▲ അന്ത്യ സമാധാനം ബാഷ്പാഞ്ജലി
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ അന്ത്യ സമാധാനം ബാഷ്പാഞ്ജലി
കാമുകൻ:
പറയുകെല്ലാം; മടിക്കേണ്ട നീ, യതിൽ
പരിഭവിക്കുവോനല്ല ഞാനോമലേ!
തവ ഹൃദയമൊളിവിൽ കവർന്നവ
നുലകിലേവനാ, ണോതുകെന്നോടു നീ!
പ്രണയിനി:
മമ മനോരഥദീപമേ, മാമക
ചപലതയ്ക്കു നീ മാപ്പു നൽകേണമേ!
അതികുമതിയാമേകനാലീവിധം
തരള ചിത്ത ഞാൻ വഞ്ചിതയായ്, വിഭോ!
വിവിധവർണ്ണങ്ങൾ വീശുന്നൊരന്തിതൻ
യവനികയ്ക്കു പിൻപൊക്കെത്തമോമയം.
അബല ഞാനെന്തറിയുന്നു? ലേശവു
മറിവിയലാത്തൊരേഴയല്ലല്ലി ഞാൻ?
ഒരു മരീചികയാണവൻ, കശ്മലൻ
പുതുനിലാവിന്‍റെ രൂപമെടുത്തവൻ!
* * *
പ്രണയശീതളം, ഞാനതിരമ്യമാ
മഭയകേന്ദ്രമൊന്നാരാഞ്ഞുപോകവേ;
'ഇവിടെയോമലേ, പോരിക, പോരികെ'
ന്നൊരു മധുരക്ഷണം കേട്ടു പിന്നിലായ്.
തലതിരിച്ചു ഞാൻ എന്തെന്തു വിസ്മയം!
തരുണനേകനാ,ണാകാരകോമളൻ!
മൃദുലമന്ദസ്മിതാശ്ലേഷിതാധരൻ
പ്രണയലോലകിരണോൽക്കരോജ്ജ്വലൻ!
മമ മിഴികളാ ദുർല്ലഭകാന്തിതൻ
മധുര ചുംബനമേറ്റേറ്റു മങ്ങവെ,
പ്രകടമൂകമാം മാന്ത്രികശ്ക്തിയാൽ
സകലതും, ഹാ, മറന്നു വിശ്വത്തിൽ ഞാൻ!
സ്ഥിതിഗതികൾതൻ സൂഷ്മനിരീക്ഷണ
കുതുകമെന്നിലുദിപ്പതിന്മുന്നിലായ്,
ഒരു നിമിഷത്തിനുള്ളിലപ്പാപിതൻ
കരവലയത്തിലായിക്കഴിഞ്ഞു ഞാൻ.
* * *
നിമിഷങ്ങളാം കൊച്ചു നീർപ്പോളകൾ
യുഗസഹസ്രമഹാബ്ധികളാകവേ;
കരളുഞെട്ടിപ്പിടഞ്ഞൊന്നുണർന്നു ഞാൻ
കഥയിതെ,ന്തവൻ മുന്നിലൊണ്ടപ്പൊഴും!
എവിടെയാണെൻ വിമോചനം? ഗൂഢമാ
യെവിടെ നിൽപിതെന്നുദ്ധാരണോദ്യമം?
ഇതുവരെ ഞാൻ ശയിച്ചതു ചന്ദന
ത്തണലില,ല്ലെരിവെയ്ലിലാണദ്ഭുതം!
ഉദയരശ്മിയ,ല്ലയേ്യാ,ചപലമാം
നിഴലിനെയാണു പുൽകിയതൊക്കെ ഞാൻ!
ഇതു വെറും സ്വപ്ന,മെന്നെച്ചതിച്ചു, ഞാൻ
തിരവതെങ്ങിനി നിന്നെ, യാഥാർത്ഥ്യമേ?
അമൃതകല്ലോലമെന്നോർത്തുപോയി ഞാ
നതിഭയങ്കര പാഷാണദീപ്തിയെ!
* * *
അകലെ വാരുണദിക്കിലെല്ലാടവു
മരുണിമ വീശുമന്തിമസന്ധ്യയിൽ
വിവിധചിന്താവിവശയായേകയായ്
വിജനവാടിയിൽ ഞാനിരുന്നീടവേ;
ചൊകചൊകയായ് വിദൂരത്തു ചിന്നിയ
മുകിൽനിരകൾക്കിടയിലൂടങ്ങനെ,
തെളിയുമാകാശനീലിമയ്ക്കുള്ളിലായ്
ക്കിളരുമക്കൊച്ചുവെള്ളിനക്ഷത്രവും,
അകലെയന്തരീക്ഷത്തിലവ്യക്തമാ
യിളകുമാവൽച്ചിറകടിയൊച്ചയും,
അരുളുമാറുണ്ടു നിശ്ശബ്ദമെന്നൊട
ത്യനഘമായിടുമേതോ സമാഗമം.
