▲ ആത്മരഹസ്യം ബാഷ്പാഞ്ജലി
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ ആത്മരഹസ്യം ബാഷ്പാഞ്ജലി
ആ രാവിൽ നിന്നോടു ഞാനോതിയ രഹസ്യങ്ങ
ളാരോടുമരുളരുതോമലെ, നീ!
താരകാകീർണ്ണമായ നീലാംബരത്തിലന്നു
ശാരദശശിലേഖ സമുല്ലസിക്കെ;
തുള്ളിയുലഞ്ഞുയർന്നു തള്ളിവരുന്ന മൃദു
വെള്ളിവലാഹകകൾ നിരന്നുനിൽക്കെ;
നർത്തനിരതകൾ,പുഷ്പിതലതികകൾ
നൽത്തളിർകളാൽ നമ്മെത്തഴുകീടവെ;
ആലോലപരിമളധോരണിയിങ്കൽ മുങ്ങി
മാലേയാനിലൻ മന്ദമലഞ്ഞുപോകെ;
നാണിച്ചു നാണിച്ചെന്‍റെ മാറത്തു തല ചായ്ച്ചു
പ്രാണനായികേ, നീയെന്നരികിൽ നിൽക്കെ;
രോമാഞ്ചമിളകും നിൻഹേമാംഗകങ്ങൾതോറും
മാമകകരപുടം വിഹരിക്കവെ;
പുഞ്ചിരിപൊടിഞ്ഞ നിൻ ചെഞ്ചൊടിത്തളിരിലെൻ
ചുംബനമിടയ്ക്കിടയ്ക്കമർന്നീടവെ;
നാമിരുവരുമൊരു നീലശിലാതലത്തിൽ
നാകനിർവൃതി നേടിപ്പരിലസിക്കെ
ആ രാവിൽ നിന്നോടു ഞാനോതിയ രഹസ്യങ്ങ
ളാരോടുമരുളരുതോമലെ, നീ!
വേദന സഹിയാത്ത രോദനം തുളുമ്പീടും
മാമകഹൃദയത്തിൻ ക്ഷതങ്ങൾ തോറും,
ആദരസമന്വിതമാരുമറിയാതൊരു
ശീതളസുഖാസവം പുരട്ടിമന്ദം,
നീയെന്നെത്തഴുകവേ ഞാനൊരുഗാനമായി
നീലാംബരത്തോളമുയർന്നു പോയി!
സങ്കൽപസുഖത്തിനും മീതെയായ് മിന്നും ദിവ്യ
മംഗളസ്വപ്നമേ, നിന്നരികിലെത്താൻ
യാതൊരുകഴിവുമില്ലാതെ, ഞാനെത്രകാല
മാതുരഹൃദയനായുഴന്നിരുന്നു!
കൂരിരുൾനിറഞ്ഞൊരെൻജീവിതം പൊടുന്നനെ
ത്താരകാവൃതമായിച്ചമഞ്ഞ നേരം,
ആ വെളിച്ചത്തിൽ നിന്നെക്കണ്ടുഞാൻ, ദിവ്യമമൊ
രാനന്ദരശ്മിയായെന്നരികിൽത്തന്നെ!
മായാത്തകാന്തി വീശും മംഗളകിരണമേ,
നീയൊരു നിഴലാണെന്നാരു ചൊല്ലി?
അല്ലില്ല വെളിച്ചമേ, നിന്നെഞാനറിഞ്ഞതി
ല്ലല്ലലിൽ മൂടിനിൽക്കുമാനന്ദമേ!
യാതൊന്നും മറയ്ക്കാതെ, നിന്നോടു സമസ്തവു
മോതുവാൻ കൊതിച്ചു നിന്നരികിലെത്തി,
കണ്ണുനീർക്കണികകൾ വീണു നനഞ്ഞതാം നിൻ
പൊന്നലർക്കവിൾക്കൂമ്പു തുടച്ചു,മന്ദം,
ആ രാവിൽ നിന്നോടു ഞാനോതിയ രഹസ്യങ്ങ
ളാരോടുമരുളരുതോമലെ, നീ!
* * *
എന്നാത്മരഹസ്യങ്ങളെന്തും ഞാൻ നിന്നോടോതും;
മന്നിനായതു കേട്ടിട്ടെന്തു കാര്യം?
ഭൂലോകമൂഢരായി നമ്മെയിന്നപരന്മാർ
പൂരിതപരിഹാസം കരുതിയേയ്ക്കാം.
സാരമില്ലവയൊന്നും സന്തതം, മമ ഭാഗ്യ
സാരസർവ്വസ്വമേ, നീയുഴന്നിടേണ്ട!
