallajaathiyathu jnjaanappenne! Njaan manujaathanaanennaakilum
braahmananallayo chandaala ! Ninmitham pole vazhiye nadakkaamo
kammathi chollaamo? Yogappenne! Atha
hammathiyallayo jnjaanappenne! Braahmananishdtayenikkundenkil
braahmananalle njaan chandaalan? Themmaadiyepole vaadaapodaayennu
chummaathurakkalle yogappenne! Athum
sammaanamaanenno? Jnjaanappenne! Dvijanalle njaanenneyenthukondum
bhajanam cheyyendathu dharmmamalle
vijanamaanennortthittenthum parayaamo,
sujanadvesham nanno? Yogappenne! Ningal
kujanangalaanallo jnjaanappenne! Randu janmatthaal dvijanangunnu
randalla njaan noorukodi janaam
indalalle jani? Saavithri pettorkku
theendalillaa pinne yogappenne! Nammal
randuperum dvijar jnjaanappenne! Nalla parayan nee jnjaaniyallo
illenikkottumasooya ninnil,
vallamaheesurajaathikalum kettaal
thallumallo ninne yogappenne! Pakshe
kollukayum cheyyum jnjaanappenne! Thampuraanajnjaanaroopangalaam
kompukalillenkilipparayan
emparamaarththamakhilamothaa, manu
kampayaa kelkkuka yogappenne! Naattin
kampangal theerkkuka jnjaanappenne! Ikkaanum lokangaleeshvaranre
makkalaanellaamoru jaathi,
neekki nirtthaamo samasrushdiye? Dyvam
nokkiyirippille? Yogappenne! Theendal
dhikkaaramallayo jnjaanappenne! Gaathratthino theendalaathmaavinno
ithranishkaarunyamonnu nokkaam:
gaathram gaathratthinettheendumennothunna
thethrayumajnjaanam yogappenne! Bahu
chithram ! Chithram ! Chithram! Jnjaanappenne! Annamayatthinkal ninnittille
annamayamokkeyundaayathu,
pinneyavathammilenthaanu vyathyaasam? Nannunannajnjaanam yogappenne! Shuddha
mannatthamallayo? Jnjaanappenne! Malamoothramullathukondu doore
vilakki nirtthaam chila janatthe;
malamoothramillaattha gaathrangalibbhoomee
valayatthilillallo yogappenne! Pinne
phalamundo theendalaal jnjaanappenne! Theliyaattha vasthramudutthu gaathre
chaliyullavareyakattum pole
kuliyum kuriyumezhunna janattheyum
vili kaaniccheedalle yogappenne! Ethra
poliyaaneeyajnjaanam jnjaanappenne! Bhoothathan maathrakal kondu thanne
jaathangalaakum shareerangalil
ethineyaattanam ethaattu kollanam
chethasilorkkuka yogappenne! Ennaal
vaathukalillallo jnjaanappenne! Svarnnatthakidonnulayiloothi
khandicchu khanda shathangalaakki
varnnangal chodikkum pole; manujaatha
varnnangalokkeyum yogappenna! Bhedam
varnnikkumajnjanmaar jnjaanappenne! Jnjaanam kondallaathe braahmanathvam
maanavanmaarkku labhikkayilla,
jnjaanikku jaathiyum theendalumillallo
aanandameyulloo yogappenne! Brahma
ddhyaanam thanneyulloo jnjaanappenne! Braahmanan dehamaanennaakumpol
ammaanavane samskaricchaal
brahmahathyaapaapam cherenamennippol
sammathiccheededo yogappenne! Ithu
vanmaayamallayo jnjaanappenne! Udalaanu braahmananennu vannaal
chudalayil vaykkumpol paapikalaam;
udalallaa braahmananaathmaavaanenkilo
edayillaa theenduvaan yogappenne! Shuddha
madayattham chollaathe jnjaanappenne! Chythanyatthinkal ninnundaakum
