▲ ഏകാന്തചിന്ത ഓണപ്പൂക്കൾ
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ ഏകാന്തചിന്ത ഓണപ്പൂക്കൾ
മങ്ങുന്നു, മായുന്നു, ജീവിതപ്പൂവിന്‍റെ
ഭംഗിയും കാന്തിയും ദു:ഖിച്ചിടുന്നു ഞാൻ!
സങ്കടം ലോകം, തണുത്തു നിർജ്ജീവമായ്
സ്സങ്കൽപവും ഹാ, ഗതിയെനിയ്ക്കെന്തിനി?
ഏകാന്തതയി, ലിരുളിന്‍റെ വക്ഷസ്സി
ലേവം തല ചായ്ച്ചിരുന്നു കേഴട്ടെ ഞാൻ!
കത്തി നിലാത്തിരി, കൂരിരുട്ടിൽക്കുറെ
സ്വപ്നങ്ങൾ പാറീ, തമസ്സായി പിന്നെയും.
നോവുന്നു മാനസ, മെന്തിനായല്ലെങ്കി
ലാവിർഭവിച്ചതസ്വർണ്ണമരീചികൾ?
ഹാ, ലോകദൃഷ്ടിയിൽ, ബ്ഭാഗ്യവാനു, ന്മേഷ
ശീലൻ, സ്ഥിരോത്സാഹി, സർവ്വവുമാണു ഞാൻ;
ഒട്ടും വിചാരിച്ചിരിക്കാതെ നാണയ
ത്തുട്ടുകൾ തത്തിക്കളിപ്പിതെൻ കൈകളിൽ;
ആവശ്യമെന്തും യഥേച്ഛം നിറവേറ്റി
ടാനെനിയ്ക്കില്ല വിഷമമൊരൽപവും;
എൻപടിവാതിൽക്ക, ലെൻപരിചര്യയ്ക്കു
കുമ്പിട്ടുനിൽക്കുന്നു ഭാഗ്യാനുഭൂതികൾ;
എങ്കിലും, നൊന്തിടുന്നെന്തിനോ വേണ്ടിയി
ന്നെൻകര, ളയ്യോ, പരിത്യക്തനാണു ഞാൻ;
അൽപേതരോൽക്കർഷശൃംഗത്തിലാണെത്തി
നിൽപതെന്നാലും പരാജിതനാണു ഞാൻ!
ഇച്ഛിച്ചിടുമ്പോൾ മരിയ്ക്കാൻ കഴിഞ്ഞെങ്കി
ലെത്രമധുരമായ്ത്തീർന്നേനെ ജീവിതം!
ഇല്ല പൊരുത്തം പ്രപഞ്ചവും ഞാനുമാ
യല്ലെങ്കിലെന്തിനീയാത്മഹോമോദ്യമം?
മിഥ്യയാണെന്തും, യഥാർത്ഥമായുള്ളതാ
മൃത്യുമാത്രം ഹാ, മരിയ്ക്കാൻ കൊതിപ്പൂ ഞാൻ!
സ്വപ്നങ്ങൾപോലും ചലനമേകാത്തൊരാ
സ്വർഗ്ഗീയനിത്യസുഷുപ്തിയിലങ്ങനെ,
വിശ്രമിക്കട്ടേ, വിപത്തുകൾ മർദ്ദിച്ചു
വിഹ്വലമാക്കിച്ചമച്ചൊരെൻ ജീവിതം!
ഇല്ല വിലയിന്നാവഴിവക്കിലെ
പ്പുല്ലോളമെങ്കിലും ലോകമേ, പോട്ടെ ഞാൻ!
ഹാ, വെറുക്കപ്പെടാൻമാത്രമാണീശ്വരൻ
ഭൂവിലേയ്ക്കെന്നെ നിയോഗിച്ചതീവിധം.
ശത്രുവായ്ത്തീരുന്നു, ഞാനൊട്ടടുക്കുമ്പൊ
ളുറ്റ ബന്ധുക്കൾക്കുപോലു, മെന്തത്ഭുതം!
സ്നേഹിക്കുവാനില്ലൊരാളും, വിവിക്തമെൻ
ഗഹം തമസ്സിലടിഞ്ഞു വീഴുന്നു ഞാൻ!
നഷ്ടസൌഭാഗ്യസ്മൃതികളിലെങ്കിലു
മൊട്ടിപ്പിടിയ്ക്കാനുമൊത്തിടുന്നില്ല മേ!
വേഗം യവനിക വീണു, വിശ്വത്തിലി
ശ്ശോകാന്തനാടകം തീരാൻ കൊതിപ്പു ഞാൻ! ...
Manglish Transcribe ↓
Changampuzha krushnapilla=>▲ ekaanthachintha onappookkal
mangunnu, maayunnu, jeevithappoovinre
bhamgiyum kaanthiyum du:khicchidunnu njaan! Sankadam lokam, thanutthu nirjjeevamaayu
sankalpavum haa, gathiyeniykkenthini? Ekaanthathayi, lirulinre vakshasi
levam thala chaaycchirunnu kezhatte njaan! Katthi nilaatthiri, kooriruttilkkure
svapnangal paaree, thamasaayi pinneyum. Novunnu maanasa, menthinaayallenki
laavirbhavicchathasvarnnamareechikal? Haa, lokadrushdiyil, bbhaagyavaanu, nmesha
sheelan, sthirothsaahi, sarvvavumaanu njaan;
ottum vichaaricchirikkaathe naanaya
tthuttukal thatthikkalippithen kykalil;
aavashyamenthum yathechchham niravetti
daaneniykkilla vishamamoralpavum;
enpadivaathilkka, lenparicharyaykku
kumpittunilkkunnu bhaagyaanubhoothikal;
enkilum, nonthidunnenthino vendiyi
nnenkara, layyo, parithyakthanaanu njaan;
alpetharolkkarshashrumgatthilaanetthi
nilpathennaalum paraajithanaanu njaan! Ichchhicchidumpol mariykkaan kazhinjenki
lethramadhuramaayttheernnene jeevitham! Illa poruttham prapanchavum njaanumaa
yallenkilenthineeyaathmahomodyamam? Mithyayaanenthum, yathaarththamaayullathaa
mruthyumaathram haa, mariykkaan kothippoo njaan! Svapnangalpolum chalanamekaatthoraa
svarggeeyanithyasushupthiyilangane,
vishramikkatte, vipatthukal marddhicchu
vihvalamaakkicchamacchoren jeevitham! Illa vilayinnaavazhivakkile
ppullolamenkilum lokame, potte njaan! Haa, verukkappedaanmaathramaaneeshvaran
bhoovileykkenne niyogicchatheevidham. Shathruvaayttheerunnu, njaanottadukkumpo
lutta bandhukkalkkupolu, menthathbhutham! Snehikkuvaanilloraalum, vivikthamen
gaham thamasiladinju veezhunnu njaan! Nashdasoubhaagyasmruthikalilenkilu
mottippidiykkaanumotthidunnilla me! Vegam yavanika veenu, vishvatthili
shokaanthanaadakam theeraan kothippu njaan! ...