പിടയുമാറുണ്ടു കെട്ടിപ്പിടിക്കുവാ
നിടറിയോടുമൊരു വെളിച്ചത്തെ ഞാൻ!
ഝടിതികൈനീട്ടി മുന്നിലേയ്ക്കാഞ്ഞിടാ
നുഴറിടാറുണ്ടറിയാതെതന്നെ ഞാൻ!
കാമുകൻ:
പറയുകെല്ലാം, മടിക്കേണ്ട നീ, യതിൽ
പരിഭവിക്കുവോനല്ല ഞാനോമലേ!
അവിടെ നിന്നെ പ്രതീക്ഷിച്ചുകൊണ്ടുഞാ
നണകയാണെന്നറിഞ്ഞിരുന്നില്ലയോ?
പ്രണയിനി:
അതു ശരിയായ് ഗഹിച്ചുഞാനെങ്കിലു
മവിടെയപ്പൊഴും നിന്നിതക്കശ്മലൻ.
അവശചിത്തയായാവിലനേത്രയാ
യവനതാസ്യയായ് നിൽക്കുമെന്നോടവൻ
അരുളിയാമന്ദമേവം: "ആരോമലേ,
കിരണമല്ല,തൊരുവെറും പാഴ്നിഴൽ!
അഭയദായകമല്ല നിനക്കതു
പഴുതെയേവം ഭ്രമിക്കായ്ക, കണ്മണി!
അതിഭയങ്കരൻ, ധൂർത്തൻ, വിലക്ഷണ,
നലിവെഴാത്തവ, നത്യന്തകശ്മലൻ
അവനെയോർക്കരു,തങ്ങോട്ടു നോക്കരു,
തമിതശല്യമരുളുവോനാണവൻ.
വരികെഴുന്നേൽക്ക,സ്വൈരമിക്കോമള
വനികയിൽ നമുക്കൊന്നിച്ചലഞ്ഞിടാം!
ഇതിലുപരിയായ് മേലിൽ നമുക്കിനി
സ്സുഖവിഭവാനുഭൂതി നുകർന്നിടാം! "å
അനുപദമതും സമ്മതിച്ചക്ഷണ
മവിടെനിന്നും പിടഞ്ഞെഴുന്നേറ്റു ഞാൻ.
ഒടുവിലെന്തി,നെൻ ബാഹ്യസൗന്ദര്യമ
ക്കപടകാമുകനാസ്വാദനാങ്കമായ്.
അതുമുഴുവൻ ക്രമേണ മാഞ്ഞങ്ങനെ
പുതുമയില്ലാത്ത വസ്തുവായ്ത്തീർന്നു ഞാൻ.
ചപലനെന്നെ വെടിഞ്ഞുടൻ നിർദ്ദയ
നെവിടെയോ ചെന്നൊളിച്ചു, ഹാ, ദുർന്നയൻ.
അവനിനിയും ലഭിക്കാതിരിക്കുമോ
ചതിയറിയാത്ത തൈപ്പെൺകൊടികളെ?
മധു നശിച്ച മലരിനെയെന്തിനായ്
മധുകരം പേർത്തും കെട്ടിപ്പുണരണം?
കാമുകൻ:
അമലേ, നീയൊരു പാഴ്മലര,ല്ലവ
നതുവിധം നിന്നെത്തെറ്റിദ്ധരിച്ചുപോയ്;
ക്ഷണികമായ നിൻ ബാഹ്യസൗന്ദര്യമേ
കരുതിയതുള്ളു, കഷ്ട ,മാ വഞ്ചകൻ!
കുസുമമല്ലെനി,ക്കായതിനുള്ളിലെ
ക്കുളിർപരിമളം മാത്രമാകുന്നു നീ.
അതുനുകർന്നാൽ നശിക്കുന്നത,ല്ലതിൻ
പുതുമ ലേശവും മായില്ലൊരിക്കലും!
ഇനി വിഷാദിച്ചിടേണ്ട നീ യോമനേ,
തവ യഥാർത്ഥ കമിതാവിതാ, വരൂ!!
* * *
അവൾ തല ചായ്ച്ചു; സൗരയൂഥങ്ങളിൽ
വഴികയായൊരു സംഗീതസാന്ത്വനം;
ഇരുളകന്നുടൻ കാലദേശാദിയ
റ്റൊരു വെളിച്ചം പരന്നു, മനോഹരം!!
Manglish Transcribe ↓
Changampuzha krushnapilla=>▲ anthya samaadhaanam baashpaanjjali
kaamukan:
parayukellaam; madikkenda nee, yathil
paribhavikkuvonalla njaanomale! Thava hrudayamolivil kavarnnava
nulakilevanaa, nothukennodu nee! Pranayini:
mama manorathadeepame, maamaka
chapalathaykku nee maappu nalkename! Athikumathiyaamekanaaleevidham
tharala chittha njaan vanchithayaayu, vibho! Vividhavarnnangal veeshunnoranthithan
yavanikaykku pinpokketthamomayam. Abala njaanenthariyunnu? Leshavu
mariviyalaatthorezhayallalli njaan? Oru mareechikayaanavan, kashmalan
puthunilaavinre roopamedutthavan!