chythanyangalkkundo theendalulloo? Nythal sathyam theendalaakunnorajnjaanam
peythallo naadokke yogappenne enthu
kythavamaanithu jnjaanappenne! Sujanamaayulla nishaadan polum
yajamaananaanavan braahmanannum
yathiyaam parayane yaagam kazhippippaan
shruthiyil parayunnu yogappenne! Svantham
kruthiyalliccholvathu jnjaanappenne! Aakshepicchaattalle mattoraale
saakshiyallo dyvam sarvatthinnum
sookshicchu shakthiyaanellaattilumenna
lakshyattheppaaradi yogappenne! Thava
mokshavum siddhikkum jnjaanappenne! Annamayatthil ninnannamayam
vannithu, chythanyaal chythanyam
ennakathaariluracchu neeyajnjaana
kkannineyodikka yogappenne! Appol
vannukoodum gunam jnjaanappenne! Aakaashavaadaavilakku sooryan
paakaari lokanadeejalatthil,
haa! Kaashigamgayil, alpasarasilum
svaakaaram kaattunna yogappenne! Bheda
mekaathirikkunnu jnjaanappenne! Bhoosurappoykayil chandaalanre
kaasaaratthinkalumonnupole
vaasaranaayakabimbamanuvelam
bhaasuramaakunnu yogappenne! Bheda
vaasanayillathil jnjaanappenne! Ponkudatthanniyilaprakaaram
mankudavaariyudaratthilum
pankajabaandhava bimbamudikkunnu
thinkalum kaanunnu yogappenne! Bheda
mankurikkunnilla jnjaanappenne! Aavidhamallo paramaathmaa
aavirbhavikkunnu dehangalil,
aa vilaasangalkku theendikkuliyilla
aavilamillallo yogappenne! Bheda
bhaavanathalledee jnjaanappenne! Chanchalikkaanjaal parakkulatthil
thanchi phalikkum tharani bimbam
kaanchana vaapiyilolamilakiyaal
kinchana kaanumo yogappenne! Shrunu
vanchanayallalo jnjaanappenne! Madamillaapparayanre maanasatthe
sadanamaakkeedunnusacchinmayan
madamulla vipranre hrudayatthileeshvaran
vadanam kaanikkumo yogappenne! Ethra
kadanamaanajnjaanam jnjaanappenne! Paramaarththamullilarinjeedumpol
oruvaneyaattiyakattenamo? Paramaathmashaakhakal vipraadikalaakum
narajaalamorujaathi yogappenne! Appol
nirayangal nilaninnu jnjaanappenne! Parameshdi thottu pipeelikaantham
parabuddhiyenye karuthunnavan
oru vipranaayaalum chandaalanaayaalum
guruvaanenikkavan yogappenne! Loka
guruvaayathumavan jnjaanappenne! Dehaadivasthukkal njaanalla
haahaa! Njaanaathmaavaanennorppavan
oru vipranaayaalum chandaalanaayaalum
guruvaanenikkavan yogappenne! Loka
guruvaayathumavan jnjaanappenne! Paartthalamokke thrigunamayam
paartthucharikkunna dheeradheeran
utthaman, brahma hatthaaraakilumenre
theerththanaanaddheham yogappenne! Loka
mithraavumaddheham jnjaanappenne! Aashakalokke nashikkumennum
aashakthimaathram nashikkillennum
aashayatthil kanda satthamanennude
aashaanarikanee yogappenne! Loka
deshikanumavan jnjaanappenne! Dhyaanamaamoonjaalppadi naduvil
maanasatthatthaye vacchukondu
aanandakkaattilananju sukhikkunna
maanavanen guru yogappenne! Bahu
maananeeyanavan jnjaanappenne! Kaayamaam kappal samaadhiyaakum
paayakulatthibbhayappedaathe
jnjeyakkaraykku vidunnavan malguru
vaaya sadaanandan yogappenne! Thellum
maayamillaaathil jnjaanappenne! Aartthikkaattoothibbhavakkadalil
moortthiyaam kappal mariyum mumpe