മാമകഹൃദയത്തിൽ സ്പന്ദനം നിൽക്കുവോളം
പ്രേമവുമതിൽത്തിരയടിച്ചു കൊള്ളും!
കൽപാന്തകാലം വന്നൂ ഭൂലോകമാകെയോരു
കർക്കശസമുദ്രമായ് മാറിയാലും,
അന്നതിൻമീതെയലതല്ലിയിരച്ചുവന്നു.
പൊങ്ങിടുമോരോ കൊച്ചു കുമിളപോലും,
ഇന്നു മന്മാനസത്തിൽത്തുള്ളിത്തുളുമ്പിനിൽക്കും
നിന്നോടുള്ളനുരാഗമായിരിക്കും!
രണ്ടല്ല നീയും ഞാനു,മൊന്നായിക്കഴിഞ്ഞല്ലോ!....
വിണ്ടലം നമുക്കിനി വേറെ വേണോ?
ആരെല്ലാം ചോദിച്ചാലു, മാരെല്ലാം മുഷിഞ്ഞാലും,
മാരെല്ലാം പരിഭവം കരുതിയാലും,
ആ രാവിൽ നിന്നോടു ഞാനോതിയ രഹസ്യങ്ങ
ളാരോടുമരുളരുതോമലെ, നീ!
Manglish Transcribe ↓
Changampuzha krushnapilla=>▲ aathmarahasyam baashpaanjjali
aa raavil ninnodu njaanothiya rahasyanga
laarodumarularuthomale, nee! Thaarakaakeernnamaaya neelaambaratthilannu
shaaradashashilekha samullasikke;
thulliyulanjuyarnnu thallivarunna mrudu
vellivalaahakakal nirannunilkke;
nartthanirathakal,pushpithalathikakal
naltthalirkalaal nammetthazhukeedave;
aalolaparimaladhoraniyinkal mungi
maaleyaanilan mandamalanjupoke;
naanicchu naanicchenre maaratthu thala chaaycchu
praananaayike, neeyennarikil nilkke;
romaanchamilakum ninhemaamgakangalthorum
maamakakarapudam viharikkave;
punchiripodinja nin chenchoditthalirilen
chumbanamidaykkidaykkamarnneedave;
naamiruvarumoru neelashilaathalatthil
naakanirvruthi nedipparilasikke
aa raavil ninnodu njaanothiya rahasyanga
laarodumarularuthomale, nee! Vedana sahiyaattha rodanam thulumpeedum
maamakahrudayatthin kshathangal thorum,
aadarasamanvithamaarumariyaathoru
sheethalasukhaasavam purattimandam,
neeyennetthazhukave njaanorugaanamaayi
neelaambarattholamuyarnnu poyi! Sankalpasukhatthinum meetheyaayu minnum divya
mamgalasvapname, ninnarikiletthaan
yaathorukazhivumillaathe, njaanethrakaala
maathurahrudayanaayuzhannirunnu! Koorirulniranjorenjeevitham podunnane
tthaarakaavruthamaayicchamanja neram,
aa velicchatthil ninnekkandunjaan, divyamamo
raanandarashmiyaayennarikiltthanne! Maayaatthakaanthi veeshum mamgalakiraname,
neeyoru nizhalaanennaaru cholli? Allilla velicchame, ninnenjaanarinjathi
llallalil moodinilkkumaanandame! Yaathonnum maraykkaathe, ninnodu samasthavu
mothuvaan kothicchu ninnarikiletthi,
kannuneerkkanikakal veenu nananjathaam nin
ponnalarkkavilkkoompu thudacchu,mandam,
aa raavil ninnodu njaanothiya rahasyanga
laarodumarularuthomale, nee!
* * *
ennaathmarahasyangalenthum njaan ninnodothum;
manninaayathu kettittenthu kaaryam? Bhoolokamooddaraayi nammeyinnaparanmaar
poorithaparihaasam karuthiyeykkaam. Saaramillavayonnum santhatham, mama bhaagya
saarasarvvasvame, neeyuzhannidenda! Maamakahrudayatthil spandanam nilkkuvolam
premavumathiltthirayadicchu kollum! Kalpaanthakaalam vannoo bhoolokamaakeyoru
karkkashasamudramaayu maariyaalum,
annathinmeetheyalathalliyiracchuvannu. Pongidumoro kocchu kumilapolum,
innu manmaanasatthiltthullitthulumpinilkkum
ninnodullanuraagamaayirikkum! Randalla neeyum njaanu,monnaayikkazhinjallo!.... Vindalam namukkini vere veno? Aarellaam chodicchaalu, maarellaam mushinjaalum,
maarellaam paribhavam karuthiyaalum,
aa raavil ninnodu njaanothiya rahasyanga
laarodumarularuthomale, nee!