* * *
pranayasheethalam, njaanathiramyamaa
mabhayakendramonnaaraanjupokave;
'ivideyomale, porika, porike'
nnoru madhurakshanam kettu pinnilaayu. Thalathiricchu njaan enthenthu vismayam! Tharunanekanaa,naakaarakomalan! Mrudulamandasmithaashleshithaadharan
pranayalolakiranolkkarojjvalan! Mama mizhikalaa durllabhakaanthithan
madhura chumbanamettettu mangave,
prakadamookamaam maanthrikashkthiyaal
sakalathum, haa, marannu vishvatthil njaan! Sthithigathikalthan sooshmanireekshana
kuthukamenniludippathinmunnilaayu,
oru nimishatthinullilappaapithan
karavalayatthilaayikkazhinju njaan.
* * *
nimishangalaam kocchu neerppolakal
yugasahasramahaabdhikalaakave;
karalunjettippidanjonnunarnnu njaan
kathayithe,nthavan munnilondappozhum! Evideyaanen vimochanam? Gooddamaa
yevide nilpithennuddhaaranodyamam? Ithuvare njaan shayicchathu chandana
tthanalila,lleriveylilaanadbhutham! Udayarashmiya,llaye്yaa,chapalamaam
nizhalineyaanu pulkiyathokke njaan! Ithu verum svapna,mennecchathicchu, njaan
thiravathengini ninne, yaathaarththyame? Amruthakallolamennortthupoyi njaa
nathibhayankara paashaanadeepthiye!
* * *
akale vaarunadikkilellaadavu
marunima veeshumanthimasandhyayil
vividhachinthaavivashayaayekayaayu
vijanavaadiyil njaanirunneedave;
chokachokayaayu vidooratthu chinniya
mukilnirakalkkidayiloodangane,
theliyumaakaashaneelimaykkullilaayu
kkilarumakkocchuvellinakshathravum,
akaleyanthareekshatthilavyakthamaa
yilakumaavalcchirakadiyocchayum,
arulumaarundu nishabdamennoda
thyanaghamaayidumetho samaagamam. Pidayumaarundu kettippidikkuvaa
nidariyodumoru velicchatthe njaan! Jhadithikyneetti munnileykkaanjidaa
nuzharidaarundariyaathethanne njaan! Kaamukan:
parayukellaam, madikkenda nee, yathil
paribhavikkuvonalla njaanomale! Avide ninne pratheekshicchukondunjaa
nanakayaanennarinjirunnillayo? Pranayini:
athu shariyaayu gahicchunjaanenkilu
mavideyappozhum ninnithakkashmalan. Avashachitthayaayaavilanethrayaa
yavanathaasyayaayu nilkkumennodavan
aruliyaamandamevam: "aaromale,
kiranamalla,thoruverum paazhnizhal! Abhayadaayakamalla ninakkathu
pazhutheyevam bhramikkaayka, kanmani! Athibhayankaran, dhoortthan, vilakshana,
nalivezhaatthava, nathyanthakashmalan
avaneyorkkaru,thangottu nokkaru,
thamithashalyamaruluvonaanavan. Varikezhunnelkka,svyramikkomala
vanikayil namukkonnicchalanjidaam! Ithilupariyaayu melil namukkini
sukhavibhavaanubhoothi nukarnnidaam! "å
anupadamathum sammathicchakshana
mavideninnum pidanjezhunnettu njaan. Oduvilenthi,nen baahyasaundaryama
kkapadakaamukanaasvaadanaankamaayu. Athumuzhuvan kramena maanjangane
puthumayillaattha vasthuvaayttheernnu njaan. Chapalanenne vedinjudan nirddhaya
nevideyo chennolicchu, haa, durnnayan. Avaniniyum labhikkaathirikkumo
chathiyariyaattha thyppenkodikale? Madhu nashiccha malarineyenthinaayu
madhukaram pertthum kettippunaranam? Kaamukan:
amale, neeyoru paazhmalara,llava
nathuvidham ninnetthettiddharicchupoyu;
kshanikamaaya nin baahyasaundaryame
karuthiyathullu, kashda ,maa vanchakan! Kusumamalleni,kkaayathinullile
kkulirparimalam maathramaakunnu nee. Athunukarnnaal nashikkunnatha,llathin
puthuma leshavum maayillorikkalum! Ini vishaadicchidenda nee yomane,
thava yathaarththa kamithaavithaa, varoo!!
* * *
aval thala chaaycchu; saurayoothangalil
vazhikayaayoru samgeethasaanthvanam;
irulakannudan kaaladeshaadiya
ttoru veliccham parannu, manoharam!!