paartthidaathaanandadeepamaadam kanda
keertthimaanen guru yogappenne! Ishda
poortthiyekumavan jnjaanappenne! Bhogakkadalum kadannu chennu
raagaadi raakshasanmaarekkonnu
yogamaniyara thannilezhum mahaa
bhaaganen deshikan yogappenne! Ethu
bhaagatthilaaykkotte jnjaanappenne! Chandaprapanchakkuzhiyil ninnu
kunduliyenna kayaril koodi
ennam paranjulla yogaveedetthunna
punyavaanen guru yogappenne! Ethu
varnnamaayaalenthu? Jnjaanappenne! Vellavichaarappadangalittu
ullakamokke vithaanicchenkil
valluvanaayaalum vellaalanaayaalum
kollaamenikkavan yogappenne! Shuddha
mullaadanaakatte jnjaanappenne! Saavadhaanam yogakkattilinmel
vaavavayppicchu manakkuttiye
paavayeppole parungaathirikkunna
paavananen guru yogappenne! Jaathi
chovanaayaalenthu jnjaanappenne! Aalolatthu nilaavampiliyum
kolaahalangalum kandum kettum
melaakkam nokki manam layippikkunna
vaalanumen guru yogappenne! Pakshe
velanaayaalenthu; jnjaanappenne! Chaadiccharikkum manakkunjine
koodicchu yoga manimetthamel
paadiyurakkunna pandithanen guru
aadalakannavan yogappenne! Mala
vedanaayaalenthu jnjaanappenne! Sathyamennulla lipidvayatthe
kruthyamaayittortthu porunnavan
utthamanaanu, mama gurunaathanaam
satthamanumavan yogappenne! Oru
metthanaayaalenthu jnjaanappenne! Praanangal ninnu manam layicchu
kaanuvaanulla kathakal kandu
thoonupolalpam charikkaathirikkunno
naanumama guru yogappenne! Avan
paananaayaalenthu jnjaanappenne! Kaayatthilulla paraashakthiye
kaalaatthe kandu kandaanandippon
naayaraayaalenthu, theeyyanaayaalenthu,
maayamallen guru yogappenne! Ora
meyanaanaddheham jnjaanappenne! Aattaathe lokattheyanthikatthil
koottiyanacchupadeshikkunnon
oru vipranaayaalum chandaalanaayaalum
guruvaanenikkavan yogappenne! Loka
guruvaayathumavan jnjaanappenne! Heenarennothi samasrushdiyil
maanasakhedamulavaakkaatthon
oru vipranaayaalum chandaalanaayaalum
guruvaanenikkavan yogappenne! Loka
guruvaayathumavan jnjaanappenne! Ipparanjulla perumparayan
muppuravyriyaanennarinju
thalpadam vandicchu shankaraachaaryarum
maappapekshicchallo yogappenne! Loka
moopparodanneram jnjaanappenne! Thandalarsaayakavyriyumaayu
kandathunaalmuthalsvaamipaadam
theendalajnjaanamennotheettumaalukal
undonirutthunnu yogappenne! Enthu
kundaamandiyithu jnjaanappenne! Mallaayudhaarikkumaachaaryarkkum
sallaapamundaaya vaasthavatthe
ellarum kaanuvaanaachaarya svaamikal
cholliyathaanithu yogappenne! Enre
chollaanennorkkalle jnjaanappenne! Maanyanmaaraaya mahaathmaakkale ! Unnathasthaanatthirikkunnore ! Ennude thaazhmayaayullorapekshayum
monnu ketteedanam yogappenne! Ennil
nandi kaatteedanam jnjaanappenne! Smruthyaadikalilum theendicchattam
mathyaapimaamunimaarortthilla
athyaapatthinnithu malayaalaraajyatthil
etthiyallo kashdam ! Yogappenne! Thammil
kootthu pidippikkaan jnjaanappenne! Malayaalaraajyatthe hinthukkalil
palayaalukalumundisaadhukale
vilayaalukalaakki vazhiyil nadakkumpol
vilakkiyakattunnu yogappenne! Enthu
kolakkudukkaanithu jnjaanappenne! Paandiraajyatthiloru dikkilum
theendikkuliyenna chattamilla
randumaasam njaan nadannaarumennodu
shandtakkuvannilla yogappenne! Sukha
mundenikkaanaattil jnjaanappenne! Karnnaadakatthilum theendaattalaam
karnnakadtoraninaadamilla
varnnangal naalunduvenkilu majnjaanam
nirnnayicchillallo yogappenne! Ethra
svarnnaraajyamathu jnjaanappenne! Hinthusthaanattheyadhivasikkum
hinthukkalokkeyorupole
enthoru kashdam malayaalatthil maathram
enthiyalloyithu yogappenne! Bahu
kunthamalleyithu jnjaanappenne! Thittam maraattayil chennaalum
aattu kollenda naamodenda
pottum pudavayum chaartthi nadannidaam
naattaar pinangilla yogappenne! Nalla
koottukettum kittum jnjaanappenne! Thulunaattaarempraanmaarivide vannaal
vilikaatti nadakkunnu vazhimaattunnu
thulunaattilundoyeettheendalenthinnivar
velipaadundaakunnu yogappenne! Enthu
poliyaanipparayunnu jnjaanappenne! Jaappaanilengaanum theendalundo
yaappaanatthundo silonilundo
ippaarilengumithupole yajnjaanam
kelppaaneyillallo yogappenne! Enthu
kopraayamaanithu jnjaanappenne! Ittittuveezhunna kannuneero
dittaliraajyatthumodenda,
kuttangal kelkkenda kurimudukkenda
chittakkaaraanokke yogappenne! Jaathi
maattangaleyilla jnjaanappenne! Landan parishkrutha raajyamalle? Undoyavideyeettheendaattam? Kandavar hinthuvakuppilanekam pe
rundallo saakshikku yogappenne! Theendal
kandakamaanallo jnjaanappenne! Malayaala raajyatthilallaathe
ulakinkalengumeettheendalilla
thalayaalikalaaya hinthumahaajanam
nilappikkanamithu yogappenne! Dharmmam
thalapokkatte vegam jnjaanappenne! Eeranuduttha thanuppumoolam
eera pidicchu nilam thodaathe
maaradaa podaa ennothi mahaajanam
cheerunnu nithyavum yogappenne! Bodham
maarunnu chitthatthil jnjaanappenne! Vazhikkulam theendiyennothi mandam
vazhakkadikkunnu chila janangal
kizhippanam vaangicchu punyaaham cheyyicchu
kizhikkunnusaadhuve yogappenne! Ettam
pazhikkunnaho kashdam jnjaanappenne! Chandaalanmaareppulayareyum
kannaale kandaalkuli kazhiyum
unnaanurakkamilla, tharamundenkilonnu
punyaahavum cheyyum yogappenne! Enthu
punyamathukondu jnjaanappenne! Shankarakshethre gamikkumneram
sankarajaathiye kkannil kandaal
kinkaranmaarekkondaattiyodikkunnu
sankadam cherkkunnu yogappenne! Enthu
pankappaadaanithu jnjaanappenne! Pattanatthinkal valarebhedam
naattumpuratthil nadakkaan melaa
aattunnu, thallunnu, putthan vaangikkunnu
nattam thirikkunnu, yogappenne! Athu
kettaal karanju pom jnjaanappenne! Kadakkaan virodhiccha vazhiyennullil
kadakkaathe saadhukkalakappedumpol
iditthee varumpole chilakoottarodi va
nnidikkunnu, pidikkunnu yogappenne! Kodukkunnu, nadakkunnu jnjaanappenne! Pompanam kayyirikkunnathum
chempukaashennu paranjillenkil
vamperittum chila naayanmaarekkoodi
yampo! Virappikkum yogappenne! Namme
ppamparam paadikkum jnjaanappenne! Nallarivacchunaamundennaalum
chollaruthaayathoruttharodum
kallariyennu paranjaal vazhakkilla
nallareethiyithu! Yogappenne! Melil
chollarutheevidham jnjaanappenne! Kaashdtam bhujicchu nadannirunna
pattikku chaare nadannukollaam
kashdam! Manushyarkku paadilla ennulla
chattam nirutthando, yogappenne! Ningal
shishdanmaarallayo jnjaanappenne! Maadinekkandaa larikileykku
maadivilicchu namaskarikkum
odikkum manujaathinikaratthe paarshvatthil
koodippoyaalappol yogappenne! Etho
redilkkandeecchattam? Jnjaanappenne! Naalkkaalikalilum thaazheyenno
ikkaanum maanushasodaranmaar! Ikkaalatthirupathaam noottaandilumithu
neekkaaraayillallo yogappenne! Entho
raalkkaaraanu ningal jnjaanappenne! Theendalaayidunnorajnjaanam
kondubhavicchidumaapatthukal
undo paranjaalodungunnu? Moonnunaa
lundu drushdaanthangal yogappenne! Athu
kandavarundu pol jnjaanappenne! Pandoru chekavar paathiraavil
kundu vazhiye nadanneedumpol
pandaaraprethatthe thaangi naalanchuper
mandi varunnallo yogappenne! Athu
kandaal katha theerum jnjaanappenne! Saahasam cholli mruthashareera
vaahaka lokamananjidumpol
mohaandhanaaytheeyyan munnottu paanjappol
haahaaravum kettu yogappenne! Kettaal
mohaalasyappedum jnjaanappenne! Kaaryakkaaraanennarinju theeyyan
kaaryangalokkeyum bodhippicchu
dhyryam nadikkaathe maarippodaayennu
kaaryakkaarum cholli yogappenne! Shesham
kaaryam kathikkeno jnjaanappenne! Kooriruttum kandedavazhiyum
kaariyakkaararum pandaaravum
paaramadutthappol maddhyasthathan theeyyan
paarathil mohicchu yogappenne! Chatthu
neram velutthappol; jnjaanappenne! Kompanmadikkunnoru thalaykkal
nampooriyundu maruthalaykkal
ampodathuneram maddhyasthithan theeyyan
kompanekkooppunnu yogappenne! Enthu
kampamaanajnjaanam jnjaanappenne! Kshoneesuranu moru naayarum
thoniyileri tthuzhayunneram
veenorukaattum mazhayumudan vallam
thaanu salilatthil yogappenne! Randum
kenu thudanginaar jnjaanappenne! Vellamanalil pathinjirunnu
vellam kudiyaayu randuperum
palla niranjappol nampoori kykkondu
vellatthil chutticchu yogappenne! Athi
nullarththam kelkkande jnjaanappenne! Vilakkikky chutticchathinreyarththam
kalakkikkudikkuvaanaanupolum
nilayillaatthappolum jaathibhedam cholli
kalahicchupoyallo yogappenne! Enthu
vilayillaatthaachaaram jnjaanappenne! Mannavanmaar dharaadevanmaarkkum
pinne shoodraadi charanajarkkum
thanneyallikkuttam sankarajaathikku
mennododonnundallo yogappenne! Athum
ninnu ketteeduka jnjaanappenne! Theeyyan kanakkane kandennaal
kayyode aattiyakattunnu,
ayyo thadukkuvaan naayarilla, thanre
kayyilumundithu yogappenne! Appol
vayyaathadukkuvaan jnjaanappenne! Kanakkan pulayane kandennaal
kanakkil pulampiyakattunnu
pinakkam vendennoru thiyyannurakkaamo? Vanangande kanakkanmaar yogappenne! Enthu
gunam kettanaachaaram jnjaanappenne! Pulayan parayanumullaadanum
thalathallimarikkunnu theendalmoolam,
phalamenthaanithukondu hinthuvamshamkettu
balamillaathaakunnu yogappenne! Theendal
nilacchaale gunamulloo jnjaanappenne! Naattin gunatthinnu nampoorimaar
vittukalayanam theendicchattam
kettavarkettavar pinneyeeyaachaaram
thottilerinjeedum yogappenne! Gunam
kittumennaaludan jnjaanappenne! Malayaalaraajyatthu nampoorimaar
thalayaalikalalle, kshathriyarum
sthalakaalam nokkeetteettheendal kurakkaanjaal
nila thettaathirikkumo yogappenne! Hinthu
kulamokke mudinjidum jnjaanappenne! Anthyajanaaya parayan polum
"ventheenja"yittu varunnaneram
enthe vilakkaatthu ventheenja maahaathmyam
chinthicchittaakayo yogappenne! Entho
enthorandha vishvaasangal jnjaanappenne! Vaaraanasi kanda vaalaneyum
chaare nadannaaladicchodikkum
nere vaaraappuzhapalliyil poyone
yaarum thadukkilla yogappenne! Ethil
cherumee nyaayangal jnjaanappenne! Raamaayanangal padticcha theeyyan
raama naarkkum vazhimaaridenam
thomanaayaalavan vazhimaaricchaakenda
kemanaayippoyi yogappenne! Nokka
romaa maahaathmyangal jnjaanappenne! Ayyarennulla perumparayan
theeyyareppedicchu pandorikkal
mayyayil poyi thiricchuvannannera
mayyaavumaappila yogappenne! Thellum
vayyaa chirikkuvaan jnjaanappenne! Vaakky potthikkondu"thampraakkale! Kaakkane"yennu parayunnavar
vekkam varaappuzhacchennu varunneram
nikkakkalli kitti yogappenne! Appo
lokke “menokkacchan” jnjaanappenne! Anthananmaar nija bhaktharaakum
hinthu janangaleyaattiyotti
ventheenja chaartthicchu chaare vilikkunna
thenthoru saahasam yogappenne! Ullu
venthupokunnallo jnjaanappenne! Utthama hinthu matha mathila
nnutthamaamgangalennothunnavar,
chithravarnnangalaayidumaparaamga
vartthilokangale yogappenne! Thellu
shathrukkalaakkaamo jnjaanappenne! Utthamaamgamkondaparaamgam
kotthicchalukkikkalanjennaal
atthalundaakumakkekiyekkaanunna
martthyarchiricchidum yogappenne! Ithu്
hrutthil vaccheeduka jnjaanappenne! Aalavattatthil mudikalilum
peeli nirakal vilasum pole
naaluvarnnangalum chernnu mathaanthare
kaaluvaccheedunnu yogappenne! Appol
thaalolikkum chilar jnjaanappenne! Aaryapuraathana hinthumatha
saarangalokkepparishodhicchaal
saaramilla theendalajnjaanamoortthiye
nnaarum paranjidum yogappenne! Chila
kaaranam kelkkuka jnjaanappenne! Pandu shreeraamanum lakshmananum
vandaniveni videhajayum
thaandiyille sarayoonnadiyaappokkil
thanduvalicchathaar ? Yogappenne ! Annu
theendikkuliyundo? Jnjaanappenne! Shrumgiveraadhipanaakum guhan
thumgaprathaapanidhiyarayan
angineyaayittum shreeraamasvaamiyaa
limganam cheythille? Yogappenne ! Enthu
mamgalamakkaalam jnjaanappenne! Pattaabhishekasamayatthilum
koottatthilaagguhan vannirunnu
pattanmaarennalla nampoothirimaarum
maattikkalanjilla yogappenne ! Okke
tthottu thinnum poyi jnjaanappenne! Mukkannadevan madhurayinkal
mikkathum leelayaayu vaanakaalam
mukkuvatthiykku pudava muricchittu
maarkkatthilaakkiyo, yogappenne ! Jaathi
neekki nirtthiyo? Jnjaanappenne! Kaaliyarayatthi pettathalle
keliyerum vyaasa maamuniye? Naaleekanethraye shanthanu raajaavum
velikazhicchille yogappenne ! Athra
kolaakkiyo theendal? Jnjaanappenne! Aa vadhoomaanikyam kaaliyamma
shreevasuraajasuthayennaalum
dheevaranmaarude choruthinnallayo
youvanamaayathu? Yogappenne ! Ethra
chovvulla naalathu jnjaanappenne! Kuratthiye vettille subrahmanyan
kuraventhaanathukondu cholleeduvin,
niranja paraashakthi thannamshabhoothangal
kuravanum vipranum yogappenne ! Aarkkum
kuravillennariyenam jnjaanappenne! Ottu perundallo panchabhootha
kkettidamokkeyashuddhamaakkaan;
thottukoodaa mahaa paapikalaanavar
aattiyakattuka yogappenne ! Gunam
kittumennaaludan jnjaanappenne! Kaamapparayan karimparayan
kshemattharuvinnidivaalum,
aa mahaa paapiyeyodicchakattunno
reemaheevaanavar yogappenne ! Pinne
aamayamillallo jnjaanappenne! Krodhapparayan kodumparayan
bodhavilakkin kodunkaattu
medhaavikalaa shvapachane vegatthil
rodhicchu nirtthanam yogappenne ! Ennaal
baadhakamillallo jnjaanappenne! Odikka lobhapparayaneyum
chaadikkathodum thurakalilum
thedikkolkeeshvara paadangaleppozhum
koodikkolkaanandam yogappenne mandam
vaadikkuzhangenda jnjaanappenne! Mohappulayane kannil kandaal
haahaaravam podi paattikkolka
moham muzhutthu samasrushdiyetthellum
drohicchu pokalle yogappenne ! Ellaa
dehangalum shari jnjaanappenne! Undu madamannorullaadan
randu kaatham vazhi maarittavan,
kandu koodaamappolaanandaveedinre
thandum thaazhum poottum yogappenne sukha
mundithil paarkkuvaan jnjaanappenne! Kannilasooyaasuranekkandaal
thonnooradiyaattiyodikkanam
khandicchavaneyakattumpolullile
kannuthelinjeedum yogappenne! Mahee
vinnavanmaaravar jnjaanappenne! Maathsaryamennaparayaneyum
ulsrajicchaale bhavikamulloo
valsalathvam sahajeevikalilcherkku
bharthseekkaruthallo yogappenne! Entho
ruthsavamaanennaal jnjaanappenne! Munpil charikkum vichaarashishyan
dambhatthineyaattippaayikkatte,
thampuraan shaambhavadeepavum sookshicchu
sthambhampol vaazhuka yogappenne! Appol
kumpidumellaarum jnjaanappenne! Paarththivanmaarkkum dharaasurarkkum
svaarththaparathvam muzhukkukayaal
paartthalamokkepparaadheenamaayennu
paartthaalarinjeedaam yogappenne ortthi
ttaartthi muzhukkunnu jnjaanappenne! Eeyinthyaa raajyamadacchu munnam
sthaayiyode hinthubhoopar kaatthu
aayadhikaarangal jaathibhedam moolam
maayukayum cheythu yogappenne! Ethra
peyaaniyajnjaanam jnjaanappenne! Bhoovarannampoori naayanmaarum
dheevaran theeyyanmaaraa shaarikal
eevidhamere vakuppukalaayappol
bhaavabhedammootthu yogappenne vegam
dyvakopamvannu jnjaanappenne
jaathibhedatthaa lanykamathya
ppaathiraakkooril malayaalam
paathiyilere maranjuvarunnenna
khyaathiyum varddhicchu yogappenne athu
bheethikkedayaakki jnjaanappenne
hinthulokangalkku thammilthammil
aantharasnehamillennavruttham
hantha! Dharicchupalevazhikkum pari
panthikal vannetthi yogappenne koode
lanthayum vannallo jnjaanappenne
appo! Palapalajaathikalaa
ykkelpporumkeliyum theernnamoolam
ippaaradakkuvaan naanaadikkilninnum
maappilamaar vannu yogappenne koode
dippuvum vannallo jnjaanappenne
akkaalam hinthukkal theendalinre
thrukkaalum nampiyirikkukayaal
thokkaayudhamaakki naadadakkaan chila
“kokkaayikal” vannu yogappenne vegam
makkaaliyumetthi jnjaanappenne
pattaanimaarkkum parankikalkkum
kittathe yeeraajyamenkoymakal
britteeshinaakkikkoduttha dyvamkrupaa
vrushdipradan thanne yogappenne ippol
thushdanmaaraayinaam jnjaanappenne
hinthumathatthe iniyenkilum
antharamennye paripaalikkaan
anthananmaarum nrupanmaarum koodiyaal
chinthapol saadhikkum yogappenne! Appol
bandhukkalaayokke jnjaanappenne! Mikka vydeekarum bhoopaalarum
thankazhal kooppumitharanmaarum
okke hinthukkalil praamaanyamullavar
okkanamekathra yogappenne! Enni
ttorkkanam kaaryangal jnjaanappenne! Theendikkuliyini vendayennum
theendaattaruthini melilennum
undaakkanam chattamanneramaashvaasa
mundaakumundaakum yogappenne! Matham
kondaadi varddhikkum jnjaanappenne! Koottatthil ninnu vilakki nirtthal
bhrashdukalum praayanchitthangalum
ottu kuraykkanamennum sameecheena
chattamundaakkanam yogappenne! Matham
pettennuyarnneedum jnjaanappenne! Vydikar thottamahaashayanmaar
vaadam kalanjithupole cheythaal
khedangalellaamakalumenne mamga
lodayamundaavoo yogappenne! Yoga
kshemavum varddhikkum jnjaanappenne! Theendalaakum dashakandharanre
kandtam murikkum karunaakaran
indalenye maadaraajaadhiraajanaam
randaam raghuvaran yogappenne! Vaazhka
venduvolam kaalam jnjaanappenne! Atthirumeniyittheendicchattam
ethra kuraykkunnanudivasam
utthamadrushdaanthamonnu randallo
patthu nooraayiram yogappenne! Sathya
vetthaaveetthampuraan jnjaanappenne! Jaathiyileezhavanennaalum
neethiyum vidyayumullaaline
bhoothiyarulunnu*jadjiyaayu vaykkunnu
khyaathi kootteedunnu yogappenne! Ethra
neethimaaniddheham jnjaanappenne! Sheelagunavum padtippumulla
vaalanum thacchanum paananmaarkkum
joli kalppikkunnu thrukkan pathikkunnu
paalikkunnu nithyam yogappenne! Sathya
lolupaneenrupan jnjaanappenne! Punartham thirunaalavathariccha
gunaganasankethameenrupathi
anayumajnjaanangal neekkiyeeraajyatthe
ghrunayaa bharikkatte yogappenne! Nallo
runarvaakatte naattil jnjaanappenne! Vaazhatte vaazhatte maadabhoopan
vaazhatte vaazhatte raamavarmman
vaazhatte vaazhatteji. Si. Ai. I. Bhoopan
vaazhatte vaazhatte yogappenne! Theendal
thaazhatte thaazhatte jnjaanappenne! Vanchivasudhaavalaakaanthanre
kinchana kaarunyamundaakumpol
panchathvam cherumee theendikkulicchattam
nenchakam shuddhamaam yogappenne! Loka
vanchanayallithu jnjaanappenne! Vaazhuka vaazhuka vanchibhoopan
vaazhuka vaazhuka moolarkshajan
vaazhuka vaazhuka dharmmakshamaavaran
vaazhuka vaazhuka yogappenne! Theendal
thaazhuka thaazhuka jnjaanappenne! Marmmam pilarkkunna haahaaravam
ormmayullaalukal nirtthiyennaal
narmmamallallo thiruvithaamkoorannu
dharmmakshithiyaakum yogappenne! Vegam
sharmmavum varddhikkum jnjaanappenne! Shakthiporenkilum hinthumatha
sakthimuzhakkuka kondivannam
yukthi paranjathil thettundenkil theertthu
mukthiyaruluka yogappenne! Paraa
shakthi thunaykkuka jnjaanappenne!